വിശുദ്ധിയുടെ രണ്ട് ശത്രുക്കള്‍

0
1045

44. പ്രബോധനം, അഥവാ കൂടുതല്‍ മെച്ചമായി പറയുകയാണെങ്കില്‍ അതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയും ആവിഷ്‌ക്കാരവും ”ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളും നടത്താന്‍ സജീവ കഴിവില്ലാത്ത” അടഞ്ഞ ഒരു സിദ്ധാന്ത സംഹിതയല്ല. ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ തത്വം ഗൗരവമായി പരിഗണിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍, അവരുടെ സഹനങ്ങള്‍, അവരുടെ ക്ലേശങ്ങള്‍, അവരുടെ പ്രതീക്ഷകള്‍, അവരുടെ സ്വപ്‌നങ്ങള്‍, അവരുടെ ആകുലതകള്‍ എന്നിവയെല്ലാം നമുക്ക് അവഗണിക്കാനാവാത്ത വ്യാഖ്യാനപരമായ മൂല്യമുള്ളവയാണ്. അവരുടെ ചോദ്യങ്ങള്‍ നമ്മെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ വിസ്മയങ്ങള്‍ നമ്മെ വിസ്മയിക്കാന്‍ സഹായിക്കുന്നു.
45. അപകടകരമായ ഒരു ചിന്താക്കുഴപ്പം ഉയര്‍ന്നുവന്നേക്കാം. നമുക്ക് ചില കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് അവയെ ചില വാക്യങ്ങള്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതുകൊണ്ട് നാം നേരത്തെതന്നെ വിശുദ്ധരായിക്കഴിഞ്ഞെന്ന് തോന്നിയേക്കാം. ”അജ്ഞരായ സാധാരണ ജനങ്ങളെക്കാള്‍ നാം പൂര്‍ണരും ഉന്നതരുമാണെന്ന് ചിന്തിച്ചേക്കാം. സഭയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് സംഭവിച്ചേക്കാവുന്ന പ്രലോഭനത്തിനെതിരെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ താക്കീത് നല്‍കിയിട്ടുണ്ട്. ”വിശ്വാസികളുടെ സമൂഹത്തിലെ മറ്റുള്ള അംഗങ്ങളെക്കാള്‍ തങ്ങള്‍ ഒരു വിധത്തില്‍ ശ്രേഷ്ഠരാണ്” എന്നു ചിന്തിക്കാന്‍ അവര്‍ക്ക് പ്രലോഭനം ഉണ്ടാകാം എന്നാണ് അദ്ദേഹം പറഞ്ഞത്. വാസ്തവത്തില്‍ നമുക്ക് അറിയാമെന്ന് കരുതുന്നത് എന്താണോ അത് ദൈവസ്‌നേഹത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രചോദിപ്പിക്കണം. ”ജീവിക്കാന്‍ ഉതകുന്ന വിധത്തില്‍ നിങ്ങള്‍ പഠിക്കുക. ദൈവശാസ്ത്രവും വിശുദ്ധിയും വേര്‍പെടുത്താന്‍ സാധിക്കാത്തവയാണ്.”
46. തന്റെ ശിഷ്യന്മാരില്‍ ചിലര്‍ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി അവരോട് ജ്ഞാനവാദത്തിലേക്കുള്ള പ്രലോഭനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പാദുവായിലെ വിശുദ്ധ അന്തോണീസിന് അദ്ദേഹം ഇപ്രകാരം എഴുതി: ”ഇത്തരം പഠനത്തിന്റെ കാലത്ത് പ്രാര്‍ത്ഥനയുടെയും ഭക്തിയുടെയും ചൈതന്യം നിങ്ങള്‍ ഇല്ലാതാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സഹോദരരെ ദൈവശാസ്ത്രം പഠിപ്പിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്.” സുവിശേഷത്തിന്റെ നവ്യമായ അനുഭവത്തില്‍നിന്ന് നമ്മെ അകറ്റുന്ന ബുദ്ധിപരമായ അഭ്യാസമാക്കി ക്രൈസ്തവ അനുഭവത്തെ മാറ്റാനുള്ള പ്രലോഭനത്തെ വിശുദ്ധ ഫ്രാന്‍സിസ് അസീസി തിരിച്ചറിഞ്ഞിരുന്നു. യഥാര്‍ത്ഥ ക്രൈസ്തവ ജ്ഞാനത്തെ അയല്‍ക്കാരനോടുള്ള സ്‌നേഹത്തില്‍നിന്ന് വേര്‍തിരിക്കാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ ബെനവഞ്ചര്‍ ചൂണ്ടിക്കാണിച്ചു. ”സാധ്യമായ ഏറ്റവും വലിയ ജ്ഞാനം നമുക്ക് നല്‍കാവുന്നത് ഫലപ്രദമായി പങ്കുവയ്ക്കുന്നതിലൂടെയാണ്… ജ്ഞാനം കാരുണ്യത്തിന്റെ സുഹൃത്തും അത്യാഗ്രഹം അതിന്റെ ശത്രുവുമാണ്.” ”കാരുണ്യപ്രവൃത്തികളും ഭക്തിയുംപോലെ ധ്യാനത്തോട് ഐക്യപ്പെട്ട്, ധ്യാനത്തെ തടയാതെ അതിനെ എളുപ്പമാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമുണ്ട്.”
