വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന ചില ‘രോഗലക്ഷണങ്ങൾ’!

1478
Woman with her daughter sitting in a cafe

അറിവാകാത്ത കുഞ്ഞുങ്ങൾ നിങ്ങളുടെ ഫോൺ എടുത്തെറിയുന്ന സ്വഭാവം കാണിക്കാറുണ്ടോ? നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധ ക്ഷണിക്കാനായി അധികമായി കരയുന്നുണ്ടോ? ഫോൺ വിളിക്കുമ്പോൾ അകാരണമായി വഴക്കുണ്ടാക്കാറുണ്ടോ? എങ്കിൽ, നിഷ്‌കളങ്കരായ അവർ പറയാതെ പറയുന്ന ചില പ്രശ്‌നങ്ങളുണ്ട്.

കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും, ബിസിനസ്സ് മീറ്റിംഗുകൾ നടക്കുമ്പോഴും, യാത്രയിലുമൊക്കെ സർവസാധാരണമായി കാണുന്ന കാഴ്ചയാണ് ഫോണിൽ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നവരുടെ നീണ്ട നിര. മെസേജുകൾ അയയ്ക്കുന്നവരും, പുതുതായി എന്തെങ്കിലുമുണ്ടോ എന്നു പരതുന്നവരും, തനിയെ ചിരിക്കുന്നവരും, സന്ദേശം വായിച്ച് ആഴമായ ചിന്തയിൽ മുഴുകുന്നവരും ഒന്നും കുറവല്ല.

സ്‌പെയിനിലെ സലമാംഗ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനായ പ്രഫസർ ഫെർണാണ്ടോ മാർട്ടിനെസ് വാൽവെ അടുത്തിടെ ഡിജിറ്റൽ ജേർണലിസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തുകയുണ്ടായി. വാട്‌സാപ്പ് ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന അധികമായ കോപിക്കുന്ന സ്വഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്നൊരു നീരീക്ഷണ പഠനം അദ്ദേഹം പുറത്തുവിട്ടു.

അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ; ആശയവിനിമയം മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതും അതിപ്രധാനവുമാണ്. ജോലി, പഠനം, വിനോദം തുടങ്ങി ആത്മീയവും ഭൗതികവുമായ പല കാര്യങ്ങളിലും സന്ദേശം അയയ്ക്കലും സ്വീകരിക്കലും ഉപയോഗപ്രദമാണ്. ആശയവിനിമയത്തിലൂടെ പങ്കുവയ്ക്കലും, പ്രശ്‌നപരിഹാരവും, ലളിതജീവിതവും, സൗഹൃദവും, സ്‌നേഹവും എല്ലാം സാധ്യമാകുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ പൂർണതയിലേക്കുള്ള വളർച്ച ആശയവിനിമയത്തിലൂടെ സാധ്യമാകുന്നുണ്ട്. വ്യക്തിത്വ വികസനവും, സമൂഹവളർച്ചയും ഇതിലൂടെ ഉണ്ടാകുന്നുണ്ട്.

ഒരുമിച്ച് കൂടാനും, മറന്നുപോയവ കണ്ടെത്താനും, ഓർമ്മപ്പെടുത്തലുകൾ നടത്താനും, അത്മീയ വളർച്ചയ്ക്കുള്ള സന്ദേശങ്ങൾ സ്വീകരിക്കാനും എല്ലാം വളരെ പെട്ടന്നുള്ള ഈ മെസേജ് സിസ്റ്റം സഹായിക്കാറുണ്ട്. ഇതെല്ലാം വാട്‌സാപ്പിന്റെ നല്ല വശങ്ങൾ. ഇതിലുമധികമുണ്ടെന്നും നമുക്കറിയാം.

പക്ഷേ, അറിയാതെ ഫോണിലേക്ക് കൈപോകുന്ന ഒരവസ്ഥയിൽ നിങ്ങളെത്തിയിട്ടുണ്ടോ? യാതൊരു സന്ദേശവും പുതുതായി വായിക്കാനില്ലാത്തപ്പോൾ ഹൃദയത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടോ? ഇവിടെ ആശയവിനിമയം എന്ന വസ്തുത ‘അടിമത്തമായി’ നിങ്ങളിൽ രൂപം കൊണ്ടു എന്ന സത്യം തിരിച്ചറിയണം. വാട്‌സാപ്പില്ലാതെ ശൂന്യത അനുഭവപ്പെടുന്നതുപോലെ… ഇന്റർനെറ്റ് നഷ്ടമായാൽ ഒരുനിമിഷം പോലും സ്വസ്ഥത അനുഭവിക്കാൻ കഴിയാത്ത ്‌വസ്ഥ.

