വാൽഷിഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് !

പ്രഥമ വാൽഷിഹാം തീർത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൻ

392
യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാൽഷിഹാം തിരുനാൾ ഈ വർഷം ജൂലൈ 16ന് എറെ ആഘോഷപൂർവം നടത്താനുള്ള ഒരുക്കത്തിലാണ് സഭാ നേതൃത്വവും വിശ്വാസികളും. യു.കെയിൽ സീറോ മലബാർ സഭയിടെ സ്വന്തം രൂപതയും ബിഷപ്പും നിലവിൽ വന്നശേഷമുള്ള ആദ്യത്തെ തീർത്ഥാടനം എന്ന നിലയിൽ ഇക്കുറി ഈ മഹാസംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചാവഴിയിൽ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടും. ഒരു കൊച്ചു നീർച്ചാലായി തുടങ്ങി കരകവിഞ്ഞൊഴുകുന്ന മഹാനദിയായി തീരുന്ന പ്രകൃതിയുടെ അത്ഭുതം തന്നെയാണ്, വാൽഷിഹാം തീർത്ഥാടനത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ദൈവം നൽകിയ പരിപാലനയിൽ കാണാനാകുക.
മാതൃസ്‌നേഹം നെഞ്ചിലേറ്റിയ പ്രവാസി വിശ്വാസികൾ
ഇംഗ്ലണ്ടിലേക്കുള്ള സീറോ മലബാർ തനയരുടെ കുടിയേറ്റം ആരംഭിച്ചിട്ട് ഏതാണ്ട് 15 വർഷമേ ആയിട്ടുള്ളൂ. ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് പ്രവാസ ജീവിതത്തിന്റെ നെരിപ്പോടിൽ ഉഴറിയ നാളുകളിൽ  മലയാളികളായ മരിയ ഭക്തർ മറുനാട്ടിലെ ഉറവവറ്റാത്ത മാതൃസ്‌നേഹമായി അനുഭവിച്ചറിഞ്ഞ അമ്മയാണ് വാൽഷിഹാം മാതാവ്. ആ ഉറച്ചബോധ്യത്തിൽനിന്നാണ് ഫാ. കാനൻ മാത്യു വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ആംഗ്ലിയയിലെ ഒരുകൂട്ടം സീറോ മലബാർ സഭാംഗങ്ങൾ 10 വർഷംമുമ്പ് വാൽഷിഹാം തീർത്ഥാടനം ആരംഭിച്ചത്. എളിയരീതിയിൽ ആ രംഭിച്ച ഈ പുണ്യ സംഗമം ഇന്ന് ആളുകൊണ്ടും അർത്ഥം കൊണ്ടും യൂറോപ്പിലെ മലയാളികളുടെ എണ്ണം പറഞ്ഞ മരിയൻ തീർത്ഥാടനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
ഇംഗ്ലണ്ടിന് പുറമെ യൂറോപ്പിന്റെ പല ഭാഗങ്ങളിൽനിന്നും വിശ്വാസം തുടിക്കുന്ന ഹൃദയങ്ങളും പ്രാർഥനകൾ നിറഞ്ഞ അധരങ്ങളുമായി പരിശുദ്ധ അമ്മയുടെ അരികിലെത്തി രോഗസൗഖ്യവും മനശാന്തിയും ഉൾപ്പെടെയുള്ള അനുഗ്രഹങ്ങളും നേടുന്ന നാനാ ജാതി മതസ്ഥരായ മലയാളി ഭക്തരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. സദ്‌വാർത്തയുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽഷിഹാം മാതാവിന്റെ ചാപ്പലിൽ എത്തി പ്രാർത്ഥിച്ചു നേടിയ അത്ഭുതങ്ങളുടെ സാക്ഷ്യങ്ങൾ നിരവധിയാണ്.
ആധുനികതയിൽനിന്ന് അകന്ന സുന്ദര ഭൂമി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സകലവിധ ആർഭാടങ്ങളോടുംകൂടി ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്ത്  നിലകൊള്ളുന്ന കൊച്ചു പട്ടണമാണ് നോർവിച്ച്. ഇവിടെനിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയുന്ന സുന്ദരമായ ഗ്രാമമാണ് ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാൽഷിഹാം. ഇവിടെ എത്തുന്ന ഏവരും ഒരുപോലെ ചോദിക്കുന്ന ഒരു കാര്യമുണ്ട്: എന്താണിവിടെമാത്രം മറ്റെങ്ങുമില്ലാത്ത പ്രകൃതി സൗന്ദ്യര്യവും ശാന്തതയും അനുഭവപ്പെടുന്നത്?
