വള്ളോപ്പിള്ളി പിതാവിന്റെ വിദ്യാര്‍ത്ഥി

0
535

മദ്യത്തിന്റെ പിടിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ മാതാവിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. പാലായിലായിരുന്നു അക്കാലത്ത് നിത്യസഹായമാതാവിന്റെ പ്രത്യേക നൊവേന പ്രാര്‍ത്ഥന ഉണ്ടായിരുന്നത്. അവിടെപ്പോയി നിത്യസഹായ മാതാവിന്റെ ഫ്രെയിം ചെയ്ത രൂപവും നൊവേന പുസ്തകങ്ങളും വാങ്ങി. സമീപ ഇടവകകളില്‍നിന്നുപോലും ആളുകള്‍ നൊവേനക്കായി എത്തിക്കൊണ്ടിരുന്നു. മാതാവിനോടുള്ള പ്രാര്‍ത്ഥന തുടങ്ങിയതോടെ ആലക്കോട്ടെ മദ്യപശല്യവും വ്യാജവാറ്റും മിക്കവാറും നിലച്ചു.

ഇല കൊഴിയാത്ത വൃക്ഷംപോലെ ഇന്നും നന്മ ചെയ്തുകൊണ്ടിരിക്കുകയാണ് ഫാ. ജോസഫ് പ്ലാത്തോട്ടം. സേവനം ചെയ്ത ഇടവകകളിലും മറ്റ് ശുശ്രൂഷാമേഖലകളിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അച്ചനെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന മലയോര ഹൈവേ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്. മലബാറില്‍ ആദ്യമായി നിത്യസഹായ മാതാവിന്റെ നൊവേനപ്രാര്‍ത്ഥനയ്ക്ക് തുടക്കമിട്ടത് ഫാ. പ്ലാത്തോട്ടം ആലക്കോട് വികാരിയായിരിക്കു മ്പോഴാണ്. തരിയോട്, തിരുവമ്പാടി, ബത്തേരി ഇടവകകളില്‍ കുടിയേറ്റാരംഭകാലത്തെ സേവനങ്ങള്‍ ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്താവുന്നതല്ല. മലയോര ഹൈവേ ഒരിക്കലും സഫലമാകാത്ത സ്വപ്‌നമായിട്ടായിരുന്നു ആളുകള്‍ കണ്ടിരുന്നത്.

പരിഹാസത്തോടെയായിരുന്നു ഈ ആശയത്തെ പലരും എതിരേറ്റത്. അച്ചന്റെ അയല്‍നാട്ടുകാരനായിരുന്ന പി.ആര്‍. രാമവര്‍മ രാജയുമായി സഹകരിച്ചായിരുന്നു പല പ്രവര്‍ത്തനങ്ങളും. രാമവര്‍മ രാജ, ചെറുനിലം പാപ്പച്ചന്‍, എ.സി. ചാക്കോസാര്‍ എന്നിവര്‍ക്കൊപ്പം മലയോര ഹൈവേ എന്ന സ്വപ്‌നപദ്ധതിയുടെ ആദ്യകാലത്തെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊടുത്ത ആലക്കോട് വികസനസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു ഫാ. പ്ലാത്തോട്ടം. രാമവര്‍മ രാജ പ്രസിഡന്റ്. കുടിയേറ്റ മേഖലകളെ ബന്ധിപ്പിക്കാന്‍ അക്കാലത്ത് നടപ്പുവഴികള്‍പോലും ഉണ്ടായിരുന്നില്ല. 1950-60 കാലങ്ങളില്‍ തോമാപുരം (ചിറ്റാരിക്കാല്‍), വെള്ളരിക്കുണ്ട്, പാണത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഉളിക്കല്‍, എടൂര്‍, വയനാട് എന്നിവിടങ്ങളിലെത്താന്‍ ദിവസം മുഴുവന്‍ യാത്ര വേണ്ടിവന്നിരുന്നു. ഇന്നിപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മതി. 1960-ല്‍ ആലക്കോട് വികാരിയായിരിക്കെ, പള്ളി പണിയുമ്പോള്‍ അടുത്ത നൂറുവര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുന്ന നിലയിലുള്ള പള്ളി പണിയാന്‍ അച്ചന് കഴിഞ്ഞു. അഞ്ചുവര്‍ഷംകൊണ്ടാണ് പണി തീര്‍ന്നത്. ദീര്‍ഘകാലം നിലനില്‍ക്കത്തക്കവിധം കമ്പി, സിമന്റ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചു. വിശ്വാസികളുടെ കൂട്ടായ്മയിലും ശ്രമദാനത്തിലുമായിരുന്നു പള്ളിപണി മിക്കവാറും തീര്‍ത്തത്. ആറര പതിറ്റാണ്ടിനുശേഷം അന്നത്തെ പള്ളി പൊളിക്കുമ്പോഴും യാതൊരു ബലക്ഷയവുമുണ്ടാകാത്ത നിലയിലായിരുന്നു.