ഭക്ഷണം നല്ലതാണ്. ശരീരത്തിന് എനർജി ലഭിക്കുന്നതിനും, ജോലി ചെയ്യുന്നതിനുള്ള ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുമാണ് ഒരുവൻ ഭക്ഷിക്കുന്നത്. പക്ഷേ, ആവശ്യത്തിലധികം ഭക്ഷണം ഒരുവനെ രോഗിയാക്കും. എന്തിനുവേണ്ടിയാണോ ഭക്ഷണം കഴിക്കുന്നത് ആ ലക്ഷ്യങ്ങളെത്തന്നെ നശിപ്പിക്കും. ശരീരത്തിന്റെ എനർജി ഇല്ലാതാക്കുകയും ജോലി ചെയ്യുന്നതിനുള്ള സാധ്യതകളെ അടച്ചുകളയുകയും ചെയ്യും അമിതഭക്ഷണം. ഇവിടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. നമ്മുടെ സമാധാനം നശിപ്പിക്കുകയും മറ്റുള്ളവരുമായുള്ള ബന്ധം കുറയ്ക്കുകയും ചെയ്യുന്ന ആശയവിനിമയ ഉപാധി ദോഷകരമായിരിക്കുമെന്നതിൽ സംശയം വേണ്ട. ഇതിനെയാണ് വാട്‌സാപ്പിന്റെ അടിമകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഫെർണാണ്ടോ നടത്തുന്ന ശാസ്ത്രീയമായ ഒരു നിരീക്ഷണമിതാണ്. അമിതമായി വാട്‌സാപ്പ് ഉപയോഗിക്കുന്നവർ വളരെ പരുക്കൻ സ്വഭാവമുള്ളവരായി മാറുന്നു. സെൽഫോൺ അടിമകൾ പരുക്കനായി മാറുന്നത് അവർ പോലും അറിയാറില്ലത്രേ. ഭാര്യയോടും, ഭർത്താവിനോടും, മക്കളോടും, മക്കൾ മാതാപിതാക്കളോടും തട്ടിക്കയറുന്നതിന്റെ ഒരു കാരണം അമിതമായ സെൽഫോൺ ഉപയോഗവും പ്രത്യേകിച്ച് ഇൻസ്റ്റന്റ് മെസേജിംഗ് സിസ്റ്റം ഉപയോഗിക്കലുമാണെന്ന് അദ്ദേഹം കണ്ടെത്തി. അനേകരെ പഠനവിധേയമാക്കിയും, അവരിലെ മാറ്റങ്ങൾ നിരീക്ഷിച്ചുമാണ് ഈ കണ്ടെത്തൽ അദ്ദേഹം ക്ലിപ്തമായ ഡേറ്റയോടെ നൽകിയിരിക്കുന്നത്.

ഉള്ളിലേക്ക് അധികമായി വലിയുന്നതിനാൽ ‘സോറി’ പറയാൻ കഴിയുന്നില്ല. മറ്റുള്ളവരെ ശ്രദ്ധിക്കാതാവുന്നു. മറ്റുള്ളവരുടെ ഇടപെടൽ തന്റെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാകുന്നെന്ന് തോന്നിപ്പോകുന്നു. പരുക്കൻ സ്വാഭാവം അധികമായി കണ്ടുവരുന്നത് വാട്‌സാപ്പ് വഴി അപവാദങ്ങളും, ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, തിന്മയ്ക്ക് കാരണമാകുന്നവയും പങ്കുവയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരിലാണെന്നും അദ്ദേഹം കണ്ടെത്തി.