അതിന്റെ ഉത്തരം ഒറ്റവാക്യത്തിൽ ഇപ്രകാരം സംഗ്രഹിക്കാം: പരിശുദ്ധ കന്യകാമറിയം നൂറ്റാണ്ടുകൾക്കുമുമ്പേ പേര് പറഞ്ഞു തിരഞ്ഞെടുത്ത മണ്ണാണിത്. അതെ, ആ അമ്മയുടെ സാന്നിധ്യം ഈ പ്രദേശമാകെ നിറഞ്ഞു നിൽക്കുന്നു. ഓരോ നിമിഷവും ഇവിടെ അലയടിക്കുന്ന ഇളംകാറ്റുപോലും പരിശുദ്ധ അമ്മയുടെ ശ്വാസോച്ഛാസമായാണ് വിശ്വാസികൾ കാണുന്നത്. അതൊന്നുമാത്രമാണ് അവാച്യമായ ഈ അനുഭൂതിക്ക് കാരണം. ഇത് ഭംഗിവാക്കല്ല, അത്രയും ഹൃദയസ്പർശിയും സത്യസന്ധവുമായ ഒരു ചരിത്രമാണ് ഈ പുണ്യസ്ഥലത്തിന് പങ്കുവെക്കാനുള്ളത്..
അമ്മയുടെ ദാസിയായ പ്രഭു കുമാരി
എ.ഡി 1061. ക്രിസ്തുശിഷ്യർ ജീവിതംവരെ പണയംവെച്ച്, അനേക കഷ്ടതകൾ സഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാകിയ ആദിമ ക്രിസ്തീയസഭയുടെ വിത്തുകൾ പൊട്ടിമുളച്ച് വളർന്നു തുടങ്ങിയ കാലം. ലോകം കീഴടക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഇംഗ്ലീഷ് ജനത കടൽയാത്രകൾ തുടങ്ങുന്നതിനും രണ്ട് നൂറ്റാണ്ടുമുമ്പുള്ള കാലം. വലിയ ഭൂസ്വത്തിന് ഉടമകളായ ഏതാനും പ്രഭുക്കളുടെമാത്രം കൈവശമായിരുന്നു അന്നാളുകളിൽ ഇംഗ്ലണ്ടിലെ അധികാരവും സമ്പത്തും.
എങ്കിലും ആ നാളുകളിൽതന്നെ ക്രിസ്തുവിനെയും അവിടുത്തെ അമ്മയെയും നെഞ്ചിലേറ്റിയ ഒരു വിഭാഗം ജനത ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. വിശിഷ്യാ, കിഴക്കൻ പ്രവിശ്യകളിൽ. അങ്ങിനെയുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു വാൽഷിഹാം. തികഞ്ഞ ക്രിസ്തു ഭക്തനായ എഡ്‌വേർഡ് രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു അന്ന് ആ പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്നു റിച്ചെൽഡിസ പ്രഭ്വി.
പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തയായിരുന്ന ഈ വനിത പുണ്യകർമങ്ങൾക്കും ഭക്ത ജീവിതത്തിനും വലിയ പ്രാധാന്യമാണ് കൽപ്പിച്ചത്. മാത്രമല്ല, മറ്റുള്ളവരെ അതിനായി നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അവർ. പരിശുദ്ധ കന്യകാ മറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്~ിച്ച ഈ വനിത, മാതാവിനായി മഹത്തായ കാര്യം ചെയ്യണമെന്നും ആഗ്രഹിച്ചു. ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പ്രത്യുത്തരിച്ച് ദൈവഹിതത്തിനായി സ്വയം വിട്ടുകൊടുത്ത ദൈവജനനിയുടെ ദാസിയായി തന്നെ ഏറ്റെടുക്കണമേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ച ആ കുലീനയുടെ ആഗ്രഹപൂർത്തികരണത്തിനായി പരിശുദ്ധ അമ്മ ഒരു ദർശനത്തിലൂടെ തന്റെ ആഗ്രഹം വെളിപ്പെടുത്തി.
മഞ്ഞുതുള്ളികളിൽ വിരിഞ്ഞ അത്ഭുതം 
ഒരുനാൾ കന്യകാമറിയത്തോടുള്ള ഗാഢമായ പ്രാർത്ഥനക്കുശേഷം കിടന്നുറങ്ങിയ റിച്ചെൽഡിസക്ക് മാതാവ് സ്വപ്‌നത്തിൽ വളരെ സവിശേഷമായ ഒരു ദർശനം നൽകി. സ്വപ്‌നത്തിൽ അമ്മ അവളെ കൂട്ടിക്കൊണ്ടുപോയത് താൻ ജനിച്ചുവളർന്ന നസ്രത്തിലെ വീട്ടിലേക്കായിരുന്നു. കുട്ടിയായിരിക്കുമ്പോൾ താൻ ഓടിക്കളിച്ച മുറ്റവും വീട്ടുജോലികളിൽ തന്റെ മാതാപിതാക്കളെ സഹായിച്ച ഇടങ്ങളുമെല്ലാം പരിശുദ്ധ അമ്മ റിച്ചെൽഡിസയെ  കാട്ടിക്കൊടുത്തു.
