വിശുദ്ധ അൽഫോൻസാമ്മക്ക് നൽകിയ വെട്ടിപ്പഴങ്ങൾ

പിന്നീടുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അൽഫോസാമ്മയുമായുള്ള കൂടിക്കാഴ്ചകളും പഴങ്ങൾ കൈമാറലും മുറപോലെ നടന്നു. ആരുടെ എങ്കിലും ചോറ്റു പാത്രം നിറയേ പഴങ്ങൾ പറിച്ച് കൊടുക്കും. സ്‌കൂൾ സംബന്ധമായ കാര്യങ്ങളാണ് മിക്കവാറും സംസാര വിഷയം. ദൈവത്തേക്കുറിച്ചും പ്രാർത്ഥനയേക്കുറിച്ചും എല്ലാം പറഞ്ഞ് തരും. ഒരു ദിവസം സ്‌കൂളിൽ ചെന്നപ്പോൾ അറിഞ്ഞു, സിസ്റ്റർ അൽഫോൻസാമ്മ മരിച്ചുവെന്ന്. കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഒന്നുമല്ലേലും ഞങ്ങളോട് ഒത്തിരി സ്‌നേഹത്തോടെ സംസാരിക്കുകയും പഴങ്ങൾ വാങ്ങിക്കഴിക്കുകയും ചെയ്തതല്ലേ

0
1775

1946 വിശുദ്ധ അൽഫോൻസാമ്മ മരിക്കുന്നതിന് മുമ്പുള്ള കാലഘട്ടം. സിസ്റ്ററിനെക്കുറിച്ചുള്ള സംസാരം ആ നാട്ടിൽ ഉണ്ടായിരുന്നു. പാലാ രൂപതയിലെ ഇടമറ്റം ഇടവകയിലെ ഇടയോടിയിൽ കുട്ടിപാപ്പന്റെ മകൻ എ.ജെ. സ്‌കറിയ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിൽ രണ്ടാം ക്ലാസിലായിരുന്നു ആ കാലഘട്ടത്തിൽ. നിത്യവും ഇടമറ്റത്ത് നിന്ന് മീനച്ചിലാറിലൂടെ വള്ളം കടന്ന് നടന്ന് പോകണം. ടാറിട്ട റോഡിലൂടെ വളച്ച് പോകാതെ കുറുക്ക് വഴികൾ സ്‌ക്കറിയാക്കും കൂട്ടുകാർക്കും സുപരിചിതം. പുഴ കടന്ന് കുറെ നടന്നാൽ പിന്നെ കാടുപിടിച്ച് കിടക്കുന്ന മീൻക്കുഴി എന്ന സ്ഥലത്തുനിന്നു ചെറിയ കുന്ന് കയറി ഇറങ്ങി വേണം സ്‌കൂളിലെത്താൻ. മീൻകുഴി കാടുപിടിച്ച് കിടക്കുന്ന സ്ഥലം. സ്‌കൂളിൽനിന്നുള്ള മടക്ക യാത്രയിൽ കുട്ടികളുടെ റിഫ്രഷ്‌മെന്റ് പോയിന്റായിരുന്നു മീൻകുഴി പ്രദേശം. ആ കാട്ടിൽ ധാരാളം കാട്ടുപഴങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കുലുക്കുത്തിപ്പഴവും വെട്ടിപ്പഴവും പോലുള്ള പഴങ്ങൾ.
