ലോകം 23ന് ഉപവസിക്കുന്നു; ലോക സമാധാനത്തിനായി ഉപവസിച്ച് പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

0
249

വത്തിക്കാൻ സിറ്റി: ഫെബ്രുവരി ഇരുപത്തിമൂന്നിന് ലോകസമാധാനത്തിനായി ഉപവസിച്ച് പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നാളെ ഉപവസിച്ചു പ്രാർത്ഥിക്കണമെന്ന് പാപ്പ നിർദേശിച്ചിരിക്കുന്നത്.

“പ്രാർത്ഥന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഫലപ്രദമായ പരിഹാരമാർഗമാണ്. സംഘർഷത്തിന്റെ അവസരങ്ങളോട് ഉറപ്പോടെ ‘നോ’ പറയുവാൻ ഒരോ വ്യക്തിക്കും സാധിക്കണം. അക്രമത്തിലൂടെ നേടുന്ന വിജയങ്ങൾ യഥാർത്ഥമല്ല. സമാധാനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെ എല്ലാവരും നന്മ കൈവരിക്കുവാൻ ഇടയാക്കും”; പാപ്പ ഓർമിപ്പിച്ചു.

ആഭ്യന്തര സംഘർഷത്തിന്റെ പിടിയിലായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങൾക്കായി ആ ദിവസം പ്രത്യേകമായി സമർപ്പിക്കുവാനും അകത്തോലിക്കരും അക്രൈസ്തവരും യുക്തമായ രീതിയിൽ ആചരണത്തിൽ പങ്കുചേരുവാനും മാർപാപ്പ അഭ്യർത്ഥിച്ചു.

“വേദനിക്കുന്നവരെയും ക്ലേശങ്ങളനുഭവിക്കുന്നരെയും കേൾക്കാൻ സന്നദ്ധനായിരിക്കുന്ന സ്വർഗീയ പിതാവിനെപ്പോലെ നമ്മുടെ മനസാക്ഷിക്കനുസരിച്ച് ഇവരുടെ നിലവിളിയോട് പ്രത്യുത്തരിക്കാനാകണം. സമാധാനം സ്ഥാപിക്കാൻ എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് സ്വർഗീയ പിതാവിനോട് നമുക്ക് ചോദിക്കാം”; പാപ്പ പറഞ്ഞു.