നൊവേന ആരംഭിച്ചു; വ്യാജമദ്യം നിലച്ചു
മലബാറില്‍ അപൂര്‍വമായിരുന്നു നന്നായി പണിത പള്ളികള്‍. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെയുള്‍പ്പെടെ പ്രശംസ നേടിയ പ്രവര്‍ത്തനമായിരുന്നത്. രാവിലെ വിശുദ്ധ കുര്‍ബാനക്ക് മുമ്പ് ഞായറാഴ്ചകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പള്ളിപണിയില്‍ പങ്കാളികളായിരുന്നു. കരിങ്കല്ല് ചുമക്കുന്നതുള്‍പ്പെടെ ജോലികളില്‍ അച്ചനും ഒപ്പം കൂടിയിരുന്നു. അമ്മമാര്‍ മുട്ടയും പിടിയരി സൂക്ഷിച്ചും പള്ളിപണിക്ക് സാമ്പത്തികസഹായം നല്‍കി. പതിനഞ്ച് കിലോമീറ്ററിലധികം ചുറ്റളവില്‍ ഉള്ളവരായിരുന്നു ഇടവകാംഗങ്ങള്‍. വിദൂരത്തുള്ള കാപ്പിമലയിലെ വിജയഗിരി പള്ളിയിലും തടിക്കടവിലും ആഴ്ചയിലൊരു ദിവസം തിരുക്കര്‍മങ്ങള്‍ തുടങ്ങിയത് ഫാ. ജോസഫ് പ്ലാത്തോട്ടമാണ്. ഉദയഗിരി ഇടവകയുടെ ചാര്‍ജ് വഹിക്കുമ്പോള്‍, മിക്കപ്പോഴും പത്തുകിലോമീറ്റര്‍ ദൂരം നടന്ന് പോയായിരുന്നു ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. ഇപ്പോഴത്തെ ഇരുപതിലധികം ഇടവക പ്രദേശങ്ങള്‍ അന്ന് ആലക്കോട് ഇടവകയിലായിരുന്നു. 24 കിലോമീറ്റര്‍ ദൂരമുള്ള തളിപ്പറമ്പില്‍നിന്ന് നിരവധി തവണ നടന്ന് ആലക്കോട്ടെത്തേണ്ടിവന്ന അദ്ദേഹം ആലക്കോട് മേഖലയുടെ വികസനത്തിലും സഭയ്ക്ക് അടിത്തറയുറപ്പിക്കുന്നതിലും വഹിച്ച പങ്ക് മറക്കാവുന്നതല്ല.

ആലക്കോട് പള്ളിപ്പണി നടക്കുന്ന സമയം. വൈകുന്നേരം മദ്യപ ശല്യം വര്‍ധിച്ചു. പള്ളിയ്ക്കടുത്തായിരുന്നു അന്ന് വ്യാപാരകേന്ദ്രം. പ്രദേശം വ്യാജമദ്യത്തിന്റെ പിടിയിലായിരുന്നു. മദ്യത്തിന്റെ പിടിയില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ മാതാവിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. പരിശുദ്ധ അമ്മയുടെ നാമത്തിലായിരുന്നു പള്ളി.

പാലായിലായിരുന്നു അക്കാലത്ത് നിത്യസഹായമാതാവിന്റെ പ്രത്യേക നൊവേന പ്രാര്‍ത്ഥന ഉണ്ടായിരുന്നത്. അവിടെപ്പോയി നിത്യസഹായ മാതാവിന്റെ ഫ്രെയിം ചെയ്ത രൂപവും നൊവേന പുസ്തകങ്ങളും വാങ്ങി. ശനിയാഴ്ചകളില്‍ രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷമായിരുന്നു നൊവേന. സമീപ ഇടവകകളില്‍നിന്നുപോലും ആളുകള്‍ നൊവേനക്കായി എത്തിക്കൊണ്ടിരുന്നു. ക്രമേണ രൂപതയിലെ മിക്ക ദൈവാലയങ്ങളിലും നൊവേന തുടങ്ങി. മാതാവിനോടുള്ള പ്രാര്‍ത്ഥന തുടങ്ങിയതോടെ ആലക്കോട്ടെ മദ്യപശല്യവും വ്യാജവാറ്റും മിക്കവാറും നിലച്ചു. ദൈവാലയ കാര്യങ്ങള്‍ക്കായി ഇവരില്‍ പലരും കൂടുതല്‍ സജീവമാകുകയും ചെയ്തു. പള്ളിയോട് ചേര്‍ന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ശക്തമായ വിശ്വാസിസമൂഹമായിരുന്നു അച്ചനോടൊപ്പം ഉണ്ടായിരുന്നത്. എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും ഊന്നല്‍ നല്‍കിയ പ്രവര്‍ത്തനമായിരുന്നു അന്നുണ്ടായിരുന്നത്.

