വാൽഷിഹാം തീർത്ഥാടനത്തിന് ഇനി ‘ഗ്രേറ്റ് ബ്രിട്ടൺ’ നേതൃത്വം

തീർത്ഥാടനം ജൂലൈ 16ന്; മുഖ്യകാർമികൻ മാർ സ്രാമ്പിക്കൽ

218

വാൽഷിഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ വാൽഷിഹാം തീർത്ഥാടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ, ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജൂലൈ 16ന് സംഘടിപ്പിച്ചിരിക്കുന്ന തീർത്ഥാടനത്തിൽ രൂപതയിലെ മുഴുവൻ ദിവ്യബലിയർപ്പണ കേന്ദ്രങ്ങളിൽനിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കുംവിധമാണ് ക്രമീകരണങ്ങൾ നടക്കുന്നത്.

യു.കെയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപിച്ചതിന്റെയും മാർ ജോസഫ് സ്രാമ്പിക്കലിനെ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെയും ഒന്നാം പിറന്നാൾ ദിനവുമാണ് ജൂലൈ 16. അതുകൊണ്ടുതന്നെ ആഘോഷ പരിപാടികൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് രൂപതാനേതൃത്വം. ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഔവർ ലേഡി ഓഫ് വാൽഷിഹാമിലേക്ക് 10 വർഷംമുമ്പ് സീറോ മലബാർ സഭാംഗങ്ങൾ ആരംഭിച്ച വാർഷിക തീർത്ഥാടനം രൂപതയുടെ നേതൃത്വത്തിൽ വിപുലമാക്കപ്പെടുന്നതും ഇത്തവണത്തെ സവിശേഷതയാണ്.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം വഹിക്കും. ജൂലൈ 16ന് രാവിലെ 9.00മുതൽ 11.30വരെ നടക്കുന്ന മരിയൻ ധ്യാനത്തോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. സെഹിയോൻ യു.കെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷൻ കോർഡിനേറ്ററുമായ ഫാ. സോജി ഓലിക്കലും സെഹിയോൻ യു.കെ ടീമുമാണ് ധ്യാനം നയിക്കുക. തുടർന്ന് 1.30വരെ അടിമ സമർപ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

അതേ തുടർന്ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം ബസിലിക്കയിൽ എത്തിച്ചേരുമ്പോൾ സമാപന ദിവ്യബലിക്ക് തുടക്കമാകും. മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ നിരവധി വൈദികർ സഹകാർമികരായിരിക്കും.

രൂപതാ തലത്തിൽ സംഘടിത സ്വഭാവത്തോടെ ക്രമീകരിക്കുന്ന തീർത്ഥാടനത്തിൽ വലിയ ജനസാഗരത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി മാർ സ്രാമ്പിക്കൽ മാസങ്ങൾക്കുമുമ്പേ നൽകിയ വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിലൂടെ അനേകരിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ, സർക്കുലറും പുറപ്പെടുവിച്ചിരുന്നു.

വിശ്വാസികൾക്ക് മിതമായ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കാനും തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരുനാൾ കോർഡിനേറ്ററും ഈസ്റ്റ് ആംഗ്ലീയ സീറോ മലബാർ ചാപ്ലൈയിനുമായ ഫാ. ടെറിൻ മുല്ലക്കര അറിയിച്ചു. സഡ്ബറിയിലെ ഏഴു കുടുംബങ്ങളാണ് ഇത്തവണത്തെ പ്രസുദേന്തിമാർ.

വാത്ഷിഹാം തീർത്ഥാടനത്തോടുബന്ധിച്ച് പുറത്തിറക്കിയ സൺഡേ ശാലോം സപ്ലിമെന്റിന്റെ ആദ്യകോപ്പി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിലിന് നൽകി ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. യ്യുന്നു.

 

സോണി ജോസഫ്‌