വിജ്ഞാന കൈരളിയുടെ വിദ്വേഷ പ്രചാരണങ്ങള്‍

0
250
വിജ്ഞാന കൈരളിയുടെ വിദ്വേഷ പ്രചാരണങ്ങള്‍

കൗമാരത്തില്‍നിന്നും യുവത്വത്തിലേക്ക് പ്രവേശിക്കുന്ന കാലം വളരെ പ്രധാനപ്പെട്ടതാണ്. എന്തിനു നേരെയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും കലഹിക്കുകയും ചെയ്യുന്ന മനോഭാവം ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. ആ സമയത്ത് അവര്‍ എന്തു വായിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു, എന്നൊക്കെയുള്ളത് പ്രധാന്യമേറിയതാണ്. കൗമാരക്കാര്‍ക്കായി ഇറക്കുന്ന മാസികയില്‍ കുമ്പസാരത്തെയും പൗരോഹിത്യത്തെയും കത്തോലിക്ക സഭയെയും അവഹേളിക്കുകയും അതിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ് കൂടുതല്‍ ഗൗരവമാകുന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയുടെ രണ്ട് ലക്കങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തെയും അതിന്റെ ബിംബങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. ‘ലജ്ജിക്കണം’ എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് ലക്കത്തിലും ‘പൗരോഹിത്യവും സ്ത്രീ സ്വാതന്ത്ര്യവും’ എന്ന പേരില്‍ ഒക്‌ടോബര്‍ ലക്കത്തിലും വന്ന എഡിറ്റോറിയലുകളിലൂടെയാണ് ക്രൈസ്തവ വിശ്വാസത്തിന് നേരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയിരിക്കുന്നത്. ആദ്യത്തേതില്‍ കുമ്പസാരത്തെ അവഹേളിക്കുമ്പോള്‍, അടുത്തതില്‍ ക്രിസ്തീയ സഭകളെ ക്രൂരന്മാരായ മനുഷ്യാവകാശ ലംഘകരുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. വിശുദ്ധരെപ്പോലും അവഹേളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസവും അതിലെ കൂദാശകളുമൊക്കെ മഹാ അപരാധമാണെന്നും ചിന്തിക്കുന്ന പുതിയ തലമുറ അതില്‍ നിന്നും പുറത്തുവരണമെന്നാണ് ഇതിലൂടെ പറയുന്നത്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ് നമ്മുടേത്. ക്രൈസ്തവ സഭകളെ പ്രശംസിക്കുന്ന രണ്ട് വരികള്‍ രണ്ട് എഡിറ്റോറിയലിലും കാണാം. നന്മകള്‍ എടുത്തുപറയുന്നത് ഒരു സൂത്രവിദ്യയാണ്. നല്ലതിനെ അംഗീകരിക്കുകയും മോശമായതിനെ എതിര്‍ക്കുകയും ചെയ്യുന്നു എന്ന ധ്വനികൊണ്ടുവരാനുള്ള ശ്രമം. വിഷം മനോഹരമായി പൊതിഞ്ഞ് നല്‍കുന്നതിന്റെ മറ്റൊരു പതിപ്പ്. കേരളത്തെ ആധുനികതയിലേക്ക് നയിച്ചത് മധ്യവര്‍ഗ ബുദ്ധിജീവികളായിരുന്നു എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. അവര്‍ ചെയ്ത ‘മഹനീയ’ കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞു. വാഗ്ദാനഭൂമിക്കുവേണ്ടി നിലകൊണ്ട അവരിലൂടെയാണ് സോഷ്യലിസവും കമ്മ്യൂണിസവും കേരളത്തിന് ചിരപരിചയമായതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതു നല്‍കുന്ന സന്ദേശം എന്താണ്? നിങ്ങള്‍ അറിവും കഴിവും ബുദ്ധിയും ഉള്ളവരാണെങ്കില്‍ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഭാഗമാകണമെന്നല്ലേ? കുമ്പസാരിച്ച് പശ്ചാത്തപിക്കുന്നവന്റെ മനസിലാണ് സ്വര്‍ഗരാജ്യമെന്ന് യേശു പറഞ്ഞിട്ടുണ്ട് എന്നാണ് മറ്റൊരു കണ്ടുപിടുത്തം. ബൈബിളില്‍ അങ്ങനെയൊരു ഭാഗമില്ല. ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്-സ്വര്‍ഗരാജ്യമെന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ടെന്നാണ്.
അടുത്ത ഭാഗമാണ് അതിലും അപകരം-സ്വര്‍ഗമെന്ന യുട്ടോപ്യന്‍ സങ്കല്പം ലൈംഗികാസക്തി തീര്‍ക്കുന്നതിനുള്ള ഉപകരണമായി തീര്‍ന്നതില്‍ പൗരോഹിത്യം കുമ്പസാരിക്കണം. സ്ത്രീ ശരീരം ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ ഇനി മുതല്‍ ഒരു സ്ത്രീയും, കര്‍ത്താവിന്റെ മണവാട്ടിയാണെങ്കിലും കുമ്പസാരിക്കരുത്. എന്നു മാത്രമല്ല കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലെന്ന് അലറി വിളിക്കുകയും വേണം എന്നാണ് ആവശ്യപ്പെടുന്നത്. കുമ്പസാരത്തെ ഇതില്‍ കൂടുതല്‍ അവഹേളിക്കുന്നത് എങ്ങനെയാണ്? കുമ്പസാരിക്കുന്ന പെണ്‍കുട്ടികളെപ്പറ്റി മറ്റുമതവിഭാഗങ്ങളില്‍പ്പെട്ട ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മനസുകളില്‍ ഉണ്ടാകുന്ന ചിത്രമെന്താണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. സ്വര്‍ഗമെന്നത് യുട്ടോപ്യന്‍ സങ്കല്മാണെന്ന് കൗമാരക്കാരോട് പറയുമ്പോള്‍ നിരീശ്വരവാദത്തെ അവരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
മാര്‍ട്ടിന്‍ ലൂഥറിന് ശേഷം യുറോപ്പിലെ ഭരണകൂടങ്ങള്‍ കത്തോലിക്ക സഭക്ക് എതിരായപ്പോള്‍ വിശ്വാസികളെ സ്വാധീനിക്കുന്നതിനുവേണ്ടിയാണ് സന്യാസി-സന്യാസിനി സഭകള്‍ രൂപംകൊണ്ടെന്നാണ് എഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ 16-ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. സന്യാസസഭകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന വിശുദ്ധ ബനഡിക്ട് അഞ്ചാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. അതിനു മുമ്പും സന്യാസിമാരുണ്ടായിരുന്നു. ചരിത്രത്തെ എത്ര വികലമായാണ് വളച്ചൊടിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍വഴി സന്യാസ സഭകളിലൂടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് സുപരിചിതമാണ്. എന്നിട്ടും സന്യാസ സഭകളുടെ ചരിത്രത്തെ വികലമായി വ്യാഖ്യാനിക്കുന്നതിന്റെ പിന്നിലുള്ള താല്പര്യങ്ങളെന്താണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇവ വിവാദമായപ്പോള്‍ അതിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നല്‍കിയ വിശദീകരണം അപക്വമായിപ്പോയി. ഓഗസ്റ്റില്‍ വന്നതിന് ഇപ്പോള്‍ പ്രതിഷേധിക്കുന്നതിന്റെ താല്പര്യങ്ങള്‍ മറ്റുപലതാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

