ലാസ് വേഗസ് വെടിവെയ്പ്പ്‌: ജൊനാഥന്റെ ചങ്കൂറ്റം രക്ഷിച്ചത് 30 ജീവൻ

രക്ഷാപ്രവർത്തനത്തിനിടെ ജൊനാഥന് കഴുത്തിൽ വെടിയേറ്റു.

0
832

ലാസ് വേഗസ്: ഇന്നലെ വരെ കാലിഫോർണിയയിലെ വെറും കോപ്പിയർമെഷീൻ റിപ്പയറായിരുന്ന ജൊനാഥൻസ്മിത്ത് ഇന്ന് ലാസ് വേഗസ് നിവാസികളുടെ വീരപുരുഷനാണ്. 58 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലാസ് വേഗസ്  വെടിവെയ്പ്പിൽ നിന്ന് 30 പേരെയാണ് ജൊനാഥൻ ജീവൻ പണയം വെച്ച് രക്ഷിച്ചത്. ആളുകളുടെ രക്ഷിക്കുന്നതിനിടെ ജൊനാഥന് കഴുത്തിൽ വെടിയേൽക്കുകയും ചെയ്തു.

സഹോദരൻ ലൂയിസ് റെസ്റ്റിന്റെ 43 ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ‘റൂട്ട് 91 ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു ജൊനാഥനും 9 കുടുംബാംഗങ്ങളും. ഗായകൻ ജാസൺ ആൽഡീൻ പാടുന്ന വേദിയുടെ തൊട്ടരികിലായിരുന്നു ജൊനാഥനും കുടുംബവും ഇരുന്നിരുന്നത്.

വെടിയൊച്ച മുഴങ്ങിയതോടെ ആൽഡീൻ സ്‌റ്റേജിൽ നിന്ന് ഇറങ്ങി ഓടുന്നതാണ് ജൊനാഥൻ കണ്ടത്. തുടർന്ന് തന്റെ കുടുംബാംഗങ്ങളുടെ കയ്യിൽ പിടിച്ച് ഓടി രക്ഷപ്പെടണമെന്നായി സ്മിത്തിന്. എന്നാൽ അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിവിറച്ച് ജനക്കൂട്ടം ആശയകുഴപ്പത്തിലാണെന്ന് അവന് മനസ്സിലായി. തുടർന്ന് അക്രമി വെടിയുതിർക്കുകയാണെന്നും എല്ലാവരോടും ഓടി രക്ഷപ്പെടാനും ആവശ്യപ്പെട്ട് ജൊനാഥൻ അലറി.

ഗാനമേള ഹാളിൽ നിന്ന് പുറത്ത് കടക്കാനുള്ള ഓട്ടത്തിനിടെ 22 ഉം 18 ഉം 17 ഉം വയസുള്ള മൂന്ന് മരുമക്കൾ സ്മിത്തിന്റെ കൈയ്യിൽ നിന്നും വേർപെട്ടു. എന്നാൽ അപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നത് അവൻ തുടർന്നു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നവരെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് അവൻ നയിച്ചത്. വെടിയുണ്ട പെരുമഴയായി പെയ്യുന്ന സമയത്താണ് വേണ്ടവിധം ഒളിക്കാതെ കുറച്ച് യുവതികൾ അപകടകരമായി നിൽക്കുന്നത് അവന്റെ കണ്ണിൽപ്പെടുന്നത്. തുടർന്നവരുടെ അടുത്തേക്ക് കുതിച്ച ജൊനാഥൻ ജീവൻ രക്ഷിക്കാൻ നിലത്ത് കിടക്കാൻ അവരോട് ആവശ്യപ്പെട്ടു. ആ സമയത്താണ് അവന്റെ കഴുത്തിന് വെടിയേറ്റത്.

എന്നാൽ, അവിടെയുണ്ടായിരുന്ന പോലീസ് ഓഫീസർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലല്ലാതിരുന്നിട്ട് പോലും ജൊനാഥന് അടുത്തെത്തുകയും രക്തപ്രവാഹം തടയുകയും ചെയ്തു. തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവിച്ച സ്മിത്തിനെ അതുവഴി വന്ന ഒരു ട്രക്ക് തടഞ്ഞുനിർത്തി അദ്ദേഹം ആശുപത്രിയിലേക്കയച്ചു. അവിടെ ഡോക്ടർമാർ വെടിയേറ്റതിനെ തുടർന്ന് പൊട്ടിയ തോളെല്ലിനും പരിക്കേറ്റ വാരിയെല്ലിനും അദ്ദേഹത്തിന് ചികിത്സ നൽകി. എന്നാൽ ജീവന് ഭീഷണിയാകാൻ സാധ്യയുള്ളതിനാൽ ഇതുവരെ കഴുത്തിലേറ്റ വെടിയുണ്ട ഡോക്ടർമാർ നീക്കം ചെയ്തിട്ടില്ല.

നിരവധി ആളുകളെ രക്ഷിച്ച ശേഷം വെടിയേറ്റ് ആശുപത്രിയിലിരിക്കുന്ന ജൊനാഥന്റെ ചിത്രം അതിവേഗമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് ഫോട്ടോയ്ക്ക് താഴെ നന്ദിയും ബഹുമാനവും ആശംസകളും കുറിച്ചത്. ബിൽ ക്ലിന്റന്റെ മകളായ ചെൽസി ക്ലിന്റൻ ഹീറോ എന്നാണ് ജൊനാഥനെ വിശേഷിപ്പിച്ചത്. അതേസമയം, ജൊനാഥൻ ജൂനിയറിന്റെയും ജെയ്ഡൻ സ്റ്റാറിന്റെയും ജൂലിയന്റെയും പിതാവായ ജൊനാഥൻ സ്മിത്തിന്റെ ചികിത്സാ ചെലവുകളും ജീവിത ചെലവുകളും വഹിക്കാൻ ഫണ്ട് ശേഖരിക്കുന്ന തിരക്കിലാണ് സാമൂഹ്യമാധ്യമങ്ങൾ. ജൊനാഥനെ സഹായിക്കാൻ 7000 ഡോളർ സമാഹരിക്കാനായിരുന്നു ഗോ ഫണ്ട് മീ എന്ന പേജിന്റെ ശ്രമം. എന്നാൽ ഇതുവരെ ലഭിച്ചത് 50000 ഡോളറാണ്. ആയിരക്കണക്കിനാളുകളാണ് ജോനാഥൻ ഉടൻ ആരോഗ്യം വീണ്ടെടുക്കാനായി പ്രാർത്ഥിക്കുന്നത്.