വിലാപത്തിന്റെ മതിലുകള്‍

0
1784
 • കഴിഞ്ഞ കുറെ നാളായി സഭയെ ഉപദേശിക്കുന്നത് സഭയുമായി തെല്ലും ബന്ധമില്ലാത്തവരാണ്. ഇല്ലാത്ത ദൈവശാസ്ത്രവും അറിയാത്ത കാനന്‍ നിയമവുമൊക്കെ ഇതിനായി ഉദ്ധരിക്കുകയാണവര്‍. ഇതൊക്കെ കേട്ടാല്‍ സഭയെ താങ്ങി നിര്‍ത്താന്‍ അവരൊക്കെ വല്ലാതെ പാടുപെടുന്നുണ്ടെന്ന് തോന്നും. അവര്‍ താങ്ങിയില്ലെങ്കില്‍ ദാ.. ഇപ്പം സഭയും സന്യാസവുമൊക്കെ താഴെവീണു തവിടുപൊടിയാകുമെന്നാകും അവരുടെ വാക്കും എഴുത്തുമൊക്കെ കണ്ടാല്‍ തോന്നുക. ബുദ്ധിജീവി ചമയുന്ന സാഹിത്യസിനിമ മാധ്യമ പുംഗവന്മാര്‍ക്ക് ഇപ്പം ഏറ്റവും ഇഷ്ടമുള്ള വിഷയവും സഭ തന്നെ.
  ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യുവനിരയിലെ ഒരു എഴുത്തുകാരി ഫേസ്ബുക്കില്‍ സന്യാസിനികളെക്കുറിച്ച് തോന്നുംപടി കുറിച്ചത്. ഇതുവായിച്ച പാടെ അനേകര്‍ അത് ഷെയര്‍ചെയ്യുകയും അവരുടെ പോസ്റ്റ് വൈറലാക്കകുയും ഈ എഴുത്തുകാരിയാണ് നലം തികഞ്ഞ സഭാ പണ്ഡിത എന്നു സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ പറഞ്ഞ വാദങ്ങളും സഭയുടെ നിയമങ്ങളും നമുക്കൊന്ന് താരതമ്യം ചെയ്തു നോക്കാം.
  1) മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം പതിനഞ്ചോ- പതിനാറോ വയസാണ്. പരമാവധി പതിനെട്ടു വയസ്.
 •  ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയൊരു അറിവാണിത്. കത്തോലിക്കാസഭയില്‍ ഒരിടത്തും മഠത്തില്‍ ചേരാനുള്ള പരമാവധി പ്രായം എഴുതി വച്ചതായി അറിവില്ല. വിവിധ പ്രായങ്ങളില്‍ കോണ്‍വെന്റില്‍ എത്തിയവരെയും നല്ല ജോലിസാധ്യതയും ബിരുദവും ഉപേക്ഷിച്ച് മഠത്തില്‍ ചേര്‍ന്നവരെയും അറിയാം. അവരൊക്കെ ഇന്നും നല്ല വിശുദ്ധിയോടെ ജീവിക്കുന്നു.
  16 വയസുള്ളപ്പോള്‍ മഠത്തില്‍ ചേരുന്നു എന്നതുകൊണ്ട് സന്യാസം സ്വീകരിച്ചു എന്ന് അര്‍ത്ഥമില്ല.
  ആദ്യ വ്രതം എടുക്കാന്‍ അവര്‍ക്ക് കുറഞ്ഞത് 4-5 വര്‍ഷത്തെ പരിശീലനം ഉണ്ടാകും. അതിനുശേഷം നിത്യവ്രതത്തിനു 5-10 വര്‍ഷം പിന്നെയും എടുക്കും. നിത്യവ്രതത്തിനു ശേഷമാണു ഒരാള്‍ പൂര്‍ണ്ണമായും സന്യാസിനി ആകുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞ പ്രായമൊക്കെ ഒരാള്‍ക്ക് കഴിഞ്ഞിരിക്കും. ഇതിനിടയില്‍ അവരുടെ ദൈവവിളി സന്യാസം അല്ലെന്ന് ബോധ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും സഭയില്‍ നിന്നും പിരിഞ്ഞ് പോരുന്നതിനും കഴിയും.