ഏറ്റവും ഒടുവിൽ, കന്യകാമറിയം അവരെ ഒരു പ്രത്യേക മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. താൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഗബ്രിയേൽ ദൂതൻ മംഗളവാർത്തയുമായി പ്രത്യക്ഷപ്പെട്ട മുറിയുടെ ദർശനമായിരുന്നു അത്. ആ മുറിയുടെ അളവുകൾ കൃത്യമായി എടുക്കാൻ ആവശ്യപ്പെട്ട  അമ്മ അതിനായി തന്റെ ഭക്തയെ സഹായിക്കുകയും ചെയ്തു. ഈ ദർശനം തുടർച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ പ്രഭ്വിക്കുണ്ടായി.
എളിമയിൽ വളർന്ന തന്നെ ‘നന്മ നിറഞ്ഞവളെ’ എന്ന് അഭിസംബോധനചെയ്തുകൊണ്ട് ദൈവദൂതൻ പ്രത്യക്ഷപ്പെട്ട, ലോകത്തിന്റെ മുഴുവനും നാഥനാകാൻ പോകുന്നവന്റെ അമ്മയാകുള്ള സദ്‌വാർത്ത അറിയിച്ച അതേ ഗൃഹത്തിന്റെ അളവുകളിൽ ഒരു ദൈവാലയം പണിയാനും അതിന് സദ്‌വാർത്തയുടെ ആലയമെന്ന് പേര് നൽകാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസംതന്നെ, ദർശനത്തിൽ കണ്ട പ്രകാരമുള്ള ദൈവാലയം നിർമിക്കാൻ ശിൽപ്പികളെയും പണിക്കാരെയും റിച്ചെൽഡിസ പ്രഭ്വി വിളിച്ചു കൂട്ടി.
തന്റെ സ്വപ്‌നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിച്ച അവർ ഏറ്റവും അടുത്ത ദിവസംതന്നെ പണി തുടങ്ങാനും ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴാണ് ഒരു വലിയ സംശയം റിച്ചെൽഡിസക്ക് ഉണ്ടായത്. എവിടെ ദൈവാലയം പണിയണം എന്ന കാര്യത്തിൽ  ഒരു വ്യക്തതയും ഇല്ല. ഉടൻ തന്നെ ആ വനിതാ രത്‌നം തന്റെ പ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥനക്കിടയിൽ ഉണ്ടായ ദർശനത്തിൽ മാതാവ് ഒരു കാര്യം ഉറപ്പു നൽകി: ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികൾ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ആലയ നിർമാണം ആരംഭിക്കാം.’
അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവർക്കായി ഒരുക്കിയത്. മുഴുവൻ പുൽമേടുകളും പുൽമൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാൽഷിഹാമിൽ അന്ന് പതിവിൽനിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങൾ പെയ്തിറങ്ങി. അത് നേരം പുലരുവോളം ഇടതടവില്ലാതെ തുടർന്നു. പിറ്റേന്ന് പുലർച്ചെ റിച്ചെൽഡിസ പ്രഭ്വിക്കൊപ്പം ഗ്രാമവാസികൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
എങ്ങും മഞ്ഞുകണങ്ങളാൽ മൂടിയ പുൽനാമ്പുകൾ. എന്നാൽ ഒരു പുൽമൈതാനത്തിലെ രണ്ടിടങ്ങൾമാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പിന്നെ ഒട്ടും അമാന്തമുണ്ടായില്ല. അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളിൽ ഏറ്റവും നല്ല ഭാഗത്തായി ദൈവാലയ നിർമാണം ആരംഭിച്ചു. ഒരുവശത്ത് ശിൽപ്പികളും പണിക്കാരും കൈയ്യും മെയ്യും മനസ്സും അർപ്പിച്ചു അധ്വാനിക്കുമ്പോൾ, മറുവശത്ത് അവർക്കു തുണയും ശക്തിയും പകരാൻ ക~ിനമായ ഉപവാസത്തിലും പ്രാർത്ഥനയിലും റിച്ചെൽഡിസ സമയം ചെലവഴിച്ചു.
പിന്നെയും തുടർന്നു അത്ഭുതങ്ങൾ
തന്റെ ആലയനിർമിതിയിൽ കേവലം മനുഷ്യരുടെ അധ്വാനംമാത്രം പോരാ എന്ന് പരിശുദ്ധ അമ്മ മുൻകൂട്ടി തീരുമാനിച്ച പോലെയായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ. ദൈവാലയത്തിന്റെ അടിത്തറ നിർമാണത്തിൽ വളരെ ക്ലേശകരമായ ഒരവസ്ഥ സംജാതമായി. എത്ര ശ്രമിച്ചിട്ടും അടിത്തറയുടെ കല്ലുകൾ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെൽഡിസ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചശേഷം തന്റെ ക~ിനമായ പ്രാർത്ഥന തുടർന്നു. താൻ ഏറെ വിശ്വസിക്കുന്ന പരിശുദ്ധ മറിയത്തിന്റെ പ്രേരണയാൽ പണി തുടങ്ങിയ ആലയം അമ്മ തന്നെ പൂർത്തീകരിക്കും എന്ന് ആ ഭക്തസ്ത്രീ ഉറച്ചുവിശ്വസിച്ചു.