കാനഡയിലേക്ക്
1965-ല്‍ ആലക്കോട് പള്ളി വെഞ്ചരിച്ച് വൈകാതെ സ്ഥലം മാറ്റമായി. വയനാട് മേഖലയിലെ ഏക ഫൊറോനയായിരുന്ന തര്യേട്ടേക്കായിരുന്നു സ്ഥലംമാറ്റം. ഫാ. ജോസഫ് പ്ലാത്തോട്ടത്തിന്റെ കാലത്തായിരുന്നു ആലക്കോട് ഇടവകയെ ഫൊറോനയായി ഉയര്‍ത്തിയത്. ഇവിടെയുണ്ടായിരുന്ന ആശുപത്രി കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കാനും ഇടവകയുടെ വളര്‍ച്ചയ്ക്കും പ്രദേശത്തിന്റെ വികസനത്തിനും ദീര്‍ഘവീക്ഷണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. ആറുവര്‍ഷത്തെ സേവനത്തിനുശേഷം തിരുവമ്പാടിയിലേക്ക് സ്ഥലംമാറി. അവിടെ റോഡ് നിര്‍മാണമുള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മൂന്നു കൊല്ലത്തിനുശേഷം വയനാട്ടില്‍ ബത്തേരി പള്ളിയില്‍ വികാരിയായി സ്ഥലംമാറി. ക്രൈസ്തവ കുടുംബങ്ങള്‍ കുറഞ്ഞ ഇടവകയായിരുന്നു. ഒരു സായിപ്പ് സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി. പള്ളി പണിത് ലത്തീന്‍ ഇടവകയായി സ്ഥാപിച്ചതായിരുന്നു. ലത്തീന്‍ കത്തോലിക്ക കുടുംബങ്ങള്‍ കുറഞ്ഞതോടെ പള്ളി സീറോ മലബാര്‍ സഭയ്ക്ക് നല്‍കി. അതോടെ കൂടുതല്‍ കുടുംബങ്ങളും ആളുകളുമായി. എട്ടുവര്‍ഷക്കാലം ഫാ. പ്ലാത്തോട്ടം ബത്തേരിയില്‍ ശുശ്രൂഷ ചെയ്തു. ഇവിടെ രൂപതവകയായുണ്ടായിരുന്ന ആശുപത്രി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുന്നതിനായി തിരുഹൃദയ സന്യാസിനിസഭയ്ക്ക് ഏല്‍പിച്ചുകൊടുത്തു. കാനഡയിലുള്ള പിതൃസഹോദരപുത്രന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ച് സന്ദര്‍ശനത്തിനായി അങ്ങോട്ടുപോയി. അവിടെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ തണ്ടര്‍വേ രൂപത ബിഷപ്പുമായി സൗഹൃദത്തിലായി.

ഈ രൂപതയില്‍ ശുശ്രൂഷയ്ക്കായി എത്തുവാന്‍ മെത്രാന്‍ സമ്മര്‍ദം ചെലുത്തി. അദ്ദേഹംതന്നെ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴിയില്‍നിന്നും അനുമതി വാങ്ങി, തണ്ടര്‍വേ രൂപതയില്‍ ഇടവകകളുടെ ചുമതലയേല്‍പിച്ചു. അവിടെ സേവനമനുഷ്ഠിക്കവേ ഹൃദയസംബന്ധമായ രോഗബാധിതനാകുകയും മൈനര്‍ സര്‍ജറി വേണ്ടിവരികയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതോടെ നാട്ടിലേക്ക് മടങ്ങി. ബത്തേരിയില്‍ വിശ്രമജീവിതം തുടങ്ങുകയും ചെയ്തു.