47. ജ്ഞാനവാദം നമ്മുടെ കാലത്ത് സന്നിഹിതമായ മറ്റൊരു പാഷണ്ഡതയ്ക്ക് വഴിമാറി കൊടുത്തു. നമ്മെ വിശുദ്ധരാക്കുന്നതും മെച്ചപ്പെടുത്തുന്നതും ജ്ഞാനമല്ലെന്നും നാം ഓരോരുത്തരും നയിക്കുന്ന ജീവിതത്തിന്റെ രീതിയാണെന്നും കാലക്രമേണ അനേകര്‍ മനസിലാക്കിത്തുടങ്ങി. ജ്ഞാനവാദികളുടെ പഴയ അബദ്ധത്തിലേക്ക് സൂക്ഷ്മമായ രീതിയില്‍ അത് നയിക്കുകയാണുണ്ടായത്. ആ അബദ്ധം ഇല്ലാതാക്കപ്പെടുന്നതിനുപകരം കേവലം രൂപമാറ്റം ചെയ്യപ്പെടുക മാത്രമാണ് ഉണ്ടായത്.
48. ജ്ഞാനവാദികള്‍ ബുദ്ധിക്ക് ഉണ്ടെന്ന് പറഞ്ഞ അതേ ശക്തി മനുഷ്യമനസിന്റെ വ്യക്തിപരമായ പരിശ്രമങ്ങള്‍ക്കുള്ളതായി മറ്റുള്ളവര്‍ ഇപ്പോള്‍ പറയാന്‍ ആരംഭിച്ചിരിക്കുന്നു. ഇങ്ങനെതന്നെയായിരുന്നു പെലാജിയന്മാരും അര്‍ദ്ധപെലാജിയന്മാരും വാദിച്ചിരുന്നത്. രഹസ്യത്തിന്റെയും കൃപയുടെയും സ്ഥാനം ഏറ്റെടുത്തത് ബുദ്ധിശക്തിയല്ല. മനുഷ്യമനസിന്റെ ഇച്ഛയാണ്. ”എല്ലാറ്റിന്റെയും അടിസ്ഥാനം മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല; പിന്നെയോ ദൈവത്തിന്റെ കരുണയാണ്” (റോമ 9:16). ”അവിടുന്നു നമ്മെ ആദ്യം സ്‌നേഹിച്ചു” (1 യോഹ. 4:9) എന്നിവ വിസ്മരിക്കപ്പെട്ടു.
വിനയമില്ലാത്ത മനസ്
49. പെലാജിയന്‍ അല്ലെങ്കില്‍ അര്‍ദ്ധ പെലാജിയന്‍ മനോഭാവത്തിന് വഴങ്ങുന്നവര്‍, ദൈവിക കൃപാവരത്തെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചാല്‍പോലും, ”അവര്‍ ആത്യന്തികമായി സ്വന്തം ശക്തികളില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണ് തങ്ങളെന്ന് കരുതുകയും ചെയ്യുന്നു. എന്തെന്നാല്‍ അവര്‍ ചില നിയമങ്ങള്‍ പാലിക്കുന്നു. അഥവാ ഒരു പ്രത്യേക കത്തോലിക്ക ശൈലിയോട് വിശ്വസ്തരായി നിലകൊള്ളുകയും ചെയ്യുന്നവരാണെന്ന് കരുതുന്നു.” ദൈവത്തിന്റെ കൃപയാല്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് അവരില്‍ ചിലര്‍ ദുര്‍ബലരോട് പറയുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ അവര്‍ പറയുവാന്‍ ആഗ്രഹിക്കുന്ന ആശയം മനുഷ്യന് എല്ലാം സാധ്യമാണെന്നാണ്. മനുഷ്യമനസ് ശുദ്ധവും പൂര്‍ണവും സര്‍വശക്തവുമാണ്. അതിനോട് ദൈവികകൃപ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ”എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കുയില്ല.” ഈലോക ജീവിതത്തില്‍ മാനുഷിക ദൗര്‍ലഭ്യങ്ങളെ ദൈവികകൃപകൊണ്ട് എന്നേക്കും പൂര്‍ണമായി സുഖമാക്കില്ലെന്നുള്ള തത്വം മനസിലാക്കുന്ന കാര്യത്തില്‍ അവര്‍ പരാജയപ്പെടുന്നു.
വിശുദ്ധ അഗസ്തീനോസ് പഠിപ്പിച്ചതുപോലെ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുകയും നിങ്ങളുടെ കഴിവിന് അതീതമായവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. ”അങ്ങ് കല്‍പിക്കുന്നത് ചെയ്യാന്‍ എന്നെ അനുഗ്രഹിക്കണമേ; അങ്ങേക്ക് ഇഷ്ടമുള്ളത് എന്നോട് കല്‍പിക്കേണമേ” എന്ന് വിനീതമായി പ്രാര്‍ത്ഥിക്കുവാനും ദൈവം നമ്മളോട് കല്പിക്കുന്നു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