വളർച്ചയുടെ ഗ്രാഫിലെ കണ്ണീർത്തുള്ളികൾ

1002

ആംബുലൻസ് വിളിക്കാൻ പണം ഇല്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി 12 വയസുള്ള മകളുമായി 12 കിലോമീറ്റർ നടക്കേണ്ടിവന്ന ദാനാ മാഞ്ചി എന്ന ഭർത്താവിനെക്കുറിച്ച് സമീപ ദിവസം വന്ന വാർത്ത രാജ്യത്തെ മുഴുവൻ സങ്കടപ്പെടുത്തിയ ഒന്നായിരുന്നു. ഒഡീഷയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള കാളഹന്ദി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം. വാഹനം വിളിക്കാൻ പണം ഇല്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹവും എടുത്തുകൊണ്ട് നടന്നെങ്കിൽ എത്ര വലിയ ദാരിദ്ര്യമായിരിക്കും കുടുംബത്തിന്റേതെന്ന് ഊഹിക്കാമല്ലോ.

അമ്മയുടെ മൃതദേഹത്തിനൊപ്പം 12 കിലോമീറ്റർ നടക്കേണ്ടിവന്ന കൊച്ചുപെൺകുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കനാകും? കുനിഞ്ഞ ശിരസോടെ ആ ഭർത്താവിനോടും 12 വയസുകാരിയോടും എന്റെ പിഴയെന്ന് ഏറ്റുപറഞ്ഞ് രാജ്യം മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. നാം അവകാശപ്പെടുന്ന വളർച്ചാ നിരക്കുകൾ അവളുടെ കണ്ണീർത്തുള്ളികളുടെ മുമ്പിൽ നിഷ്പ്രഭമാണ്. സാമ്പത്തിക വളർച്ചയുടെ കണക്കുകൾ നിരത്തി രാജ്യം വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുകയാണെന്ന് ഭരണാധികാരികൾ ആവർത്തിക്കാറുണ്ട്. രാജ്യത്തെ പാവപ്പെട്ടവർ പട്ടിണിയിലും ദുരിതങ്ങളിലും കഴിയുമ്പോൾ കണക്കുകൾ കൂട്ടിവച്ച് നാം അവകാശപ്പെടുന്ന സാമ്പത്തിക പുരോഗതിയുടെ ഗ്രാഫുകൾ പൊള്ളയാണെന്നേ പറയാനാവൂ.

ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ജനശ്രദ്ധ നേടുകയും ചെയ്തപ്പോൾ ജില്ലാ കളക്ടർ പറഞ്ഞത്, ആംബുലൻസ് ഏർപ്പാടാക്കുന്നതുവരെ കാത്തിരിക്കാൻ ദാനാ മാഞ്ചി തയാറാകാതെ മൃതദേഹവും എടുത്തുകൊണ്ട് നടക്കുകയായിരുന്നു എന്നാണ്. ഇത്തരം വാദങ്ങൾ ഉയർത്തി അവരെ അപമാനിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥത്തിൽ പാവപ്പെട്ടവർ വീണ്ടും അപമാനിക്കപ്പെടുകയാണ്. അധികാരകേന്ദ്രങ്ങൾ സ്വയം ന്യായീകരിക്കാൻ ഉയർത്തുന്ന പതിവു പല്ലവികളുടെ ഗണത്തിൽനിന്നും വ്യത്യസ്തമല്ല ഇതും. ഒരു ദിവസം കാത്തിരിക്കണമെന്നു പറഞ്ഞാലും മൃതദേഹവുമായി ആ ഭർത്താവ് നടന്നുപോകുമെന്ന് ചിന്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ രോദനം കേൾക്കാൻ ആരുമില്ലാതെ വരികയും മുമ്പിൽ യാതൊരു മാർഗവും അവശേഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്വയം സാധ്യമാകുന്നത് ചെയ്യാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.

ഒഡീഷയിൽനിന്ന് ഈ സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ സമാനമായ മറ്റൊരു സംഭവം ഉത്തർപ്രദേശിലെ കാൺപൂരിൽനിന്നും റിപ്പോർട്ടു ചെയ്തിരുന്നു. കൃത്യസയമത്ത് ചികിത്സ ലഭിക്കാതെ പിതാവിന്റെ തോളിൽക്കിടന്ന് മരിച്ചത് ആറാം ക്ലാസുകാരനായ അൻഷായിരുന്നു. പനിയായി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അൻഷിനെ പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടികളുടെ വിഭാഗത്തിലേക്ക് റഫർ ചെയ്തു. ഒരു സ്‌ട്രെച്ചർ ചോദിച്ചെങ്കിലും ആശുപത്രി അധികൃതർ അതുപോലും നൽകിയില്ല. കുട്ടിയേയും ചുമലിൽ ഏറ്റിക്കൊണ്ട് ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു. ഇതിനിടയിൽ പിതാവ് മകനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും നോക്കാൻ ആരും തയാറായില്ലെന്നാണ് പിതാവ് പറയുന്നത്. ഇവിടെയും പതിവുപോലെ അധികാരികൾ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകി.