പിറ്റേന്ന് രാവിലെ പണി സ്ഥലത്തു തിരികെയെത്തിയ ശിൽപ്പികളും പണിയാളുകളും കണ്ടത്, തങ്ങൾക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളിൽ ഏതാണ്ട് 200 അടികളോളം ഉയരത്തിൽ ഏറെ ശിൽപ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയർന്നു നിൽക്കുന്ന ദൈവാലയമായിരുന്നു. പണി തുടരാനാവാതെ റിച്ചെൽഡിസ വിഷമിച്ചു പ്രാർത്ഥിച്ച ആ രാത്രിയിൽ പരിശുദ്ധ കന്യകാമറിയം മാലാഖവൃന്ദങ്ങളെ അയച്ച് തന്റെ ഭവനം കെട്ടിപ്പൊക്കുകയായിരുന്നു എന്നാണ് പരമ്പര്യ വിശ്വാസം. ഇപ്പോൾ കാണുന്ന വിശുദ്ധ ലോറൻസിന്റെ പേരിലുള്ള ചാപ്പൽ നിലനിൽക്കുന്ന രണ്ടു കിണറുകൾക്കു സമീപമാണ് ആ ദൈവാലയം,
നസ്രത്തിലെ ഭവനത്തിന്റെ മാതൃകയിൽ പണിതുയർത്തപ്പെട്ടത്. അന്ന് മുതൽ ആ ഭവനം അനവധി അത്ഭുതങ്ങളുടെ കൂടാരമായി മാറുകയായിരുന്നു എന്നതിന് ചരിത്രം സാക്ഷി.
എവിടെയും എപ്പോഴും അമ്മയുണ്ട് കൂടെ
വാൽഷിഹാമിന്റെ ചുറ്റിലുമുള്ള നാലിൽ രണ്ടു ഭാഗവും കടലാണ്. ദൈവാലയം നിർമിച്ചശേഷമുള്ള ആദ്യനാളുകൾ മുതൽ തന്നെ കാറ്റിലും കോളിലും ദിശതെറ്റി അലയുന്ന സമുദ്രസഞ്ചാരികളെ അത്ഭുതമായി കാറ്റുവീശി അടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം അറിയപ്പെടാൻ തുടങ്ങി. ക്രമേണ കടൽ യാത്രക്കാരുടെ ഇടയിൽ വാൽഷിഹാമിലെ മാതാവ് തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാൻ തുടങ്ങിയതായി ചരിത്രം പറയുന്നു.
കൂടാതെ ഇവിടെയെത്തി രോഗ സൗഖ്യം നേടിയ അനേകം ക്ലേശിതരുടെ സാക്ഷ്യങ്ങളും രേഖകളിൽ കാണാം. മരണക്കിടക്കയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ, പൂർണതയുള്ളവരായി മാറിയ വികലാംഗർ, കാഴ്ചയും കേൾവിയും തിരിച്ചുകിട്ടിയവർ, മനോരോഗം ഭേദമാക്കപ്പെട്ടവർ… വാൽഷിഹാം അമ്മയുടെ മാധ്യസ്ഥത്തിലൂടെ സംഭവിച്ച അനുഗ്രങ്ങൾ ഇങ്ങനെ നീളുന്നു.
അമ്മയെ വേദനിപ്പിച്ച മക്കൾ
വാൽഷിഹാം ദൈവാലയത്തിന്റെ ചുമതല റിച്ചെൽഡിസ പ്രഭ്വിയുടെ കാലശേഷം ഏറ്റെടുത്ത മകൻ ജഫ്രി, എ.ഡി 1130ൽ അത് അഗസ്റ്റീനിയൻ കാനൻസ് എന്ന സമൂഹത്തിന് കൈമാറി. അവരുടെ കീഴിൽ ദൈവാലയം മധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറി. 1226 കാലഘട്ടങ്ങളിൽ ഇംഗ്ലണ്ട് ഭരിച്ച ഹെൻറി മൂന്നാമൻ മുതൽ 1511ൽ കിരീടാവകാശിയായ ഹെൻറി എട്ടാമൻവരെയുള്ളവർ വാൽഷിഹാമിലേക്ക് മുടങ്ങാതെ തീർത്ഥാടനം നടത്തിയിരുന്നു.
വാൽഷിഹാം ഭവനത്തോടു ചേർന്ന് ഏകദേശം ഒരു മൈൽ അകലെ 1340ൽ മറ്റൊരു ദൈവാലയം നിർമിതമായി. തീർത്ഥാടകരുടെ മധ്യസ്ഥയെന്ന് അറിയപ്പെട്ടുന്ന അലക്‌സാൻഡ്രിയയിലെ വിശുദ്ധ കാതറിന്റെ മധ്യസ്ഥതയിൽ നിർമിച്ച ഈ ദൈവാലയം ‘പാദരക്ഷയുടെ ചാപ്പൽ’ (സ്ലിപ്പർ ചാപ്പൽ) എന്നാണ് അറിയപ്പെടുന്നത്.
