ലോകരക്ഷക്കായി ജപമാല യജ്ഞവുമായി പോളണ്ട്.

467

വാർസോ: പോളണ്ടിന്റെ രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിർത്തിയിൽ കൂട്ട ജപമാല യജ്ഞത്തിനായി രാജ്യം ഒരുങ്ങുന്നു. ‘പാപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന നിയോഗത്തിന് വേണ്ടി ഒക്ടോബർ 7ന് പോളണ്ടിന്റെ അതിർത്തിയിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു മണിക്കൂർ കൂട്ടജപമാലയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. വാഴ്‌സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാൻ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഏതാണ്ട് പത്തുലക്ഷത്തോളം കത്തോലിക്കർ ജപമാലയത്‌നത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

1571-ലെ ലെപാന്റോ നാവിക യുദ്ധത്തിൽ ഇസ്ലാമിക സൈന്യത്തിൽ നിന്നും ക്രിസ്ത്യാനികൾ രക്ഷപ്പെട്ടതിന്റെ വാർഷികാനുസ്മരണവും, ഫാത്തിമായിൽ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ജപമാല യത്‌നം ക്രമീകരിച്ചിരിക്കുന്നത്. 22 രൂപതകളിൽ നിന്നുമായി 319-ഓളം ദൈവാലയങ്ങളായിരിക്കും ജപമാല യത്‌നം നടത്തുക. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു നേർക്ക് നടത്തിയ എല്ലാ നിന്ദകൾക്കും ക്ഷമ യാചിക്കുവാനും, പോളണ്ടിനേയും ലോകത്തേയും രക്ഷിക്കുവാൻ മാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മെത്രാൻ സമിതിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജപമാലയത്‌നത്തിനായി അതിർത്തികളിൽ എത്തുവാൻ കഴിയാത്ത കുടുംബങ്ങൾക്ക് തങ്ങളുടെ ഭവനങ്ങളിലും, രോഗികൾക്ക് ആശുപത്രികളിലും, ഇടവക സമൂഹങ്ങൾക്ക് തങ്ങളുടെ ദൈവാലയത്തിലുമായി ജപമാലയിൽ പങ്കെടുക്കാമെന്ന് മെത്രാൻ സമിതി അറിയിച്ചിട്ടുണ്ട്.