വത്തിക്കാൻ പ്രസ് ഓഫീസിന് പുതിയ തലവൻ: അലസാന്ദ്രോ ജിസോട്ടി

0
952

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ വാർത്താവിതരണ വിഭാഗമായ പ്രസ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടറായി ഇറ്റാലിയൻ സ്വദേശിയായ അലസാന്ദ്രോ ജിസോട്ടിയെ നിയമിച്ചു. ഡയറക്ടർ ഗ്രെഗ് ബർക്കിന്റെയും വത്തിക്കാൻ മാധ്യമ ഓഫീസിലെ ആദ്യ വനിത വൈസ് ഡയറക്ടർ ഗാർസ്യ ഒവെഹെറോയുടെയും രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. വത്തിക്കാൻ വാർത്താവിഭാഗം സമൂഹ്യമാധ്യമ വിഭാഗത്തിന്റെ കോഡിനേറ്ററായിരുന്നു നിലവിൽ ജിസോട്ടി.

യുഎന്നിൻറെ വാർത്താകാര്യാലയത്തിൽ ജോലി ചെയ്തു വരികെ 2000ലാണ് വത്തിക്കാൻ റേഡിയോയിൽ അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. 2011^ 2016 കാലഘട്ടത്തിൽ വത്തിക്കാൻ റേഡിയോ ഇറ്റാലിയൻ വിഭാഗത്തിൽ പേപ്പൽ പരിപാടികളുടെ മുഖ്യപത്രാധിപരായി.

ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് 16^ാമൻ പാപ്പ എന്നിവരുടെ കാലഘട്ടങ്ങളിൽ സേവനംചെയ്തിട്ടുള്ള ജിസോട്ടി വിവിധ അപ്പസ്‌തോലിക യാത്രകളുടെയും അജപാലന സന്ദർശനങ്ങളുടെയും മാധ്യമപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം റോമിലാണ് താമസം.

വത്തിക്കാൻ പ്രസ് മേധാവിയായി പ്രവർത്തിച്ച ഗ്രെഗ് ബെർക്കും ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഗാർസ്യ ഒവെഹെറോയും വത്തിക്കാൻറെ വാർത്താവിഭാഗത്തിനും പരിശുദ്ധ സിംഹാസനത്തിനും നല്കിയിട്ടുള്ള സേവനങ്ങൾ ഏറെ സ്തുത്യർഹമാണെന്ന് മാധ്യമ വകുപ്പ് പ്രീഫെക്ട് ഡോ. പാവുളോ റുഫീനി പ്രസ്താവനയിൽ അറിയിച്ചു.