കത്തോലിക്കാസഭയുമായുള്ള ഹെൻറി എട്ടാമന്റെ വിരോധത്തിന് (ആനി ബോളിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ കത്തോലിക്കാസഭ എതിർത്തതിനെ തുടർന്നുണ്ടായ ആഗ്ലിക്കൻ സഭാ രൂപീകരണം) ശേഷമുള്ള നാളുകൾ വാൽഷിഹാമിന്റെ ചരിത്രവും മാറ്റിയെഴുതി. പ്രൊട്ടസ്റ്റന്റ് വിപ്ലവം രാജ്യമാകെ കത്തിപടർന്നു. ദൈവാലയങ്ങൾക്കും തീർത്ഥാടനകേന്ദ്രങ്ങൾക്കും നികുതി ഏർപ്പെടുത്തി. സന്യാസഭവനങ്ങൾ പിടിച്ചെടുക്കപ്പെട്ടു. ഇപ്രകാരം കീഴടക്കപ്പെട്ടവയിൽ വാൽഷിഹാമും ഉണ്ടായിരുന്നു.
1538ൽ വാൽഷിഹാം ദൈവാലയം നശിപ്പിക്കാൻ പട്ടാളക്കാരെത്തി. ആവുംവിധത്തിലെല്ലാം സന്യാസികൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. പട്ടാളക്കാർ ദൈവാലയം ഇടിച്ചുനിരത്തി. എതിർത്തുനിന്നവരെ തൂക്കിലേറ്റി. അക്കാലത്ത് ഈ പുണ്യഗ്രഹവും സ്വത്തുവകകളും രാജാവിന്റെ കീഴിലായി. വാൽഷിഹാമിലെ അമ്മയുടെ പാവനമായ തിരുസ്വരൂപം ലണ്ടനിലേക്ക് കൊണ്ടുപോയി അഗ്‌നിക്കിരയാക്കി. അമ്മയുടെ ഗൃഹം പൂർണമായും നശിപ്പിക്കപ്പെട്ടു. അതോടെ യൂറോപ്പിന്റെ ഭൂഖണ്ഡത്തിൽ ഈ പുണ്യസ്ഥലത്തിനുണ്ടായിരുന്ന പ്രാധാന്യം അപ്പാടേ അപ്രത്യക്ഷമായി.
പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ വ്യാപിച്ചതോടെ പരിശുദ്ധ അമ്മയോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിക്കാൻ കഴിയാതായി. കത്തോലിക്കാസഭ ഇംഗ്ലണ്ടിൽ നാമാവശേഷമാകാൻ തുടങ്ങി. എന്നാൽ വാൽസിംഹാം ദൈവാലയം നിലനിന്നിരുന്ന സ്ഥലം കുടുംബസ്വത്തായി തലമുറകളിലൂടെ സംരക്ഷിക്കപ്പെട്ടു. 1547ൽ ഹെൻറി നിര്യാതനായി. ‘നരക കവാടങ്ങൾ സഭയ്‌ക്കെതിരെ പ്രബലപ്പെടുകയില്ല,’ എന്ന കർത്താവിന്റെ വാഗ്ദാനം അനുസരിച്ച്, രക്തസാക്ഷികളുടെ ചുടുനിണംവീണ മണ്ണിൽനിന്ന് കത്തോലിക്കാസഭ ഉയിർത്തെഴുന്നേറ്റു.
ഉയിർത്തെഴുന്നേറ്റ വാൽഷിഹാം
പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാലമായ മനസ്ഥിതിയോടെ പുനർനവീകരിക്കപ്പെട്ടു. അന്ധകാരം നിറഞ്ഞ വാൽഷിഹാമിന്റെമേൽ ‘ഉഷകാല താരകമായ’ പരിശുദ്ധ അമ്മ വീണ്ടും പ്രകാശം പൊഴിച്ചു. മരിയഭക്തയും ധനാഢ്യയുമായ ഷാർലെറ്റ് എന്ന വനിതയിലൂടെ തീർത്ഥാടനകേന്ദ്രം പുനരുദ്ധരിക്കപ്പെട്ടു. 1863ൽ ഷാർലെറ്റ്, തകർന്നുകിടന്ന ‘സ്ലിപ്പർ ചാപ്പൽ’ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനായി കേംബ്രിഡ്ജിൽനിന്ന് ജോലിക്കാരെ വരുത്തി. ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ
സഭയിലേക്ക് മാറിയ അവർ,1894ൽ ചാപ്പലിന്റെ നിർമാണം പൂർത്തിയാക്കി. ‘ഇംഗ്ലണ്ടിന്റെ മാനസാന്തരത്തിനുവേണ്ടിയുള്ള ഭവനം’ എന്ന് ദൈവാലയത്തിന് നാമകരണവും ചെയ്തു. തുടർന്ന് കിങ്‌സ്‌ലിനിലെ മംഗള വാർത്താ സ്മാരക ദൈവാലയത്തിൽ, വാൽഷിഹാം മാതാവിന്റെ തിരുസ്വരൂപത്തിന്റെ മാതൃകയിൽ ഒരു രൂപം നിർമിച്ചു. വാൽഷിഹാമിലേക്കുള്ള ആദ്യ തീർത്ഥാടനം അവിടെനിന്നാണ് ആരംഭിച്ചത്, 1897 ആഗസ്റ്റ് 20ന്.
