ലാസ്‌വേഗസ് ‘അഭിഷേകാഗ്‌നി’ ഓഗസ്റ്റ് ആറുമുതൽ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

416

 

ലാസ്‌വേഗസ്: അഭിഷേകാഗ്‌നി വർഷത്തിനായുള്ള ലാസ്‌വേഗാസ് നഗരത്തിന്റെ പ്രാർത്ഥനാപൂർവമുള്ള കാത്തിരിപ്പ് സഫലമാകാൻ ഇനി ദിനങ്ങൾമാത്രം. ഓഗസ്റ്റ് ആറുമുതൽ ഒൻപതുവരെയുള്ള അഭിഷേകാഗ്‌നി കൺവെൻഷൻ അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ടീമിൽ പ്രശസ്ത വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ എന്നിവരും പങ്കുചേരും. സെഹിയോൻ യൂത്ത് മിനിസ്ട്രി ടീമിലെ ഐനിഷ് ഫിലിപ്പാണ് യുവജനങ്ങൾക്കുവേണ്ടിയുള്ള ധ്യാനം നയിക്കുക.

മുതിർന്നവർ, യുവജനങ്ങൾ, കൗമാരക്കാർ, കുട്ടികൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ ഉണ്ടാകും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരത്തിൽപ്പരം പേർ പങ്കെടുക്കുന്ന കൺവൻഷന് വേദിയൊരുങ്ങുന്നത് ലാസ്‌വേഗസിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററുകളിലൊന്നായ അലക്‌സിസ് പാർക്ക് റിസോർട്ടാണ്.

കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യവും റിസോർട്ടിൽ തന്നെ സംഘാടകർ പ്രത്യേകം സജീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആറ് ഉച്ചകഴിഞ്ഞ് 2.00 ആരംഭിക്കുന്ന കൺവൻഷൻ ഒമ്പത് വൈകീട്ടാണ് സമാപിക്കുക. ദിവ്യബലി, ദിവ്യകാരുണ്യാരാധന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ഫാ. തോമസ് മങ്ങാട്ട് വിസിയുടെ നേതൃത്വത്തിൽ ബെന്നി പോൾ, ജേക്കബ് ജോസഫ്, റോയി തച്ചിൽ, ജെയ്‌സൺ തെള്ളി എന്നിവരാണ് ഒരുക്കങ്ങൾ നിർവഹിക്കുന്നത്. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവരാണ് കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരികൾ.

ധ്യാന പരിപാടികളുടെ സമ്പൂർണ വിജയം ലക്ഷ്യമാക്കി പ്രാർഥനാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനകൾ നടന്നുവരുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ബെന്നി പോൾ 702 374 3210, ജേക്കബ് ജോസഫ് 702 449 8222.