വഴിതെറ്റി കാട്ടില്‍ അകപ്പെട്ടപ്പോള്‍

0
1259

പരിശുദ്ധ മാതാവുമായി 1965 വരെ എനിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കുടുംബപ്രാര്‍ത്ഥനയിലുള്ള ജപമാലമാത്രം. എന്നാല്‍ 1965-ല്‍ മംഗലം ഡാമില്‍ നൂറേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പകൃഷി ചെയ്തപ്പോള്‍ നിരന്തരം കാട്ടാനകളുടെ ശല്യം നിമിത്തം ജോലിക്കാര്‍ വരാതായി. അന്ന് ഞാന്‍ വേളാങ്കണ്ണി മാതാവിന് വെള്ളികൊണ്ട് ഒരു കൊള്ളിക്കട (കപ്പ) പണിത് എത്താമെന്നും എന്റെ കൃഷിയിടങ്ങളില്‍നിന്ന് കാട്ടാനശല്യം മാറ്റിത്തരണമെന്നും പ്രാര്‍ത്ഥിച്ചു. അതിനുശേഷം ഞാന്‍ പറമ്പികുളം, തിരുനെല്ലി തുടങ്ങി നിരന്തരം കാട്ടാനകള്‍ ഉള്ള സ്ഥലത്ത് ആയിരം ഏക്കര്‍വരെ സ്ഥലത്ത് കപ്പക്കൃഷി ചെയ്തു. ഒരു കപ്പപോലും ആനകള്‍ നശിപ്പിച്ചിട്ടില്ല. തുടര്‍ന്ന് എല്ലാ വര്‍ഷവും വേളാങ്കണ്ണിയില്‍ 2010 വരെ മുടങ്ങാതെ എന്റെ ചെലവില്‍ പലരെയും കൊണ്ടുപോകുമായിരുന്നു. തുടര്‍ന്നുള്ള എന്റെ ഉയര്‍ച്ചയ്‌ക്കെല്ലാം കാരണം മാതാവിന്റെ മധ്യസ്ഥശക്തിയാണെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞാന്‍ ഭൂമുഖത്ത് ജീവിക്കുന്നതുതന്നെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥംകൊണ്ടാണ്.
ഏതാനും വര്‍ഷം മുമ്പ് ഞാന്‍ ആയിരം നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. കുലച്ച വാഴകള്‍ ഒരു പ്രളയകാലത്ത് നാലുദിവസം വെള്ളത്തില്‍ മുങ്ങി. പിന്നീട് വാഴയുടെ പടലകള്‍ പഴുത്തുപോകാതിരിക്കാന്‍ എല്ലാ ദിവസവും വാഴയില്‍ കൈവകള്‍വച്ച് നന്മനിറഞ്ഞ മറിയം എന്ന നമസ്‌കാരം ചൊല്ലുമായിരുന്നു. അത്ഭുതമെന്നു പറയട്ടെ, എല്ലാ വര്‍ഷത്തെക്കാളും നല്ല കുലകളായി അവമാറി.
ഒരു പ്രാവശ്യം ഞാന്‍ ഓടിച്ചിരുന്ന കാറിന് എതിരെ ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുവന്നു. എല്ലാം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കണ്ണടച്ച് സ്റ്റിയറിങ്ങില്‍ തലവച്ചു. അപ്പോള്‍ ഞാന്‍ കണ്ടത് പരിശുദ്ധ അമ്മയുടെ വിമലഹൃദയമാണ്. അത്ഭുതം! കാറിന്റെ വലതുവശത്തുള്ള ഹെഡ്‌ലൈറ്റ് പൊട്ടിയതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഒരിക്കല്‍ ഞാന്‍ ഹസന്‍ബാവ എന്നൊരു സഹോദരമായി പൊരിങ്ങല്‍ ഡാമിന്റെ മുകളിലുള്ള വനത്തില്‍ കരിംകുരങ്ങിനെ കാണാന്‍ പോയി. വഴിതെറ്റി അലഞ്ഞ് ഒരു ഈറ്റക്കാട്ടില്‍ ചെന്നുപെട്ടു. മുമ്പില്‍ ഉദ്ദേശം നൂറടി അകലെ അഞ്ച് കാട്ടാനകള്‍ എനിക്കെതിരെ വന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷം. ഞാന്‍ പറഞ്ഞു: ”നമുക്ക് വേളാങ്കണ്ണി മാതാവിനെ വിളിക്കാമെന്ന്.” അത്ഭുതം എന്ന് പറയട്ടെ, എങ്ങനെയാണ് ഞങ്ങള്‍ റോഡിലെത്തിയതെന്ന് ഓര്‍മിക്കുന്നില്ല. ഹബക്കുക്ക് പ്രവാചകന്റെ കയ്യില്‍ പിടിച്ച് സിംഹക്കുഴിയില്‍ നിന്ന് രക്ഷപെട്ട അനുഭവം.
പറമ്പിക്കുളം ഡാംസൈറ്റില്‍നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ രാത്രി പത്തുമണിക്ക് കുഴിയാന്‍കുറ്റിയുള്ള പണിസ്ഥലത്തേക്ക് ജീപ്പ് ഓടിച്ചുപോവുകയായിരുന്നു. നിരന്തരം കാട്ടാനയും കാട്ടുപോത്തും പോലുള്ള വന്യമൃഗങ്ങളുള്ള സ്ഥലത്തുകൂടെയാണ് പോയതും തിരിച്ചുവന്നതും. അതിനുശേഷം സിസ്റ്റര്‍ എല്‍സി മാത്യു പ്രാര്‍ത്ഥിച്ചപ്പോള്‍ ഈ രംഗങ്ങള്‍ ദര്‍ശനത്തില്‍ കാണുകയും ആ സമയം മാതാവ് രക്തക്കണ്ണീര്‍ ചിന്തി പ്രാര്‍ത്ഥിക്കുന്നതും കണ്ടു. എന്നെ സംബന്ധിച്ച് ആ വഴിയും തിരിച്ചെത്തിയതും വലിയ അത്ഭുതം തന്നെയാണ്.
2010-ല്‍ വീട്ടിലുള്ള മാതാവിന്റെ മുമ്പില്‍ ഇരുന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് പ്രാര്‍ത്ഥിച്ചപ്പോള്‍ വേളാങ്കണ്ണി മാതാവിനെ ദര്‍ശനത്തില്‍ കണ്ടു. വികാരിയച്ചന്‍ വര്‍ഗീസ് പാണാടനുമായി ഇക്കാര്യം പങ്കുവച്ചപ്പോള്‍ അച്ചന്‍ പറഞ്ഞത്, കുറ്റിക്കാട് വേളാങ്കണ്ണി മാതാവിന്റെ രൂപമോ കപ്പേളയോ ഇല്ലെന്നും മൂന്നുസെന്റ് സ്ഥലത്ത് കപ്പേള പണിത് വേളാങ്കണ്ണി മാതാവിന്റെ രൂപം വയ്ക്കുവാനുമാണ്. അതുപ്രകാരം മൂന്നുസെന്റ് സ്ഥലം കൊടുത്ത് നല്ലൊരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ച് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചു. മാതാവിന്റെ മധ്യസ്ഥതയാണ് ഇന്ന് എന്നെ യും കുടുംബത്തെയും നയിക്കുന്നത്.

പി.ഡി.പൗലോസ്