വംശീയതയുടെ മതിലുകൾ തകർക്കാൻ യേശു ആഗ്രഹിക്കുന്നു: അഡ്‌ഹോക് കമ്മറ്റി തലവൻ ബിഷപ്പ് ജോർജ് വി. മുറെ

0
259

ബാൾട്ടിമോർ: വംശീയത എന്ന തിന്മ സൃഷ്ടിച്ച മതിലുകൾ തകർക്കാൻ യേശു ആഗ്രഹിക്കുന്നുവെന്ന വിശ്വാസം തങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതായി ഒഹിയോയിലെ യങ്‌സ്റ്റൗൺ രൂപതാ ബിഷപ്പും വംശീയതയ്‌ക്കെതിരെയുള്ള അഡ്‌ഹോക് കമ്മറ്റിയുടെ തലവനുമായ ബിഷപ്പ് ജോർജ് വി മുറെ.

വംശീയതയ്‌ക്കെതിരെ തങ്ങളെ ഉപകരണങ്ങളാക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബാൾട്ടിമോറിൽ നടന്ന കത്തോലിക്ക ബിഷപ്പുമാരുടെ യുഎസ് സമ്മേളനത്തിന്റെ ഫാൾ ജനറൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വർഷങ്ങളായി കത്തോലിക്ക സഭ വംശീയതയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ചില നേതാക്കാന്മാരും സഭാ സ്ഥാപനങ്ങളും ചില സമയങ്ങളിൽ വംശീയതയുടെ ഭാഗമായിട്ടുണ്ട്. വംശീയത യുഎസിൽ അസാധാരണമല്ല. അടിമത്തം എന്ന ചരിത്രപരമായ തിന്മ മൂലം വംശീയത ഇന്നും വിനാശകരമായി രാജ്യത്തിന്റെ വലിയ ഭാഗത്ത് നിലനിൽക്കുന്നു. അദ്ദേഹം പറഞ്ഞു.

“വംശീയത എന്ന തിന്മ മൂലം ആഫ്രിക്കൻ-അമേരിക്കക്കാർ കഠിനമായി ക്ലേശിക്കുന്നു. അതേസമയം, വംശീയത മറ്റു വംശങ്ങളിൽപ്പെട്ട ജീവിതങ്ങളും ജീവിത മാർഗങ്ങളും തകർത്തിട്ടുണ്ട്. ചില ആളുകൾ വംശീയതയെ എതിർക്കേണ്ട ഒരു കാര്യവുമില്ലെന്നും അല്ലെങ്കിൽ സ്വകാര്യമായാണ് വംശീയതയ്‌ക്കെതിരെ പ്രവർത്തിക്കേണ്ടതെന്നും കരുതുന്നു. പക്ഷെ വംശീയതയ്‌ക്കെതിരെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. കാരണം നീതിക്കായി പ്രവർത്തിക്കാനാണ് സുവിശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്. വംശത്തിന്റെ പേരിൽ വംശീയത ആളുകൾക്ക് നീതി നിഷേധിക്കുന്നു. അത് ധാർമ്മികമായി തിന്മയാണ്.” അദ്ദേഹം പറഞ്ഞു.

“വംശീയതയ്‌ക്കെതിരെയുള്ള വിളി സുവിശേഷാനുസൃതമാണ്. അതിനാൽ യുഎസിൽ ഇന്നും വംശീയതയ്ക്കിരയാകുന്നവർക്കായി നാം നിലനിൽക്കണം. താൻ നേതൃത്വം നൽകുന്ന അഡ്‌ഹോക് കമ്മറ്റി വംശീയ വിവേചനത്തിനിരയാകുന്നവർക്ക് സഭാപരമായ സഹായം നൽകാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.

മുൻപ്‌ വിർജീനിയയിലെ ഷാർലെട്‌സ്‌വില്ലെയിൽ വെറുപ്പ് പടർത്തുന്ന മുദ്രാവാക്യങ്ങളുമായി വെള്ളക്കാരയതിൽ ഊറ്റം കൊള്ളുന്നവരും നിയോ നാസികളും നടത്തിയ മാർച്ച് അക്രമത്തിലും തുടർന്ന് ഒരു മരണത്തിലും കലാശിച്ചിരുന്നു. അതേസമയം, വാക്കുകൊണ്ടല്ല പ്രവർത്തി കൊണ്ടാണ് വംശീയതയെ കീഴടക്കേണ്ടതെന്ന് ഗ്രിഗറി ഓഫ് അറ്റ്‌ലാന്റയിലെ ആർച്ചുബിഷപ്പായ വിൽറ്റൺ ഡി പറഞ്ഞു.