വിശുദ്ധ അൽഫോൻസാമ്മയെ കണ്ട ഓർമകൾ
ഒരു ദിവസം പതിവുപോലുള്ള മടക്കയാത്രയിൽ കൂട്ടുകാരിലൊരാൾ സ്‌ക്കറിയയുടെ നിർദേശപ്രകാരം മരത്തിൽ കയറി. പഴങ്ങൾ പറിച്ച് താഴേക്ക് ഇട്ടു കൊടുത്തു. എല്ലാവരും ബഹളം വച്ച് അവ പെറുക്കി. അപ്പോൾ അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിന്റെ വാതിൽ തുറന്ന് അതിൽ നിന്നും ഒരു സ്ത്രീ ശബ്ദം. “എന്തിനാ കുഞ്ഞുങ്ങളെ നിങ്ങൾ അതെല്ലാം പറിക്കുന്നത്? എല്ലാവരും നോക്കിയപ്പോൾ വെള്ള ഉടുപ്പ് ധരിച്ച ഒരു സിസ്റ്റർ. മുഖം പുഞ്ചിരിതൂകി തിളങ്ങി നിൽക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയായിരുന്നത്. എല്ലാവരും കൂടി ഒറ്റ സ്വരത്തിൽ പറഞ്ഞു. ഞങ്ങക്ക് തിന്നാനാ. അൽഫോൻസാമ്മ ചോദിച്ചു. എനിക്കും തിന്നാൻ പറ്റുമോ?”സിസ്റ്ററിനും തിന്നാം. കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു. അവർ ചോറുപാത്രത്തിൽ ശേഖരിച്ച് വച്ചത് സിസ്റ്ററിന് കൊടുത്തു. സിസ്റ്റർ അത് കൈയിൽ വാങ്ങിയില്ല. മുറിയിൽ പോയി ഒരു കുട്ട എടുത്ത് കൊണ്ടു വന്നിട്ട് അതിൽ ഇട്ടു കൊടുക്കാൻ പറഞ്ഞു. ഇത് എങ്ങനാ തിന്നുന്നതെന്നായിരുന്നു വിശുദ്ധയുടെ ചോദ്യം. കുട്ടികൾ കുലുക്കുത്തിപ്പഴത്തിന്റെ കനം കുറഞ്ഞ തൊലി പൊളിച്ച് വായിലേക്ക് ഇട്ട് കാണിച്ച് കൊടുത്തു. കുലുക്കുത്തിപ്പഴം ഒന്ന് നുണഞ്ഞ് ഇറക്കാൻ മാത്രമേ ഉള്ളു. അത്രയും ചെറുതാണ്. വെട്ടിപ്പഴത്തിന് അൽപ്പം കൂടി മാംസള ഭാഗം ഉണ്ടാകും. അതിലൊന്ന് ഞങ്ങൾ കാണിച്ചതു പോലെ സിസ്റ്റർ കഴിച്ചിട്ട് പറഞ്ഞു, ഇതൊക്കെയാണെങ്കിൽ എനിക്ക് തിന്നാം. കട്ടിയുള്ള പഴങ്ങളൊന്നും എനിക്ക് തിന്നത്തില്ല. ഇതാണെങ്കിൽ തിന്നാൻ ബുദ്ധിമുട്ടില്ല. എനിക്കിത് ഇഷ്ടായി..” അൽഫോൻസാമ്മ ഞങ്ങളോട് ചോദിച്ചു നിങ്ങളൊക്കെ എത്രാം ക്ലാസിലാ പഠിക്കുന്നത്? എല്ലാവരും നല്ലവണ്ണം പഠിക്കുന്നുണ്ടോ? ഞാൻ പ്രാർത്ഥിച്ചേക്കാം. എല്ലാവരും മിടുക്കരായി പഠിക്കണം.”പിന്നീടുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അൽഫോസാമ്മയുമായുള്ള കൂടിക്കാഴ്ചകളും പഴങ്ങൾ കൈമാറൽ മുറപോലെ നടന്നു. ആരുടെ എങ്കിലും ചോറ്റു പാത്രം നിറയേ പഴങ്ങൾ പറിച്ച് കൊടുക്കും. സ്‌കൂൾ സംബന്ധമായ കാര്യങ്ങളാണ് മിക്കവാറും സംസാര വിഷയം. ദൈവത്തേക്കുറിച്ചും പ്രാർത്ഥനയേക്കുറിച്ചും എല്ലാം പറഞ്ഞ് തരും.. 15 ദിവസം കഴിഞ്ഞപ്പോൾ പിന്നെ ആളെക്കണ്ടില്ല. സിസ്റ്ററുടെ കൂടെ ഒരു ജോലിക്കാരിയും ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾ അറിഞ്ഞു എന്തൊ അസുഖം വന്നിട്ട് അൽഫോൻസാമ്മയെ മാറ്റി പാർപ്പിച്ചതായിരുന്നെന്ന്.
