വരവേൽക്കാം, വെളിച്ചത്തിന്റെ  സദ്വാർത്തയെ: മാർ പുത്തൂർ

ക്രിസ്മസ് സന്ദേശം പങ്കുവെക്കുന്നു, ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ  ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ

0
1283
ഞാൻ ലോകത്തിന്റെ പ്രകാശമാണെന്നു അരുളി ചെയ്ത  ഈശോയുടെ  ജനനത്തോടെ ലോകം വലിയ ഒരു ദിവ്യ പ്രകാശമാണ് കൈവരിച്ചത്.  ഈശോയുടെ  ജനനത്തെ കുറിച്ച് യോഹന്നാൻ ശ്ലീഹ യുടെ സുവിശേഷത്തിൽ നാം  വായിക്കുന്നത്, ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നു,’ (യോഹന്നാൻ 1:9)എന്നാണ്.
‘പാപത്തിന്റെയും മരണത്തിന്റെയും നിഴലിൽ കഴിഞ്ഞവർക്കായി ഒരു പ്രകാശം ഉദയം ചെയ്തു. അന്ധകാരത്തിൽ ആയിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു,’ എന്ന് മത്തായി സുവിശേഷകനും എഴുതിവച്ചിരിക്കുന്നു. അന്ധകാരം തിന്മയുടെ പ്രതീകമാകുമ്പോൾ ദൈവീകത വെളിച്ചമായി തിന്മയെ അതി ജീവിക്കുന്നു. അന്ധകാര ശക്തി ഏറെ പ്രകടമായ ഈ കാലഘട്ടത്തിൽ  ഈശോ നൽകുന്ന ദിവ്യപ്രകാശത്തിനു മാത്രമേ ലോകത്തെ പ്രശോഭിതമാക്കാൻ സാധിക്കൂ.
ഉണ്ണീശോയുടെ   ജനനത്തിൽ ആട്ടിടയന്മാർക്കു വഴികാട്ടിയായി തിളങ്ങിയ നക്ഷത്ര വെളിച്ചം നമ്മുടെ വ്യക്തി ജീവിതത്തെയും കുടുംബ , സാമൂഹ്യ ജീവിതത്തെയും പ്രകാശ പൂരിതമാക്കട്ടെ. ദൈവസ്‌നേഹത്തിന്റെ ആഴമറിഞ്ഞു മനം  നിറഞ്ഞു പാടിയ സങ്കീർത്തകനെപോലെ, ദൈവം എന്റെ പ്രകാശമാണെന്നു നമുക്ക് ഏറ്റുപറയാം,  ( സങ്കീർത്തനങ്ങൾ 27:1). ആ പ്രകാശം നാമോരോരുത്തരിലും ലോകം മുഴുവനിലും നിറയാനുള്ള കൃപ പുൽക്കൂട്ടിൽ പിറന്ന ദിവ്യസുതൻ നമുക്ക് നൽകട്ടെ.
ഏവർക്കും പിറവിത്തിരുനാളിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ ആശംസിക്കുന്നു.