‘അൺഡിസ്റ്റേർബ്ഡ്’ ആയിരിക്കാൻ അധികമായി ആഗ്രഹിക്കുന്നതാണ് പരുക്കൻ സ്വഭാവം കൂടുതലുണ്ടാകാൻ കാരണം. അടിമത്തം ഉള്ളപ്പോഴാണ് ഡിസ്റ്റർബൻസ് എന്നു തോന്നുന്നവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുക. ദേഷ്യപ്പെടുന്ന മക്കളും, കുഞ്ഞുങ്ങളെ ശല്യമായി കാണുന്ന മാതാപിതാക്കളും ഒക്കെ അതിലുണ്ട്. പിന്നെ, ശാരീരിക സാന്നിധ്യം അടുത്തില്ലാത്തവരുമായി അധികമായി ഇടപെടുകയും അടുത്തുള്ളവരുമായി ഇടപെടാതിരിക്കുകയും ചെയ്യുന്നത് വ്യക്തിത്വത്തെ സഹായിക്കുന്നതിനെക്കാൾ വികലമാക്കുകയാണ് ചെയ്യുന്നത്. കൂടാതെ, അനന്തമായ വിഹായസ്സിലേക്കും നമുക്കു ചുറ്റും നടക്കുന്നവയിലേക്കും കണ്ണോടിക്കേണ്ട നാം ചെറിയൊരു സ്‌ക്രീനിലേക്ക് അധികമായി നോക്കിയിരിക്കുന്നത്, അടച്ചുപൂട്ടപ്പെട്ട വ്യക്തി വളരുന്നതും പുറത്ത് സ്വതന്ത്രനായി നടക്കുന്ന വ്യക്തി വളരുന്നതും പോലെയാണ്. വ്യക്തിത്വത്തിന്റെ സമഗ്രമായ വളർച്ചയെ ഫോണിലുള്ള അധികജീവിതം താറുമാറാക്കുമത്രേ. കുട്ടികളിൽ ബൗദ്ധികമായ അറിവ് വളരുമ്പോഴും, സൗമ്യത, ആർദ്രത, വ്യക്തിത്വം തുടങ്ങിയ മേഖലകളിൽ അവർ പരിമിതികൾ കാണിക്കുന്നുവെങ്കിൽ അധികമായ ഫോൺസ്‌ക്രീൻ ബന്ധമാണെന്ന് തിരിച്ചറിയണം.

അമിതമായ ഭക്ഷണം ആരെയും കീഴടക്കുന്നത് ഒരു മണിക്കൂറുകൊണ്ടോ, ദിവസം കൊണ്ടോ അല്ല. അതുപോലെതന്നെയാണ് അമിതമായ ആശയവിനിമയവും. അടിമയാണോ സ്വതന്ത്രനാണോ എന്നറിയാൻ അല്പ സമയത്തേക്കോ കുറച്ചുദിവസത്തേക്കോ വാട്‌സാപ്പ് പോലുള്ള ഉപാധികൾ വേണ്ടെന്ന് വയ്ക്കണം. അത്യാവശ്യക്കാർക്ക് തീർച്ചയായും നമ്മോട് സംവദിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നറിയുക.

കുടുംബങ്ങളിലാണ് വാട്‌സാപ്പ് അടിമത്തം ഏറ്റവുമധികം ദ്രോഹം ചെയ്യുന്നത്. കുഞ്ഞുങ്ങൾ മാതാപിതാക്കളെ ശ്രദ്ധിക്കുമ്പോൾ അവർ ഏറെനേരവും ഫോണിലാണെങ്കിൽ അതാണ് ജീവിതം എന്നാണവർ പഠിക്കുക. കുറച്ചുനാൾ കഴിയുമ്പോൾ അതല്ല എന്നവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക അത്ര എളുപ്പമാവില്ല. ഇന്ന് കുഞ്ഞുങ്ങളുടെ ജീവിതത്തിലുള്ള അടിമത്തങ്ങൾക്ക് ഒരുപരിധിവരെ മതാപിതാക്കളും കാരണക്കാരാകുന്നുണ്ട്.

ബന്ധങ്ങളിലെ ഊഷ്മളത നഷ്ടമാകുമ്പോഴാണ് ഫോണിൽ സമയം ചിലവഴിക്കുന്ന കുടുംബാംഗങ്ങൾ കൂടിവരുന്നത്. ശ്രദ്ധിക്കാൻ ആളില്ലാതാകുമ്പോഴാണ് യുവജനങ്ങൾ അമിതമായി ഫോണിനെയും ഇന്റർനെറ്റിനെയും ആശ്രയിച്ചുതുടങ്ങുന്നത്. അവർ പറയുന്നത് കേൾക്കുവാനും, ക്ഷമയോടെ ചർച്ചകൾ നടത്തുവാനും ആളുണ്ടെങ്കിൽ അടിമത്തം ഒരുപരിധിവരെ കുറയ്ക്കാനാകും. പങ്കുവയ്ക്കലും, സംസാരവും, തുറന്നുപറച്ചിലുമുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ഫോൺ അടിമത്തം കാണിക്കുന്നത് താരതമ്യേന കുറവായിരിക്കും.

ജിന്റോ മാത്യു