വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം

0
787
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം

വിളക്കന്നൂര്‍ ഇടവകയില്‍ 2013 നവംബര്‍ 15-ന് ഫാ. തോമസ് പതിക്കല്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പതിഞ്ഞതായി കരുതപ്പെടുന്ന സംഭവത്തെക്കുറിച്ച് സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷന്‍ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതമായി പരിഗണിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തതായി തലശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സര്‍ക്കുലറില്‍ അറിയിച്ചു.
ഇത്തരം സംഭവങ്ങളെ വിലയിരുത്താനുള്ള വത്തിക്കാന്‍ മാര്‍ഗരേഖ അനുശാസിക്കുന്നതിന്‍പ്രകാരം നിശ്ചിതകാലം പ്രസ്തുത അടയാളം കാണപ്പെട്ട തിരുവോസ്തി അതിരൂപതാധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ അതിരൂപത കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ഈ തിരുവോസ്തിക്ക് ഇതുവരെയും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.
അതിനാല്‍ പ്രസ്തുത തിരുവോസ്തി വിളക്കന്നൂര്‍ ക്രിസ്തുരാജാ ദൈവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. 2018 സെപ്റ്റംബര്‍ 21-ന് പ്രസ്തുത തിരുവോസ്തി വിളക്കന്നൂര്‍ ദൈവാലയത്തില്‍ സ്ഥാപിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ചൂണ്ടിക്കാട്ടി.
വിളക്കന്നൂര്‍ ദൈവാലയത്തിലേക്ക് തിരുവോസ്തി നല്‍കുന്നതിലൂടെ പ്രസ്തുത സംഭവത്തെ ദിവ്യകാരുണ്യ അത്ഭുതമായി സഭ ഔദ്യോഗികമായി അംഗീകരിച്ചു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ഈ ദിവ്യകാരുണ്യ അടയാളം കൂടുതല്‍ പഠിക്കുന്നതിനും പ്രസ്തുത തിരുവോസ്തിയുടെ സാന്നിധ്യത്തിലൂടെ സംഭവിക്കാനിടയുള്ള തുടര്‍ അടയാളങ്ങളെ നിരീക്ഷിക്കാനുമായാണ് ഈ നടപടിയെന്നും അദേഹം വ്യക്തമാക്കുന്നു.
നാലുവര്‍ഷത്തിലേറെ ആയതിനാല്‍ പ്രസ്തുത തിരുവോസ്തി ഒരു തിരുശേഷിപ്പ് ആയിട്ടാണ് പരിഗണിക്കുന്നത്. ദൈവാലയത്തിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ശ്വ അള്‍ത്താരയിലോ തിരുശേഷിപ്പുകള്‍ക്കൊപ്പമോ ഇതു സൂക്ഷിക്കും. പരസ്യവണക്കത്തിന് ഉപയോഗിക്കാവുന്നതിനാല്‍ വിശ്വാസികള്‍ക്ക് കാണാനും പ്രാര്‍ത്ഥിക്കാനും അവസരമുണ്ട്.