വിശുദ്ധനാട് സന്ദര്‍ശനം: ഗ്രാന്റ് ഉയര്‍ത്തി

0
1176

വിജയവാഡ: ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായി ആന്ധ്രാപ്രദേശില്‍ നല്‍കിവരന്ന ഗ്രാന്റ് നാല്‍പതിനായിരത്തില്‍നിന്ന് 75,000 ആക്കി ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സി.എസ്.ഐ ദൈവാലയത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേക്ക് മുറിച്ച് മുഖ്യമന്ത്രി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുള്ള മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഗുണ്ടൂരിലുള്ള ആന്ധ്രാ ക്രിസ്ത്യന്‍ കോളജിലാണ് തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍.ടി രാമറാവു പഠിച്ചത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാലയങ്ങളിലാണ് കൃഷ്ണാ, ഗുണ്ടൂര്‍ ജില്ലകളില്‍നിന്നുള്ള പല പ്രശസ്ത വ്യക്തികളും പഠിച്ചത്; ചന്ദ്രബാബു നായിഡു പറഞ്ഞു.

മദര്‍ തെരേസ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പല സഹായങ്ങളും അനുവദിച്ചിട്ടുണ്ടെന്നും ഗുണ്ടൂരില്‍ ക്രിസ്ത്യന്‍ ഭവന്‍ നിര്‍മിക്കാന്‍ 10 കോടിരൂപ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വിശുദ്ധ ലിഖിതത്തില്‍നിന്നും ലഭിക്കും. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷവാനാണ്. പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുമ്പോള്‍ ഒത്തിരിയേറെ ഉന്മേഷവും പ്രസരിപ്പും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിഥി മന്ദിരത്തിനടുത്തുള്ള സി.എസ്.ഐ സഭയുടെ സെന്റ് പോള്‍സ് ബസലിക്കയുടെ പണി പൂര്‍ത്തിയാക്കുവാന്‍ 1.5 കോടി രൂപ ധനസഹായം നല്‍കുമെന്നും ദൈവാലയം വളരെ മനോഹരമാണെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ ക്രിസ്ത്യന്‍ സമൂഹം ശവസംസ്‌കാരത്തിന് സ്ഥലമില്ലാതെ കഷ്ടപ്പെടുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വാങ്ങി ഇതിനു പരിഹാരം കണ്ടെത്തുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ദളിത് ക്രിസ്ത്യന്‍ സമൂഹത്തിന് രാജ്യത്ത് തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് ജോര്‍ജ് കൊര്‍ണേലിയസ് പ്രാര്‍ത്ഥനകള്‍ നയിച്ചു.