വിദ്വേഷ പ്രചാരണങ്ങള്‍
കുമ്പസാരത്തിന് ക്രിസ്തീയ സഭകളിലെ ഭൂരിപക്ഷവും എതിരാണെന്നും പറയുന്നു. ക്രിസ്തുവിന്റെ വാക്കുകള്‍ എന്ന പേരില്‍ പറഞ്ഞതുപോലുള്ള മറ്റൊരു അബദ്ധം എന്നേ ഇതിനെയും വിശേഷിപ്പിക്കാനാകൂ. അദ്ദേഹത്തിന്റെ വാക്കുകള്‍ വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍, ന്യൂനപക്ഷത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കാമോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. മോഷണക്കുറ്റത്തിന് അറസ്റ്റുചെയ്യപ്പെടുന്ന പ്രതി, ഞാന്‍ മൂന്ന് വര്‍ഷംമുമ്പാണ് മോഷ്ടിച്ചത് ഇപ്പോള്‍ രണ്ട് മാസമായി മര്യാദക്കാരനാണെന്ന് വാദിച്ചാല്‍ നിയമസംവിധാനങ്ങള്‍ക്ക് അതിനെ അംഗീകരിക്കാന്‍ കഴിയുമോ? മൂന്ന് മാസം മുമ്പ് ചെയ്ത് തെറ്റു കണ്ടുപിടിക്കാന്‍ വൈകിയെന്നത് പറഞ്ഞുനില്ക്കാനുള്ള ന്യായീകരണമല്ല. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തില്‍ ഇത്ര വികലമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ഖജനാവിലെ പണവും ഉപയോഗപ്പെടുത്തി മതവിശ്വാസങ്ങളെ അവഹേളിക്കാനും രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നത് നിയമപരമായും ധാര്‍മികയും ശരിയല്ല. കുട്ടികളുടെ മനസുകളില്‍ വിഷംകുത്തിനിറയ്ക്കുമ്പോള്‍ തലമുറയോട് ചെയ്യുന്ന ദ്രോഹമാണത്. ശരി-തെറ്റുകള്‍ വിവേചിച്ചറിയാനുള്ള പ്രായമായിട്ടല്ലവര്‍ക്ക്. ഇതു പിന്‍വലിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ഭാവിയില്‍ ഇങ്ങനെയുള്ള ആശയങ്ങള്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അതിലും പ്രധാനപ്പെട്ടത്, തെറ്റിദ്ധാരണക്ക് വിധേയായ കുട്ടികളുടെ മനസിലെ സംശയം ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. അതു നിര്‍വഹിക്കുമ്പോള്‍ മാത്രമേ ചെയ്ത തെറ്റിന് ചെറിയ പരിഹാരമെങ്കിലും ആകുന്നുള്ളൂ.