1906ൽ ഷാർലെറ്റ് മരിക്കുംമുമ്പ് ബനഡിക്‌ടൈൻ സന്യാസികളെ ഏൽപ്പിച്ച ദൈവാലയം 1934മുതൽ നോർത്താംപ്ടൻ രൂപതയുടെ ഭാഗമാണ്. 1934ൽ കർദിനാൾ ബോൺ, പതിനായിരം പേരടങ്ങുന്ന ഒരു തീർത്ഥാടക സംഘത്തെ സ്ലിപ്പർ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. അതേ വർഷംതന്നെ, വാൽഷിഹാം ദൈവാലയം പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രമായി വത്തിക്കാൻ പ്രഖ്യാപിക്കുകയും ചെയ്തു.
1950 മുതൽ മുടങ്ങാതെ എല്ലാ വർഷവും തീർത്ഥാടകരായ ലക്ഷക്കണക്കിന് ആളുകൾ ഈ റോമൻ കത്തോലിക്കാ ദൈവാലയത്തിലെത്തിച്ചേരുന്നു.1954ലെ മരിയൻ വർഷാചരണത്തോട് അനുബന്ധിച്ച് പീയൂസ് 12-ാമൻ പാപ്പയുടെ നിർദേശപ്രകാരം അന്നത്തെ പേപ്പൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് ഹാര, വാൽഷിഹാമിലെ പരിശുദ്ധ അമ്മയുടെ രൂപത്തിൽ കിരീടമണിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രണ്ടര ലക്ഷത്തോളം തീർത്ഥാടകരാണ് വർഷം തോറും പരിശുദ്ധ അമ്മയുടെ അനുഗ്രഹംതേടി ഇവിടം സന്ദർശിക്കുന്നത്. കുരിശും വഹിച്ച് ഒരു സംഘം വിദ്യാർത്ഥികൾ 1948ൽ നടത്തിയ തീർത്ഥാടനത്തെ അനുസ്മരിച്ച് ഇന്നും വലിയ ആഴ്ചയിൽ ഇത്തരത്തിലുള്ള തീർത്ഥാടനം നടത്താറുണ്ട്.
അമ്മ വീണ്ടും ഇംഗ്ലണ്ടിലെത്താൻ
ഒരു ക്രിസ്ത്യൻ രാജ്യമായാണ് ആദികാലംമുതൽ ഇംഗ്ലണ്ട് അറിയപ്പെടുന്നത്. എങ്കിലും കടന്നുവന്ന വഴികളിൽ എവിടെയോവെച്ച്, യേശുവിലും അവിടുത്തെ അമ്മയിലും വിശ്വാസം നഷ്ട്ടപ്പെട്ട ഒരു വലിയ വിഭാഗം ഇന്ന് ഈ നാട്ടിലുണ്ട്. അതിനെയോർത്ത് മനസുനൊന്ത നിരവധി സഭാ പിതാക്കന്മാരെ ചരിത്രം നമുക്ക് മുമ്പിൽ കൊണ്ടുനിറുത്തുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പരിശുദ്ധ ലിയോ 13-ാമൻ പാപ്പ. വിശുദ്ധ ജീവിതം തകർന്ന് സുഖലോലുപതയുടെ പിന്നാലെ പരക്കം പാഞ്ഞ ഇംഗ്ലണ്ടിലെ ജനങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു:
‘ഈ രാജ്യത്തിന്റെ രക്ഷ പരിശുദ്ധ കന്യകാമറിയത്തിലൂടെയേ സാധ്യമാകൂ. സർപ്പത്തിന്റെ തല തകർത്ത ആ അമ്മയുടെ മാധ്യസ്ഥം എല്ലാ തിന്മകളും ഈ മണ്ണിൽനിന്നും പിഴുതെറിയാൻ ശക്തമാണ്. ഇംഗ്ലണ്ട് എന്ന് വാൽഷിഹാമിലേക്കു വരുന്നുവോ അന്ന് അമ്മ ഇംഗ്ലണ്ടിലേക്കും വരും. ഇവിടെ റാണിയായിവാണ് സ്വർഗീയ അനുഗ്രഹങ്ങൾ വാങ്ങി തരും. അന്ന് ഈ രാജ്യം രക്ഷയിലേക്കു തിരിയെ നടന്നു തുടങ്ങും.’ കാലങ്ങൾ ഏറെ പിന്നിടുമ്പോൾ, ഇന്നിപ്പോൾ അതാണ് ഇവിടെ സംഭവിക്കുന്നത്. കൂടുതൽ കൂടുതൽ വിശ്വാസീഗണം ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലുംനിന്ന് ഇവിടേക്ക് വരുന്നു. ഒരേ മനസോടെ പരിശുദ്ധ കന്യകാമറിയത്തെ ഏറ്റു പറയുന്നു.
ഇംഗ്ലണ്ടിലെ സീറോ മലബാർ രൂപതയുടെ മക്കൾ എന്ന നിലയിൽ നമുക്ക് ഒരു ഭാരിച്ച കടമയുണ്ട്. ഈ നാടിനെ തിരിയെ വാൽഷിഹാമിലേക്കും അതുവഴി സദ്‌വർത്തയുടെ പരിശുദ്ധ അമ്മയിലേക്കും എത്തിക്കുന്നതിൽ നാം മുൻപന്തിയിൽ നിൽക്കണം. വേളാങ്കണ്ണി യിലേക്കും മണർകാട്ടേക്കും കുറവിലങ്ങാട്ടേക്കുമെല്ലാം തീക്ഷണതയോടെ പരിശുദ്ധ മാതാവിനെ സന്ദർശിച്ച് മാധ്യസ്ഥ്യം തേടിയ ചരിത്രമാണ് നമുക്കും നമ്മുടെ പൂർവികർക്കുമുള്ളത്.
അവരെ കണ്ടു പ~ിച്ച് വിശ്വാസത്തിൽ വളർന്ന നാം നമ്മുടെ മക്കളെയും ഈ അമ്മയുടെ സവിധത്തിലേക്കു വഴി നടത്തണം. അമ്മയിലേക്കുള്ള വഴി കാട്ടികളായി അവർക്കു മുമ്പേ നാം നടക്കണം. ലോകരക്ഷകനായ യേശുവിനു ജന്മം നൽകിയ നാൾമുതൽ നമുക്കോരോരുത്തർക്കുംവേണ്ടി സ്വർഗീയ മാധ്യസ്ഥ്യം വഹിക്കുന്ന ആ അമലോത്ഭവയെ അറിയാതെ നാമോ നമ്മുടെ മക്കളോ പോകരുത്. അതിനുള്ള യാത്രയിൽ നമുക്ക് നമ്മുടെ സഭാ മാതാവിനൊപ്പം ഒരുമിച്ചു നടന്നു തുടങ്ങാം, ഇപ്പോൾ തന്നെ.
‘സ്ലിപ്പർ ചാപ്പൽ’ എന്നാൽ?
മധ്യകാലയുഗത്തിൽ,യൂറോപ്പിന്റെ നാനാഭാഗത്തുനിന്നുള്ള തീർത്ഥാടകർ എത്തിച്ചേരുന്ന നാല് പ്രധാന ദൈവാലയങ്ങളിൽ ഒന്നാണ് വാൽഷിഹാം. ഇന്ന് നമ്മുടെ നാട്ടിൽ മലയാറ്റൂരിലേക്കും പരുമലയിലേക്കും ഒക്കെയുള്ള തീർത്ഥാടന വഴിയിൽ ഭക്തർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്ന വഴിയോര കേന്ദ്രങ്ങൾപോലെ അക്കാലത്ത് വാൽഷിഹാമിലേക്കുള്ള വഴിമധ്യേ ധാരാളം വഴിയോര ദൈവാലയങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായിരുന്നു സ്ലിപ്പർ ചാപ്പൽ.
തീർത്ഥാടകർ വാൽഷിഹാമിലെ വിശുദ്ധ ദൈവാലയത്തിലേക്കുള്ള അവസാന മൈൽ നഗ്‌നപാദരായി താണ്ടുന്നതിനുമുമ്പായി ദിവ്യബലിക്കും കുമ്പസാരത്തിനുമായി ഇവിടെ തങ്ങുക പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പർ (ചെരുപ്പ്) അഴിച്ചുവെച്ച് യാത്രആരംഭിക്കുന്ന ഇടം എന്നതാണ്ഈ ദൈവാലയത്തിന് സ്ലിപ്പർ ചാപ്പൽ എന്ന പേര് ലഭിക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഉള്ളിലൂടെയുള്ളവഴി അഥവാ മധ്യത്തിലുള്ളത് എന്ന അർഥം വരുന്ന എന്ന പദത്തിൽനിന്നുമാകാം ഈ പേര് ലഭിച്ചതെന്ന് വാദിക്കുന്നവരുമുണ്ട്. ‘സ്ലൈപേ’ അഥവാ ‘സ്ലിപ് ചാപ്പൽ’ സ്ഥിതി ചെയുന്നത് വാൽഷിഹാമിനും ഇംഗ്ലണ്ടിന്റെ മറ്റു പ്രദേശങ്ങൾക്കും ഇടയിലാണ്.
