ലോക കുടുംബസമ്മേളനം മൂല്യങ്ങളെ പുനസ്ഥാപിക്കും: കർദിനാൾ കെവിൻ ഫറെൽ

0
205

ഢബ്ലിൻ: ലോക കുടുംബസമ്മേളനം മൂല്യങ്ങളെ പുനസ്ഥാപിക്കുമെന്ന് കർദിനാൾ കെവിൻ ഫറെൽ. ഡബ്ലിനിൽ 2018 ആഗസ്ത് 21 മുതൽ 26 വരെ നടക്കുന്ന ലോക കുടുംബസമ്മേളനത്തിന്റെ ചുമതല വഹിക്കുന്നത് കർദിനാൾ കെവിനാണ്. മൂന്നുവർഷം കൂടുമ്പോഴാണ് ലോക കുടുംബസംഗമം നടക്കുക.

“കുടുംബങ്ങളുടെ ലോക സമ്മേളനം അയർലണ്ടിലും ലോകമെമ്പാടുമുള്ള കുടുംബ ജീവിതത്തെ പുനർരുജ്ജീവിപ്പിക്കും. കുടുംബജീവിതത്തിന്റെ മഹത്തായ ഒരു പാരമ്പര്യം അയർലണ്ടിനുണ്ട്. ഈ കുടുംബ സംസ്‌കാരം കഴിഞ്ഞ ദശാബ്ദങ്ങളിൽ രാജ്യത്തുണ്ടായിരുന്നെങ്കിലും കുറച്ചുനാളായി അത് കുറഞ്ഞുവരികയാണ്”; അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് പാപ്പയാണ് കുടുംബത്തിന്റെ സുവിശേഷം:ലോകത്തിന്റെ ആനന്ദം എന്ന ഈ വർഷത്തെ ലോക കുടുംബ സമ്മേളനത്തിന്റെ വിഷയം തെരഞ്ഞെടുത്തത്.

ഈ വർഷം ആഗസ്റ്റ് 21 ന് അയർലണ്ടിലെ എല്ലാ രൂപതകളിലും ഒരേസമയം ലോകകുടുംബ സമ്മേളനത്തിന് തുടക്കമാകും. മൂന്ന് ദിവസവും സുവിശേഷം: ലോകത്തിന്റെ ആനന്ദം എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക. കുടുംബസമ്മേളനത്തിൽ മുതിർന്നവർക്കായി വർക്ക് ഷോപ്പുകളും സംഭാഷണങ്ങളും സാക്ഷ്യങ്ങളും ചർച്ചകളും ക്രമീകരിച്ചതിനൊപ്പം യുവജനങ്ങൾക്കും കുട്ടികൾക്കുമായി രസകരങ്ങളായ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസേനെയുള്ള ദിവ്യബലിയർപ്പണവും, പ്രാർത്ഥനയിലധിഷ്ഠിതമായ പ്രവർത്തനങ്ങളും പ്രദർശനങ്ങളും സംഗീതവിരുന്നും ഈ ദിവസങ്ങളിൽ നടക്കും. 26 ന് ലോകമെങ്ങും നിന്ന് ആളുകൾ പങ്കെടുക്കുന്ന സമൂഹ ദിവ്യബലിയോടെയാണ് ലോക കുടുംബ സംഗമം സമാപിക്കുന്നത്.

സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എന്നാൽ, പാപ്പ പാപ്പ പങ്കെടുക്കുന്നതിനെപ്പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1994 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് പ്രാർത്ഥന, മതബോധനം, കുടുംബങ്ങളുടെ ആഘോഷം എന്നിവയ്ക്ക് പ്രാധാന്യം നൽകി ലോകകുടുംബ സമ്മേളനത്തിന് തുടക്കം കുറിച്ചത്. റോമിൽ വെച്ച് 1994 ാണ് ആദ്യ ലോകകുടുംബ സമ്മേളനം നടന്നത്.