വത്തിക്കാനിലെ ‘100 പുൽക്കൂട് ‘ പ്രദർശനം ഇനി ദിനങ്ങൾക്കൂടി

0
458

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സജ്ജീകരിച്ചിച്ചിരിക്കുന്ന ‘100 പുൽക്കൂട്’ പ്രദർശനം ഇനി ദിനങ്ങൾക്കൂടി മാത്രമെന്ന് വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ. ഡിസംബർ ഏഴിന് ആരംഭിച്ച പ്രദർശനം പയസ് പത്താമൻ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയ 25 കലാകാരന്മാർ നിർമ്മിച്ച പുൽക്കൂടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് പുൽക്കൂട് നിർമ്മിക്കാനുള്ള ആശയം കൊണ്ടുവന്നതും ആദ്യമായി ഒരു പുൽക്കൂട് നിർമ്മിച്ചതും. റോമിൽ ഒരു ഗുഹയിൽ ജീവനുള്ള കാളകളെയും കഴുതകളെയുമൊക്കെ ഉപയോഗിച്ചായിരുന്നു അദ്ദേഹം പുൽക്കൂട് നിർമ്മിച്ചത്. പീന്നീട് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോളാണ് പുൽക്കൂടുകൾക്ക് വിവിധ രൂപവും ഭാവവും പ്രാപിച്ചത്.

43 വർഷമായി റോമിൽ നടന്നുവരുന്ന പ്രദർശനമാണിത്. നൂറ് വ്യത്യസ്ത തരത്തിലുള്ള പുൽക്കൂടുകളുമായി 1976ൽ മാൻലിയോ മെനാഗ്ലിയ എന്ന വ്യക്തിയാണ് ഈ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ‘100 പുൽക്കൂട് ‘ എന്ന് ഈ പ്രദർശനത്തിന് പേരിട്ടിരിക്കുന്നുവെങ്കിലും നൂറിലധികം പുൽക്കൂടുകൾ പ്രദർശനത്തിനെത്താറുണ്ട്. സിൽവർ, കോറൽ, ഗ്ലാസ്, സെറാമിക്, കളിമണ്ണ്, തടി എന്നിവ കൊണ്ട് നിർമ്മിച്ച പുൽക്കൂടുകളാണ് പ്രദർശിപ്പിക്കുന്നവയിൽ കൂടുതലും.

യുവാക്കളെയും കുട്ടികളെയും സാഹേദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് സന്ദേശം അറിയിക്കുക, പഠിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ അദ്ദേഹം തുടക്കമിട്ട ഈ പ്രദർശനം കണ്ടാണ് ആളുകൾ പിന്നീട് വീടുകളിലും പുൽക്കൂടുകൾ ഒരുക്കിതുടങ്ങിയത്. 2018 ഡിസംബർ ഏഴിനാണ് ഇത്തവണത്തെ പ്രദർശനം ആരംഭിച്ചത്.