മക്കളെ ചേർത്തണക്കുന്ന പരിശുദ്ധ അമ്മ ആരാണ് യഥാർത്ഥ അമ്മ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: സ്വന്തം മക്കളെ  ജീവന് തുല്യം സ്‌നേഹിച്ച്, അവരെ ഒരുമിച്ചു നിറുത്തുന്ന വാത്സല്യമാണ് അമ്മ. അതുതന്നെയാണ് ഇന്ന് വാൽഷിഹാമിലും സംഭവിക്കുന്നത്. ഇവിടെയെത്തുന്ന ഒരാൾപോലും നിറത്തിന്റെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ സമ്പത്തിന്റെയോ പേരിൽ വേർതിരിക്കപ്പെടുന്നില്ല. എല്ലാവരുടെയും മുമ്പിൽ ഒരാൾമാത്രം, വാത്സല്യ സാഗരമായ വാൽഷിഹാം മാതാവുമാത്രം.
വിവിധ രാജ്യക്കാരായ വിശ്വാസികൾ അമ്മയെതേടി നിത്യേനെ ഇവിടെ എത്തുന്നു. അല്ല, അവരെ തന്റെ സന്നിധിയിലേക്ക് ആ അമ്മ കൊണ്ടുവരുന്നു. വർഷത്തിന്റെ ഒട്ടു മുക്കാൽ സമയവും ഇവിടേക്ക് തീർത്ഥാടനമായി വിവിധ സ്ഥലങ്ങളിൽനിന്ന് വിശ്വാസികൾ എത്തുന്നുണ്ട്. അമ്മയെ തങ്ങളുടെ മനസുനിറയെ കണ്ട് മടങ്ങുന്നു. ഇംഗ്ലണ്ടിൽ ഒരേ മനസോടെ വിവിധ സംസ്‌കാരങ്ങളും ഭാഷകളും ഒന്നിക്കുന്ന മറ്റൊരു സ്ഥലം ഇതുപോലെ മറ്റൊന്നുണ്ടോ എന്നത് സംശയം. നസ്രത്തിലെ തിരുക്കുടുംബംപോലെ സകല ജനങ്ങളും സ്‌നേഹത്തിലും വിശ്വാസത്തിലും ഒന്നുചേരുന്ന പുണ്യ ഭൂമി, അതാണ് ഇന്ന് വാൽഷിഹാം.
സവിശേഷതകൾ ഏറെയുള്ള
വാത്‌സിംഹാം അമ്മ
വളരെയേറെ അർത്ഥങ്ങളും പ്രതീകങ്ങളുമുൾക്കൊള്ളുന്ന തിരുസ്വരൂപമാണ് വാത്‌സിംഹാം മാതാവിന്റേത്. സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയെന്ന നിലയിൽ ശിരസിൽ സ്വർണ കിരീടം. അമലോത്ഭവം, നിത്യകന്യകാത്വം എന്നിവ സൂചിപ്പിക്കുന്ന ലില്ലിപ്പൂക്കൾ അമ്മ കൈയിൽ പിടിച്ചിരിക്കുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും ഏഴ് കൂദാശകൾ സൂചിപ്പിക്കുന്ന വളയങ്ങൾ. മടിയിലിരിക്കുന്ന ഈശോയെ ഇടതു കൈകൊണ്ട് താങ്ങിയിരിക്കുന്നു. ലില്ലിപ്പൂക്കൾ പിടിച്ച വലതു കൈ ഈശോയിലേക്ക് ചൂണ്ടിയിരിക്കുന്നു.
സാത്താനെ സൂചിപ്പിക്കുന്ന ആംഗ്ലിക്കൻ സിംബലായ ‘ടോഡ്‌സ്റ്റോണി’ലാണ് പരിശുദ്ധ അമ്മ ചവിട്ടിയിരിക്കുന്നത് (ഉൽപ്പ 3:15). ഉൽപ്പത്തി ഒമ്പതാം അധ്യായം 12-ാം വാക്യത്തിൽ വിവരിക്കുന്ന, ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായ മഴവില്ല് ഇരിപ്പിടത്തിന് പിന്നിലായി ചിത്രീകരിച്ചിരിക്കുന്നു. സഭയെ സൂചിപ്പിക്കുന്ന രണ്ടു തൂണുകൾ ഇരുവശത്തും. ആശീർവദിക്കാനുയർത്തിയതും ഒപ്പം അമ്മയ്ക്ക് സംരക്ഷണം നൽകുന്ന രീതിയിലുമാണ് ഉണ്ണീശോയുടെ വലതുകരം. ഇടതുകരത്തിൽ വിശുദ്ധ ഗ്രന്ഥം- വാത്‌സിംഹാമിലെ പരിശുദ്ധ അമ്മയുടെ രൂപത്തിന് സവിശേഷതകൾ നിരവധിയാണ്.
എസ്. ജെ