  2) നിയമപരമായി, വെറും ബാലികയാണ് മഠത്തില്‍ ചേരുന്ന കുട്ടി.
 • പതിനെട്ട് വയസുള്ള വ്യക്തിയെ ബാലികയെന്ന് വിശേഷിപ്പിക്കാനാവില്ല. അങ്ങനെയെങ്കില്‍ 18 വയസുള്ള വിവാഹിതരായ സ്ത്രീകളെ ബാലവിവാഹിതരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമല്ലോ?
  3) മാമ്മോദീസാ ചടങ്ങു മുതല്‍ അവളുടെ വിദ്യാഭ്യാസം മുഴുവന്‍ മുതിര്‍ന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേല്‍നോട്ടത്തിലാണ്. അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.
 •  മഠത്തില്‍ വന്ന ശേഷം അര്‍ത്ഥിനികള്‍ക്ക് മാമ്മോദീസ നടത്തിയതായി അറിയില്ല. അങ്ങനെയൊരു ചടങ്ങും ഒരിടത്തുമില്ല. ഒരാളുടെ സ്വഭാവരൂപീകരണം നടക്കണമെങ്കില്‍ ശൈശവം മുതല്‍ ഏറ്റെടുക്കേണ്ടി വരും. അങ്ങനെ ഏറ്റെടുത്ത് സ്വഭാവരൂപീകരണം നടത്താന്‍ ആര്‍ക്ക് കഴിയും? ഇതൊന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
  4) അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കട്ടിയ വൈദികനോട്–അനുസരണക്കേട് പാപമാണ് എന്നാണ്.
 •  അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം ഇതെല്ലാം എല്ലാ സഭയുടെയും അടിസ്ഥാന നിയമങ്ങളാണ്. എല്ലാ സന്യാസിനികളുടെയും അനുസരണം അവളുടെ മേലധികാരികളോടും ദൈവത്തോടുമാണെന്നാണ് സഭാ നിയമം. അങ്ങനെയാണ് നൂറ്റാണ്ടുകളായി സഭ തുടരുന്നതും.
  5) മദര്‍ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്‌കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങള്‍ പഠനവിഷയമാക്കേണ്ടതാണ്.
 •  മദര്‍ ഏലീശ്വായെ തമസ്‌കരിച്ചുവെന്നതും പുതിയ അറിവാണ്. ഇന്നും സഭയില്‍ നിര്‍ണായകമായ പ്രാതിനിധ്യം മദര്‍ ഏലീശ്വാക്കുണ്ട്.
  ഇതെഴുതിയാള്‍ നല്ല എഴുത്തുകാരിയാവും, ഫെമിനിസ്റ്റ് ആവും. എന്നാല്‍ സഭാകാര്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സഭാധികാരികളുടെ നിയമങ്ങളെയും ചട്ടങ്ങളെയും കൂടുതല്‍ പഠന വിഷയമാക്കേണ്ടതല്ലേ? അങ്ങനെയാണെങ്കില്‍ ഇത്തരം തെറ്റുകള്‍ പറ്റുകയില്ലായിരുന്നു.
  ഒരു നാട് ഒരു പെണ്‍കുട്ടിക്കുവേണ്ടി പോരാടുന്നു.
  ഇതൊരു പെണ്‍കുട്ടിയുടെ ജീവിതാനുഭവമാണ്. അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു നാടു മുഴുവന്‍ ഒന്നിച്ച് പാടുപെടുന്നതിന്റെ കഥയാണിത്.
  സാനിയ ഷെല്‍ജന്‍ എന്നാണവളുടെ പേര്.
  വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി എന്ന സാധാരണ ഗ്രാമത്തിലാണ് വീട്. ഇവിടെ സെന്റ് മേരീസ് ഹയര്‍ സെക്കന്ററിസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനിയക്ക് രക്താര്‍ബുദം ഫൈനല്‍ സ്‌റ്റേജിലെത്തിയിരിക്കുന്നു. ഇനി രക്ഷപെടാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. അടിയന്തിരമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക. ഇതിന് 50 ലക്ഷം രൂപയിലേറെ ചെലവുവരും. ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് സാനിയ. വെറുമൊരു സാധാരണ കുടുംബമാണ് അവളുടേത്. അപ്പനും അമ്മയും മൂന്ന് പെണ്‍കുട്ടികളും. ചെറിയ ജോലികളിലൂടെ അത്യാവശ്യകാര്യങ്ങളൊക്കെ നടന്നുപോകുന്നുവെന്ന് മാത്രം. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് സാനിയ രോഗബാധിതയായത്.
  അതോടെ മുന്നോട്ടുള്ള ചികിത്സക്ക് വഴികാണാതെ ഈ കുടുംബം വലയുകയാണ്. വീടിരിക്കുന്ന സ്ഥലം വില്‍ക്കാം എന്ന് കുടുംബം തീര്‍ച്ചപ്പെടുത്തി. പക്ഷേ പ്രളയവും അതിനു മുമ്പുണ്ടായ കാലാവസ്ഥ വ്യതിയാനവുമെല്ലാം മൂലം വയനാടിന്റെ കാര്‍ഷിക സംസ്‌കൃതി തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു.
  സ്ഥലം വാങ്ങാനോ വില്‍ക്കാനോ ഒന്നും തീര്‍ത്തും എളുപ്പമല്ലാത്ത സാഹചര്യമാണുള്ളത്. സാനിയക്ക് രോഗ പ്രതിരോധശക്തി കുറഞ്ഞിരിക്കുന്നതിനാല്‍ ഇടക്കിടക്ക് രക്തം മാറ്റി കൊടുക്കേണ്ടതായും വരുന്നു. പണം കണ്ടെത്താനുള്ള വിഷമവും കുട്ടിയുടെ രോഗവും ആ കുടുംബത്തെ വല്ലാതെ ക്ലേശിപ്പിക്കുകയാണ്.
  ”ഞങ്ങളുടെ സ്‌കൂളില്‍ ഏറ്റവും സന്തോഷത്തോടെ പാറി പറന്ന് നടന്ന മിടുക്കിയായ ഒരു പെണ്‍കുട്ടിയായിരുന്നു സാനിയ.” മുള്ളന്‍ കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററിസ്‌കൂളിലെ അധ്യാപകനായ ബിജോയി മാത്യുവിന്റെ വാക്കുകളാണിത്.
  ”സാനിയയെക്കുറിച്ച് പറയുമ്പോള്‍ എന്റെ ഹൃദയം വല്ലാതെ പ്രയാസപ്പെടുകയാണ്. കാരണം മനുഷ്യന്‍ ചില ഘട്ടങ്ങളില്‍ നിസാരനായിപ്പോകുമെന്ന് നമ്മളൊക്കെ കേട്ടിട്ട് മാത്രമേയുണ്ടാവുകയുള്ളൂ….എന്നാല്‍ എന്റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടതും അനുഭവിച്ചതും അതാണ്. സ്‌കൂളില്‍ വളരെ മികച്ച രീതിയില്‍ പഠിച്ച് സ്‌പോര്‍ട്‌സില്‍ നല്ല രീതിയില്‍ പ്രാവീണ്യം നേടിയൊരു കുട്ടിയായിരുന്നു സാനിയ. പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കേ 2018 ജൂണ്‍ 18ന് ചെറിയ സിംപ്റ്റങ്ങള്‍ അവളില്‍ കണ്ടുതുടങ്ങി. അത് പിന്നീട് അതിജീവിക്കാന്‍ കഴിയാതെവന്ന പശ്ചാത്തലത്തിലാണ് വിദഗ്ധ പരിശോധന നടത്തുന്നത്. ആ പരിശോധനക്കിടയിലാണ് തനിക്ക് ‘എപ്ലാസ്റ്റിക് ഹനീമിയ’ എന്ന രോഗം ബാധിച്ചതായി സാനിയ മനസിലാക്കുന്നത്. മജ്ജയെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഇനി അവള്‍ക്ക് രക്ഷ എന്ന് പറയുന്നത് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ മാത്രമേയുള്ളൂ.” ബിജോയി മാത്യു പറയുന്നു.
  അധ്യാപകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഈ തുക കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ഈ പണം കണ്ടെത്താന്‍ കഴിയാതെ ക്ലേശിക്കുകയാണ്. ഒരുപാട് സ്വപ്‌നങ്ങളുമായി കഴിയുന്ന ആ കുട്ടിക്കും കുടുംബത്തിനും ഒരു കൈത്താങ്ങ് നല്‍കാന്‍ നാട്ടുകാര്‍ ഒരുമിച്ച് കൈകോര്‍ക്കുകയാണ്.
  ഇതിനോടകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ കുട്ടിക്കായി ഒരു അക്കൗണ്ട് രൂപീകരിച്ച് ധനശേഖരണം നടത്തി. എന്നാല്‍ അതും വലിയ പ്രതിസന്ധിയിലായിപ്പോയി. പ്രളയക്കെടുതി മൂലമാകണം നാലു ലക്ഷം രൂപയിലേറെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ക്കൂടിയുളള പ്രചരണത്തിലൂടെ മൂന്ന് ലക്ഷത്തോളം സമാഹരിക്കാനായി. ഒരുനാട് ഒന്നിച്ച് മുന്നിട്ടിറങ്ങിയിട്ടും പത്തരലക്ഷം രൂപയില്‍ അധികം എത്തിയിട്ടില്ല. പണം കണ്ടെത്തുന്നതോടൊപ്പം കുട്ടിക്ക് ആവശ്യമായ സ്‌റ്റെം സെല്‍സും അതു നല്‍കാന്‍ തയാറുള്ള ഒരു ദാതാവിനെയും കണ്ടെത്തേണ്ടിയിരിക്കുന്നു. പണവും വ്യക്തികളെയും എങ്ങനെയും കണ്ടെത്താം. എന്നാല്‍ ചികിത്സനല്ല രീതിയില്‍ നടക്കണം. അതിനായി പ്രാര്‍ത്ഥനയാണ് വേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ കുട്ടിയെക്കൂടി ഓര്‍ക്കുമല്ലോ.

ഒന്നു ആറട്ടെ
സംസാരവൈകല്യമുള്ള വല്യപ്പച്ചന്‍ ഒരു ചായക്കടയിലെത്തി. ചുടുചായ കൊണ്ടുവന്ന് സപ്ലയര്‍ അദേഹത്തിന് കൊടുത്തു. എന്നാല്‍ അതു കുടിക്കാതെ അദേഹം വെറുതെയിരുന്നു. അതു കണ്ടപ്പോള്‍ അടുത്തിരുന്നയാള്‍ ചോദിച്ചു.”എന്താ ചായകുടിക്കാത്തത്?
അടുത്തുകിടന്ന പത്രത്താളില്‍ വല്യപ്പച്ചന്‍ പേനകൊണ്ട് 168 എന്ന് ഉത്തരമായി എഴുതി. അതു കണ്ടിട്ടും അടുത്തിരുന്നയാള്‍ക്കൊന്നും മനസിലായില്ല. വല്യപ്പച്ചനെ അറിയാവുന്ന സപ്ലയര്‍ ഉറക്കെ പറഞ്ഞു,
”ചേട്ടാ… ചായ ഒന്ന് ആറെട്ടെന്നാണ് വല്യപ്പച്ചന്‍ എഴുതിയിരിക്കുന്നത്”