ലോകം പ്രാർത്ഥനയിൽ ഒരുമിക്കുന്നു; വിശ്വാസ പ്രഘോഷണമായി ‘തൈ കിങ്ഡം കം’ പ്രാർത്ഥനാ യജ്ഞം

0
140

കാന്റർബറി: ലോകമെങ്ങുമുള്ള ക്രൈസ്തവരെ പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്നതിനായുള്ള ‘തൈ കിങ്ഡം കം’ (അങ്ങയുടെ രാജ്യം വരണമേ…) എന്ന ആഗോള പ്രാർത്ഥനയജ്ഞം തുടങ്ങി. ഈ മാസം പത്തിന് തുടങ്ങിയ പ്രാർത്ഥനാ യജ്ഞം ഇരുപതിന് സമാപിക്കും. ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ചതുപോലെ ചുറ്റുമുള്ളവരിൽ സുവിശേഷമെത്തിക്കാനും വിശ്വാസം മറ്റുള്ളവർക്ക് പകർന്നുനൽകാനും ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കാനുമാണ് പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ളവർക്ക് ഓൺലൈനിലൂടെ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരാം.

കാന്റർബറി, യോർക്ക് ആഗ്ലിക്കൻ ആർച്ചുബിഷപ്പുമാരുടെ നേതൃത്വത്തിൽ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ‘തൈ കിങ്ഡം കം’ എന്ന പ്രാർത്ഥനാ യജ്ഞം തുടങ്ങിയത്. ഉയിർപ്പ് ഞായർ മുതൽ പന്തക്കുസ്ത വരെയുള്ള കാലയളവിലാണ് സാധാരണയായി തൈ കിങ്ഡം കം നടക്കുക.

പ്രത്യാശയുടെയും ദൈവവാഗ്ദാനങ്ങളിലുള്ള വിശ്വാസത്തിന്റെയും പ്രതീകമാണ്, അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാർത്ഥനാ യജ്ഞമെന്ന് ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് തലവനായ ആർച്ച്ബിഷപ്പ് വിൻസെന്റ് നിക്കോൾസ് പറഞ്ഞു. അതേസമയം, നിയോഗങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കാനും സാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രാർത്ഥനയിൽ ഒരുമിക്കാനുമായി വിവിധഭാഷകളിൽ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രാർത്ഥനയുടെ ശക്തിയെപ്പറ്റി എല്ലാവർക്കും തിരിച്ചറിവ് നൽകുകയാണ് ‘തൈ കിങ്ഡം കം’ എന്ന പ്രാർത്ഥന യജ്ഞത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു.