വില്ല്യം ബാറിനെ നാമനിർദേശം ചെയ്ത് ട്രംപ്; എ.ജി നിയമനം കാത്ത് യു.എസ്

0
669

വാഷിംഗ്ടൺ ഡി.സി: കത്തോലിക്കാ വിശ്വാസിയായ വില്ല്യം ബാറിനെ യു.എസ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗുരുതരമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന അമേരിക്കയുടെ നീതിന്യായ വകുപ്പിനെ അനുഭവസമ്പത്തുള്ള ഒരു നായകൻ നേതൃത്വം നൽകുന്നതിന് കാത്തിരിക്കുകയാണ് യു.എസ് അഭിഭാഷകസംഘം.

അനുഭവസമ്പത്തുള്ള അഭിഭാഷകൻ എന്നതിനപ്പുറം വിശ്വസ്തനായ ഒരു കത്തോലിക്കാ വിശ്വാസികൂടിയാണ് 68 വയസുകാരൻ വില്ല്യം. ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലഘട്ടത്തിൽ 1991 മുതൽ 93 വരെ അറ്റോർണി ജനറലായി സേവനമനുഷ്ടിച്ചിട്ടുമുണ്ട്. സഭയും സംസ്ഥാനവും തമ്മിലുള്ള വ്യത്യാസത്തെ നിഷേധിക്കുന്ന ഒരു യാഥാസ്ഥിതിക നിലപാടുകാരനാണ് ഇദ്ദേഹം.

ഗർഭച്ഛിദ്ര ലോബികൾ ട്രംപിന്റെ നാമനിർദേശത്തെ എതിർക്കുമ്പോൾ, പ്രോ ലൈഫ് നിലപാടുകാരും മതസ്വാതന്ത്രത്തിന്റെ വക്താക്കളും ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അറ്റോർണി ജനറലായി ഇദ്ദേഹം ചുമതലയേറ്റാൽ നിരവധി മാറ്റങ്ങൾ സൃഷ്ടിക്കാനുമെന്ന വിശ്വാസംതന്നെ അതിന് കാരണം.

കൃത്യമായ വേർതിരിവുകളും കാര്യനിർവഹണ ശേഷിയുമുള്ള നേതാവാണ് ബാർ എന്ന് ‘ഫെഡറലിസ്റ്റ് സൊസൈറ്റി’ എക്‌സിക്യുട്ടീവ് വൈസ്പ്രസിഡന്റ് ലിയോനാർഡോ ലിയോ അഭിപ്രായപ്പെട്ടു. മുൻ അറ്റോർണി ജനറൽ എന്ന നിലയ്ക്ക് നീതിന്യായ വകുപ്പിനെ മികവുറ്റരീതിയിൽ കൈകാര്യം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. കൃത്യമായ പദ്ധതികളിലൂടെ വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെന്ന നിലയ്ക്ക് അദ്ദേഹം ചുമതലയെടുത്താൽ അത് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നീതിന്യായവകുപ്പിലെ ചില പ്രശ്‌നങ്ങൾമൂലം മുൻ അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജി വെക്കാൻ നിർബന്ധിതനാവുകയായിരുന്നു. നിലവിൽ അറ്റോർണി ജനറലായി ചുമതയേറ്റ മാത്യു വിറ്റേക്കറിന്റെ നിയമനം സെനറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിൽ വില്ല്യം ബാറിനെ ട്രംപ് നോമിനേറ്റ് ചെയ്തതുവഴി അദ്ദേഹം ചുമതലയേൽക്കുമെന്ന വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ മറ്റ് സ്വതന്ത്ര അഭിഭാഷകർ.