‘റോസറി ഓൺ ദ ബോർഡേഴ്‌സ്’ വിളി പൂർത്തീകരിക്കാനുള്ള അവസരം: പോളണ്ട് ബിഷപ്പുമാർ

418

പോളണ്ട്: പരിശുദ്ധ അമ്മയുടെ ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിന് നൂറു വയസ് തികയുന്ന വേളയിൽ കത്തോലിക്കർ രാജ്യത്തിന്റെ മോചനത്തിനായി അതിർത്തികളിൽ നടത്തുന്ന സമൂഹജപമാലയിൽ പങ്കെടുക്കണമെന്ന് പോളണ്ടിലെ ബിഷപ്പുമാർ.
ജപമാലരാജ്ഞിയുടെ തിരുനാളും ലെപ്പാന്റോയിലെ യുദ്ധത്തിന്റെ വാർഷികവും ആഘോഷിക്കുന്ന ഒക്ടോബർ ഏഴിന് നടക്കുന്ന ‘റോസറി ഓൺ ദ ബോർഡേഴ്‌സിൽ’ ദശലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ കരുതുന്നത്. ഇസ്ലാമിസേഷനിൽ നിന്ന് യൂറോപ്പിനെ രക്ഷിക്കാനാണ് അന്ന് ലെപ്പാന്റോയിൽ ക്രൈസ്തവർ യുദ്ധം ചെയ്തത്.

രാജ്യത്തിന്റെ അതിർത്തികളിലൂടെ നടക്കുന്ന സമൂഹജപമാലയിൽ ദശലക്ഷം പങ്കെടുക്കുന്ന പക്ഷം ദൈവമഹത്ത്വത്തിന് നേരെ നമ്മുടെ ജനങ്ങളുടെ ഹൃദയം തുറക്കുമെന്ന് സംഘാടകർ ‘റോസറി ഓൺ ദ ബോർഡേഴ്‌സിന്റെ’ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യാതിർത്തിയിൽ നടക്കുന്ന സമൂഹജപമാലയിൽ പങ്കെടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് വീട്ടിലിരുന്നും രോഗികൾക്ക് ആശുപത്രിയിലിരുന്നും ഇടവകാ ജനങ്ങൾക്ക് ദൈവാലയങ്ങളിലിരുന്നും കൊന്തയിൽ പങ്കെടുക്കാമെന്ന് പോളണ്ടിലെ ബിഷപ്പുമാരുടെ കോൺഫറൻസ് വ്യക്തമാക്കി. “നൂറുവർഷം മുൻപ് മൂന്ന് പോർച്ചുഗീസ് കുട്ടികൾക്കാണ് മോചനത്തിന്റെയും അനുതാപത്തിന്റെയും തന്റെ വിമലഹൃദയത്തിനെതിരായ പാപത്തിന്റെ പശ്ചാത്താപത്തിന്റെയും ജപമാലയുടെയും സന്ദേശം പരിശുദ്ധ അമ്മ നൽകിയത്. ആ വിളി പൂർത്തീകരിക്കാനുള്ള പ്രത്യേക അവസരമാണ് രാജ്യാതിർത്തിയിൽ നടക്കുന്ന ജപമാല”. ബിഷപ്പുമാർ പറഞ്ഞു.