ദൈവവിളി
പാലാ കിഴപറയാറായിരുന്നു ഫാ. ജോസഫ് പ്ലാത്തോട്ടത്തിന്റെ ജന്മസ്ഥലം. തൊമ്മന്‍-അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടുപേര്‍ ചെറുപ്പത്തിലേ മരണമടഞ്ഞിരുന്നു. ഭരണങ്ങാനം ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍വരെ പഠനം. വള്ളോപ്പിള്ളി പിതാവ് വൈദികനായിരിക്കെ അവിടെ അധ്യാപകനായിരുന്നു. അങ്ങനെ വള്ളോപ്പിള്ളി പിതാവിന്റെ വിദ്യാര്‍ത്ഥിയാകാനുള്ള ഭാഗ്യവും ലഭിച്ചു. പ്ലാത്തോട്ടത്തിലച്ചന്റെ അമ്മയുടെ വീട് കടനാട്ടായിരുന്നു. അങ്ങനെ വള്ളോപ്പിള്ളി അച്ചനുമായി ഭരണങ്ങാനത്തും കടനാടുംവച്ച് സ്‌നേഹബന്ധവും അധ്യാപകനായതുവഴി കൂടുതല്‍ അടുപ്പവുമുണ്ടായിരുന്നു.

പത്താംക്ലാസ് പാസായതോടെ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. അന്ന് ചങ്ങനാശേരി രൂപതയുടെ ഭാഗമായിരുന്നു അച്ചന്റെ ഇടവകയും. ചങ്ങനാശേരി രൂപതയ്ക്കായി മൈനര്‍ സെമിനാരിയില്‍ പഠനം തുടങ്ങി. അവിടെ അന്ന് ഫാ. വള്ളോപ്പിള്ളിയും ഉണ്ടായിരുന്നു. വൈകാതെ പാലാ രൂപത സ്ഥാപിതമായി. പുതിയ രൂപതാതിര്‍ത്തിയിലെ വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാലായിലേക്ക് മാറി. രണ്ടാം വര്‍ഷം തിയോളജി പഠനകാലത്ത് തലശേരി രൂപത സ്ഥാപിതമാകുകയും മാര്‍ വള്ളോപ്പിള്ളി അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുകയും ചെയ്തു.

പാലാ രൂപതയില്‍നിന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ക്കും വൈദികര്‍ക്കും തലശേരി രൂപതയില്‍ ചേരുവാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് അനുമതി നല്‍കി. തുടര്‍ന്ന് തൂങ്കുഴി പിതാവ്, അഗസ്റ്റിന്‍ കീലത്ത്, മാത്യു മടുക്കക്കുഴി, മാത്യു ജെ. കൊട്ടുകാപ്പള്ളി എന്നീ വൈദിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജോസഫ് പ്ലാത്തോട്ടം തലശേരി രൂപതയില്‍ സേവനത്തിന് സന്നദ്ധതയറിയിച്ചു. അഞ്ചുപേരെയും സന്തോഷത്തോടെ വള്ളോപ്പിള്ളി പിതാവ് സ്വീകരിച്ചു. ഈ അഞ്ചുപേരും തലശേരി രൂപതയിലും പിന്നീട് രൂപത വിഭജനത്തിനുശേഷം മാനന്തവാടി, താമരശേരി രൂപതകളിലും ഉന്നത പദവികള്‍ വഹിച്ച് ശുശ്രൂഷ ചെയ്യുകയുണ്ടായി.

1958-ല്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. ഫാ. പ്ലാത്തോട്ടത്തിന്റെ ആദ്യസേവനരംഗം വയനാട്ടിലെ തെനേരി, വാഴവറ്റ പള്ളികളുടെ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു. ആറുമാസത്തിനുശേഷം കാരയ്ക്കാമല പള്ളിയുടെ വികാരിയായി നിയമിച്ചു. രണ്ടു വര്‍ഷത്തിനുശേഷമായിരുന്നു ആലക്കോട്ടേക്കുള്ള മാറ്റം. ഫാ. അഗസ്റ്റിന്‍ കീലത്തും ഫാ. മാത്യു ജെ. കൊട്ടുകാപ്പള്ളിയും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആലക്കോട് ഇടവകയുള്‍പ്പെടെ സേവനം ചെയ്ത എല്ലായിടത്തും കാലം ഓര്‍ത്തുവയ്ക്കുന്നവിധത്തില്‍ സേവനം ചെയ്ത ഫാ. ജോസഫ് പ്ലാത്തോട്ടം സ്ഥാപിച്ച നിരവധി സ്റ്റേഷന്‍ പള്ളികള്‍ ഇന്ന് സ്വതന്ത്ര ഇടവകകളാണ്.

പ്ലാത്തോട്ടം മാത്യു