വാട്ട്‌സ് ആപ്പ് പ്രാര്‍ത്ഥനാ കൂട്ടയ്മയിലേക്ക്‌

0
176

ആധുനിക ലോകത്തിലെ പ്രശസ്ത സാമൂഹികമാധ്യമമായ ‘വാട്ട്‌സ് ആപ്പി’ലൂടെ യുവജനങ്ങളെ ദൈവത്തിലേക്കടുപ്പിക്കുക എന്ന ആശയത്തിന് ജര്‍മനിയിലെ ‘ഔസ്ബുര്‍ഗ്’ രൂപത തുടക്കമിട്ടു. പ്രാര്‍ത്ഥനാകൂട്ടായ്മക്ക് ഊന്നല്‍ കൊടുക്കുന്ന ‘വാട്ട്‌സ് ആപ്പ്’ ഗ്രൂപ്പില്‍ ആരംഭത്തില്‍ത്തന്നെ ആയിരം യുവജനങ്ങള്‍ അംഗങ്ങളായ പദ്ധതിയുടെ വിജയമായിട്ടാണ് കാണുന്നത്.
വിശ്വാസജീവിതത്തോടും പ്രാര്‍ത്ഥനയോടും വൈമുഖ്യം കാണിക്കുന്ന യുവജനങ്ങളെ അവര്‍ ഇഷ്ടപ്പെടുന്ന സാമൂഹിക മാധ്യമത്തിലൂടെ തിരിച്ചുകൊണ്ടുവരാന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ പലപദ്ധതികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘സമ്പത്ത് കൂടുമ്പോള്‍ ദൈവം വേണ്ട’ എന്ന വിചാരം നിരാശതയിലാണ് കൊണ്ടുചെന്നെത്തിക്കുന്നതെന്നും മാനസിക സംതൃപ്തി ഉണ്ടാകില്ലെന്നും മറിച്ച്, ദൈവം കൂടെ ഉണ്ടെങ്കിലേ സന്തോഷവും സമ്പാദ്യവും നേടൂ എന്നുമുള്ള ഉള്‍ചിന്ത യുവജനങ്ങളില്‍ ആഴപ്പെടാനും ഈ വാട്ട്‌സ് ആപ്പ് പ്രാര്‍ത്ഥനാകൂട്ടായ്മ സഹായിക്കും എന്ന വിശ്വാസത്തിലാണ് ഔസ്ബുര്‍ഗ് രൂപത.
‘ഒരുമിച്ച് പ്രാര്‍ത്ഥിക്കാം’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വാട്ട്‌സ് ആപ്പ് കൂട്ടായ്മ, യുവജനങ്ങളില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനാമനോഭാവം വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് സഹായകരമായ ചിന്തകള്‍ ദിവസവും പ്രഭാതത്തില്‍ ‘ഒരുമിച്ച് പ്രാര്‍ത്ഥിക്കാം’ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ എത്തുന്നു.
ഔസ്ബുര്‍ഗ് രൂപതയുടെ സഹായമെത്രാന്‍ ഫ്‌ളോറിയന്‍ വോര്‍ണര്‍ ആയിരുന്നു ഈ നവീന പദ്ധതിയായ ‘ഒരുമിച്ച് പ്രാര്‍ത്ഥിക്കാം’ എന്ന ഗ്രൂപ്പില്‍ ആദ്യവിചിന്തനം പങ്കുവച്ചത്. ‘ഈ സര്‍ഗാത്മസൃഷ്ടി നമ്മുടെ നന്മയ്ക്കാണ്. യുവജനങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയ്ക്ക് ഈ പദ്ധതി സഹായകമാകട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യവാക്കുകള്‍.
2016-ല്‍ പോളണ്ടിലെ ക്രാക്കാവ് എന്ന പട്ടണത്തില്‍വച്ച് നടന്ന ലോകയുവജന സംഗമത്തിന്റെ പ്രതിഫലനമാണ് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന ആശയത്തിന് തുടക്കമിട്ടത്. മാര്‍പാപ്പയുടെ പ്രസംഗവും മറ്റ് വിചിന്തനങ്ങളും ഒരുകൂട്ടം ചെറുപ്പക്കാരുടെ ഉള്ളില്‍ ദൈവാന്വേഷണത്തിന്റെ കനല്‍ തെളിയിച്ചപ്പോള്‍, ആ ആത്മീയജ്വാല ഒട്ടനവധി യുവജനങ്ങള്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമൊരുക്കുകയായിരുന്നു.
ഇത് ഈ കൂട്ടായ്മയില്‍ ജര്‍മനിയിലും ഓസ്ട്രിയായിലുമായി ആയിരംപേര്‍ വീതമുള്ള അമ്പതോളം കൂട്ടായ്മകളായി രൂപംകൊണ്ടിട്ടുണ്ട്. സഹായപ്രവര്‍ത്തനങ്ങള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നീ പ്രധാന കാര്യങ്ങള്‍ യുവജനങ്ങളില്‍ എത്തിക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ഗുണങ്ങള്‍.
ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ ഒരുമിച്ച് കൂടുകയും പ്രാര്‍ത്ഥിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. എല്ലാ യുവജനങ്ങളും ദിവസത്തില്‍ 15 മിനിട്ടെങ്കിലും ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കണം എന്നതാണ് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന കൂട്ടായ്മയുടെ ലക്ഷ്യം.
അത് സുപ്രഭാതത്തില്‍ ആണെങ്കില്‍ ഉത്തമം. അതിരാവിലെ തന്നെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിചിന്തനത്തിന്റെ ശബ്ദരേഖ സന്ദേശമായെത്തും. ആ വിചിന്തനം കേട്ടതിനുശേഷം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് സമയം ഉപയോഗപ്പെടുത്തുക. ഇതാണ് ഈ കൂട്ടായ്മയുടെ രീതി.
മറ്റുപല രാജ്യങ്ങളിലും ഇതിനോടകംതന്നെ പ്രാര്‍ത്ഥനാസന്ദേശങ്ങള്‍ കൈമാറുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും യുവജനങ്ങള്‍ ഛിന്നഭിന്നമായിപ്പോകുന്ന യൂറോപ്പുപോലുള്ള രാജ്യങ്ങളില്‍, ഇത്തരത്തിലുള്ള യുവജനസമൂഹം കെട്ടിപ്പടുക്കുക ദുഷ്‌ക്കരമാണ്. ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന യുവജനങ്ങളുടെ ഈ പ്രാര്‍ത്ഥനാകൂട്ടായ്മ വര്‍ത്തമാനകാലത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു