വിവാഹേതര ബന്ധം കുടുംബത്തിന്റെ അടിത്തറ തകര്‍ക്കും

0
1164

ലോകം മുഴുവനും അസൂയയോടെയാണ് ഇന്ത്യയിലെ ദാമ്പത്യബന്ധങ്ങളെ വീക്ഷിക്കുന്നത്. ഒന്നായിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ കരുതലും പങ്കുവയ്ക്കലും കൂട്ടുത്തരവാദിത്വവും സ്‌നേഹവുമെല്ലാം അവരെ ആകര്‍ഷിച്ചു. വിവാഹേതരബന്ധത്തിന് അനുവാദം നല്‍കിയതിലൂടെ ഇതിന്റെ കടയ്ക്കലാണ് കത്തിവച്ചത്.
വിവാഹജീവിതത്തില്‍ വിശുദ്ധിയ്ക്കു വിരുദ്ധമായ പരസ്ത്രീ, പരപുരുഷബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തെറ്റു ചെയ്യുവാന്‍ ഈ വിധി അനുവാദം നല്‍കുന്നു. വിവാഹത്തില്‍ കത്തോലിക്കാ സഭ ഏക ഭര്‍ത്താവ്, ഏക ഭാര്യ ബന്ധം ആണ് അനുവദിക്കുന്നത്. ഇത് ദൈവം പുരുഷനെയും സ്ത്രീയെയും പരസ്പരപൂരകങ്ങളായി സൃഷ്ടിച്ചു. അവര്‍ ”മേലില്‍ രണ്ടായിരിക്കാതെ ഒന്നായിരിക്കേണ്ടതിന് (മത്ത. 19:6) വേണ്ടിയാണ്.” അവര്‍ ജീവിതകാലം മുഴുവന്‍ ഇങ്ങനെ പരസ്പരപൂരകങ്ങളായി സ്‌നേഹിച്ച് ജീവിക്കണം. ഒരു പുരുഷനും സ്ത്രീയും ദൈവത്തിന്റെയും സഭയുടെയും മുന്നില്‍ വച്ചു നടത്തുന്ന വാഗ്ദാനത്തിലൂടെ വിവാഹമെന്ന കൂദാശ സംജാതമാകുന്നു. ആ വാഗ്ദാനം ദൈവം സ്വീകരിക്കുകയും ദമ്പതികളുടെ ശാരീരിക സംയോഗം വഴി പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. ദൈവം തന്നെയാണ് കൗദാശികാജീവിത്തിന്റെ ബന്ധം രൂപപ്പെടുത്തുന്നത്.
ഇവിടെ സുപ്രീം കോടതിയുടെ വിധിയില്‍ ഭര്‍ത്താവ് ഒരു യജമാനനല്ല എന്ന കാഴ്ച നല്ലതും സ്വാഗതാര്‍ഹവുമാണ്. ലിംഗസമത്വവും നല്ലതാണ്. യഥാര്‍ത്ഥ വിവാഹജീവിതം ക്രിസ്ത്രീയ ചൈതന്യത്തില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ഭാര്യയും ഭര്‍ത്താവും യജമാന മനോഭാവത്തോടെയല്ല ഇടപെടുന്നത്. ഏതെങ്കിലും ഭര്‍ത്താവ് ഭാര്യയെ അടിച്ചമര്‍ത്തുന്നുവെങ്കില്‍ അത് തെറ്റായ പ്രവണതയാണ്. ജീവിത പങ്കാളിയെ തനിക്ക് ചേര്‍ന്ന ഇണയും തുണയും ആയി കാണുന്ന മനോഭാവമാണ് ഉദാത്തമായത്. ഏതെങ്കിലും ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ വെറും ഒരുപകരണമായി കാണുന്നുണ്ടെങ്കില്‍ അത് ക്രിസ്തീയമല്ല.
സ്ത്രീ പുരുഷന്റെ അടിമയല്ല എന്നൊരു പരാമര്‍ശം കാണാനിടയായി. യഥാര്‍ത്ഥ ദാമ്പത്യസ്‌നേഹവും ദാമ്പത്യസ്‌നേഹവും എന്തെന്ന് തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ചില നിയമജ്ഞരുടെ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞതിന്റെ ഫലമായി രൂപപ്പെട്ട തലതിരിഞ്ഞ ചിന്താഗതികളാണ് ഇത്തരം നിരീക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ദാമ്പത്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ വിധേയത്വവും പരസ്പരസമര്‍പ്പണവുമാണ്. ദാമ്പത്യസ്‌നേഹത്തില്‍ അവര്‍ പരസ്പരം തങ്ങളെ തന്നെ അപരനുവേണ്ടി സമര്‍പ്പിക്കലാണ്. സ്‌നേഹമില്ലാതെ വെറും കാമത്താല്‍ പ്രേരിതരായി ജഡിക ചിന്തയില്‍ മാത്രം ദാമ്പത്യസ്‌നേഹം നയിച്ചിരുന്നവര്‍ക്ക് ഇതിന്റെ വിശുദ്ധി കാണാന്‍ സാധിക്കുകയില്ല.
പരപുരുഷ ബന്ധം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ സ്വന്തം ഭര്‍ത്താവിന്റേതാണോ എന്ന ചിന്ത ന്യയമായും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളി തന്റെ ഭാര്യയില്‍ നിന്നുണ്ടാകുന്ന കുഞ്ഞ് തന്റേത് തന്നെയാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകാനിടയാകും. കുടംബത്തിലെ സമാധാനം നഷ്ടപ്പെടാനിടയാകും. ആ ഭവനത്തില്‍ ആ കുഞ്ഞുങ്ങളുടെ ദുരവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ആ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് തര്‍ക്കങ്ങളും കേസുകളും ഉണ്ടാകാനിടയാകും.
തന്റെ മാതാപിതാക്കള്‍ക്ക് വിവാഹത്തിനു പുറത്ത് ഒരു ബന്ധം ഉണ്ടെന്നറിയുന്ന മക്കളുടെ മാനസികാവസ്ഥയും നമ്മള്‍ ചിന്തിക്കേണ്ടതാണ്. തങ്ങള്‍ ദൈവതുല്യരായി കണ്ടുവരുന്ന മാതാപിതാക്കള്‍ അധാര്‍മ്മിക ജീവിതം നയിക്കുന്നവരാണെന്ന തിരിച്ചറിവ്, അവരുടെ ഹൃദയാന്തരാളങ്ങളില്‍ കോറിയിടുന്ന മുറിപ്പാട് ആഴമേറിയത് തന്നെയായിരിക്കും.
ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പരസ്പരം താല്പര്യമില്ലെങ്കില്‍ പരപുരുഷനോടോ സ്ത്രീയോടൊ ബന്ധം ആകാം എന്ന നിയമ സാധൂകരണം നല്‍കിയിരിക്കുന്ന വിധി ദുര്‍വ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കുടുംബം എന്നതിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഉണ്ടാകാനിത് ഇടയാകും.
കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചുരുക്കത്തില്‍
1. രാജ്യത്തെ ധാര്‍മ്മികാധഃപതനത്തിലേയ്ക്ക് നയിക്കാം.
2. ദാമ്പത്യത്തില്‍ സംതൃപ്‌രല്ലാത്തവര്‍ക്ക് മറ്റൊരു ബന്ധത്തിലേക്ക് പോകാന്‍ പ്രേരണ നല്‍കാം..
3. പുതിയ തലമുറ അധാര്‍മ്മിക ജീവിതത്തിലേക്ക് വഴുതിവീഴാന്‍ കാരണമാകാം. അവര്‍ക്ക് കുടുംബജീവിതത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഉണ്ടാകാന്‍ കാരണമാകുന്നു..
4. സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് വലിയ മൂല്യച്യുതിക്ക് കാരണമാകും…
6. വിവാഹമോചനങ്ങള്‍ വര്‍ധിക്കാനിടയാകും
അതിനാല്‍ ശക്തമായ പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കായി ഉയരട്ടെ!

എബ്രഹാം പുത്തന്‍കുളം