കുട്ടിയെ അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, അതിനിടയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി അവർ നിശബ്ദത പാലിക്കുന്നു. രോഗം മൂർച്ഛിച്ച ഒരു കുട്ടിയെ മറ്റൊരു വിഭാഗത്തിലേക്ക് റഫർ ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്.

ഈ സംഭവങ്ങൾ പാവപ്പെട്ടവർ നേരിടുന്ന വിവേചനത്തിന്റെ തെളിവുകളാണ്. രാജ്യത്തെ ലക്ഷക്കണക്കിന് പട്ടിണിപാവങ്ങളുടെ പ്രതിനിധികളാണ് ദാനാ മാഞ്ചിയും അൻഷായുമൊക്കെ. ഇതിനെ ഒറ്റപ്പെട്ടതെന്ന് മാറ്റിനിർത്താനാവില്ല. രാജ്യത്തെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വലിയൊരു വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദുരിതപൂർണമായ ജീവിതമാണ് ഇവരിലൂടെ വെളിപ്പെടുന്നത്. ദാരിദ്ര്യത്തിന്റെയും അസൗകര്യങ്ങളുടെയും നടുവിലാണ് അവർ ഇപ്പോഴും. സാധാരണക്കാർക്ക് ഇന്നും അപ്രാപ്യമാണ് ഭരണസംവിധാനങ്ങൾ. വടക്കേന്ത്യയിൽ 100 കിലോമീറ്ററിനുള്ളിൽ ആശുപത്രികൾ ഇല്ലാത്ത ഗ്രാമങ്ങളുണ്ട്. അവരുടെ ജീവിതനിലവാരത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമ്പോഴേ രാജ്യം പുരോഗമിച്ചു എന്ന് പറയാൻ കഴിയൂ.

ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ഇടയിലാണ് ക്രിസ്ത്യൻ മിഷനറിമാർ പ്രവർത്തിക്കുന്നത്. പല പ്രദേശങ്ങളിലുംനിന്ന് പട്ടിണി മരണങ്ങളെപ്പറ്റിയുള്ള വാർത്തകൾ കേൾക്കാതായതിന്റെ കാരണം മിഷനറിമാരുടെ ത്യാഗപൂർവമായ പ്രവർത്തനങ്ങളാണ്. അവരുടെ നാനാവിധത്തിലുള്ള വളർച്ചയ്ക്ക് യഥാർത്ഥത്തിൽ രാജ്യം കടപ്പെട്ടിരിക്കുന്നത് മിഷനറിമാരോടാണ്. അവിടങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കുകയും ദരിദ്ര ജനവിഭാഗങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് അവസരം ഒരുക്കിയതും മിഷനറിമാരായിരുന്നു. മക്കളെ സ്‌കൂളുകളിൽ അയച്ച് വിദ്യാഭ്യാസം നൽകണമെന്നുള്ള ബോധ്യങ്ങൾ മിഷനറിമാരിലൂടെയാണ് അവർക്ക് ലഭിച്ചത്.

വടക്കേ ഇന്ത്യയിൽ ആരോഗ്യ-വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പിന്നോക്കം നില്ക്കുന്ന സ്ഥലങ്ങൾ പരിശോധിച്ചാൽ മിഷനറിമാരുടെ സാന്നിധ്യം അവിടങ്ങളിൽ ഇല്ലെന്നതു വ്യക്തമാകും. സമീപ കാലത്ത് മിഷനറിമാരുടെ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്ന സംഘടനകൾ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനങ്ങളെ കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ആ പാവങ്ങൾ രാഷ്ട്രീയ വളർച്ചക്കുള്ള ചവിട്ടുപടികളും വോട്ടുബാങ്കുകളും മാത്രം.

അവരുടെ ശോചനീയമായ ജീവിത സാഹചര്യങ്ങൾ ഒട്ടും അലട്ടുന്നില്ല. അവരുടെ സമ്പൂർണ വളർച്ച ലക്ഷ്യമാക്കുന്നതാണ് മിഷനറിമാർ പലരുടെയും കണ്ണിലെ കരടാകാൻ കാരണം. അതു പറയാൻ കഴിയാത്തതിനാൽ മിഷനറിമാർക്ക് എതിരെയുള്ള നീക്കങ്ങൾക്ക് മതംമാറ്റത്തിന്റെയും വർഗീയതയുടെയും നിറം നൽകുകയാണ്.

വികസനത്തിന്റെയും വളർച്ചയുടെയും അളവുകോലുകളിൽ പുനർവിചിന്തനം ആവശ്യമായിരിക്കുന്നു. ഷെയർ മാർക്കറ്റിൽ ഉയർന്നുനില്ക്കുന്ന സൂചികയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കരുത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിശ്ചയിക്കാൻ. മറിച്ച്, ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ ജീവിതാവസ്ഥയിൽ ഉണ്ടാകുന്ന വളർച്ചയുടെ അടിസ്ഥാനത്തിൽക്കൂടി ആയിരിക്കണം.