വിശുദ്ധയുടെ ശവസംസ്‌കാരം
ദിവസങ്ങൾ, മാസങ്ങൾ പലതും കടന്ന് പോയി. സിസ്റ്ററിന്റെ കാര്യമൊക്കെ ഞങ്ങളെല്ലാം മറന്നു. വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു. ഞാൻ മൂന്നാം ക്ലാസിലെത്തി. ജൂൺ, ജൂലൈ മാസത്തെ പെരുമഴക്കാലം. മീനച്ചിലാർ ഇരുകരകളും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ദിനങ്ങൾ. ഒരു ദിവസം സ്‌കൂളിൽ ചെന്നപ്പോൾ അറിഞ്ഞു, സിസ്റ്റർ അൽഫോൻസാമ്മ മരിച്ചുവെന്ന്. കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഒന്നുമല്ലേലും ഞങ്ങളോട് ഒത്തിരി സ്‌നേഹത്തോടെ സംസാരിക്കുകയും പഴങ്ങൾ വാങ്ങിക്കഴിക്കുകയും ചെയ്തതല്ലേ; പഴയ ഓർമകൾ അയവിറക്കിക്കൊണ്ട് സ്‌കറിയ പറഞ്ഞു. ഞങ്ങളെ പഠിപ്പിക്കുന്നത് സ്റ്റുഡിയോ ഉള്ള തോമസ് സാർ ആയിരുന്നു. സാർ അൽഫോൻസാമ്മയുടെ ഫോട്ടോ എടുക്കാൻ പോയതു കൊണ്ട് ക്ലാസിൽ വന്നില്ല. ഞാൻ ക്ലാസ് ലീഡർ ആയിരുന്നു. എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി. അന്നത്തെ ഹെഡ്മാസ്റ്റർ ചാണ്ടി കൊടിത്തോട്ടത്തിലച്ചനോട് പോയി ചോദിച്ചു. അച്ചാ ഞങ്ങളുടെ ക്ലാസിൽ സാറില്ല. ഞങ്ങൾ കളിക്കാൻ പോയ്‌ക്കോട്ടെ. ഞങ്ങൾക്ക് കളിക്കാൻ അനുവാദം തന്നു. പിള്ളേരെല്ലാം ഒറ്റ ശ്വാസത്തിന് പള്ളിമുറ്റത്തേക്ക് ഓടി കാരണം തോമസ് സാർ അവിടെ സിസ്റ്റർ അൽഫോസാമ്മയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുന്നു. മഠത്തിലെ ഏതാനും കുട്ടികളും കുറെ കന്യാസ്ത്രികളും മാത്രം. ഞങ്ങളുടെ തോമസ് സാർ മൂന്ന് കാലുള്ള ഒരു പെട്ടി കറുത്ത തുണികൊണ്ട് മൂടി ഫോട്ടോ എടുക്കുകയാണ്. കുട്ടികളായ ഞങ്ങൾ ആദ്യമായിട്ടാണ് ആ അൽഭുതകാഴ്ച കാണുന്നത്. തുടർന്ന്് എല്ലാവരും സെമിത്തേരിയിലേക്ക് യാത്രയായി. ഞങ്ങളും പിന്നാലെ പോയി. സെമിത്തേരിയിൽ എത്തിയതോടെ ആൺകുട്ടികളിൽ ഭൂരിഭാഗവും പന്ത് കളിക്കാനുള്ള തന്ത്രപ്പാടിൽ മെല്ലെ മുങ്ങി. റോമൂളൂസച്ചന്റെ പ്രസംഗമൊന്നും കേൾക്കാൻ നിന്നില്ല. മാത്രമല്ല അടുത്ത പീരിയഡിൽ ചാക്കോസാർ ഇംഗ്ലീഷ് പഠിപ്പിക്കാൻ വരും. അതിന് മുമ്പ് പന്ത് കളി തീർക്കണം. അൽഫോൻസാമ്മ മരിച്ച 1946-ൽ സ്വാത്രന്ത്യ സമരത്തിന്റെ ബഹളത്തിലായിരുന്നു നാട്. സ്‌കൂളിൽ സമരദിനങ്ങളായിരുന്നു പഠനദിനത്തേക്കാൾ കൂടുതൽ. സമരം കൊണ്ട് പാഠങ്ങൾ പഠിപ്പിക്കാൻ ബാക്കിയായി. ഇംഗ്ലീഷിന്റെ ചാക്കോസാറും മറ്റ് സാറുന്മാരും തന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം ഞാൻ മനപ്പാഠമാക്കി. പരീക്ഷാ ദിവസങ്ങളിൽ എല്ലാ ദിവസവും അൽഫോൻസാമ്മയുടെ ശവകടീരത്തിൽ പോയി തിരികത്തിച്ച് പ്രാർത്ഥിക്കും. ഒരു തിരിക്ക് രണ്ടണ കൊടുക്കണം. കൈയ്യിൽ പണം ഇല്ല. ഞങ്ങൾ അതിനൊരു വിദ്യ കണ്ടെത്തി. ശവകുടീരത്തിൽ ധാരാളം തിരികൾ കത്തിനിൽക്കുന്നുണ്ടാകും. അതിൽ രണ്ടെണ്ണം ഊതി കെടുത്തിയിട്ട് പറിച്ചെടുത്ത് വീണ്ടും അത് നമ്മുടെ തിരിയായിട്ട് ഒട്ടിച്ച് വക്കും. മിക്കവർക്കും തന്നെ നല്ല മാർക്കും കിട്ടിയിരുന്നു. അത് അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യംകൊണ്ടാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു; സ്‌കറിയ പറഞ്ഞു. സെന്റ് മേരീസിൽ പഠിക്കുന്ന കാലത്ത് ദിവസവും ഇന്റർവെൽ സമയങ്ങളിൽ കബറടത്തിൽ പോകുമായിരുന്നു.
ജീവിത പ്രാരാബ്ധങ്ങളിലേക്ക്
”ഞാൻ ഫോർത്ത് ക്ലാസ് വരെ പഠിച്ചു. എല്ലാവർഷവും ഏത് കൊരിച്ചൊരിയുന്ന മഴയത്തും അൽഫോൻസാമ്മയുടെ നേർച്ചപ്പെരുന്നാളിനും പോകും, വിശുദ്ധ കുർബാന കണ്ട് പ്രാർത്ഥിച്ച് നേർച്ചക്കഞ്ഞിയും കുടിച്ച് തിരിച്ച് പോരും.
വൈദികരോടുള്ള അടുപ്പംകൊണ്ട് അൽമായർക്കുവേണ്ടിയുള്ള മൂന്നാം സഭയിൽ ഞാനും അംഗമായി, സത്യാരാധന സംഘം എന്നാ അത് അറിയപ്പെട്ടിരുന്നത.് വീട്ടിലെ പണികൾ കഴിഞ്ഞ് ഞാൻ സത്യാരാധന സംഘത്തിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എട്ട് വർഷത്തോളം അതിൽ വ്യപൃതനായി. മൂന്നാം സഭയിലെ പ്രവർത്തനങ്ങൾ വഴി ജീവിതത്തെ കൂടുതൽ രൂപപ്പെടുത്താനും അർത്ഥപൂർണ്ണമാക്കാനും കഴിഞ്ഞു. അതിനിടയിൽ വിവാഹം നടന്നു. കുഞ്ഞുങ്ങൾ മൂന്ന് പേർ ആയി. അപ്പനുമായി ആലോചിച്ച് മലബാറിലേക്ക് പുറപ്പെട്ടു. 1961 അവസാനത്തോടെ ഇടമറ്റത്ത് നിന്ന് കാസർഗോഡ് ജില്ലയിലെ വെള്ളിരിക്കുണ്ടിന് കിഴക്ക് ഭാഗത്ത് മാലോം എന്ന സ്ഥലത്ത് വന്നു; മലബാറിൽ എത്തിയ കഥ സ്‌കറിയ വിവരിച്ചു.
മൂത്ത രണ്ട് കുഞ്ഞുങ്ങളെ വീട്ടിൽ നിർത്തി ഇളയതിനെ കൂടെ കൊണ്ടുപോന്നു. മാലോം ടൗണിന്റെ മുകൾ ഭാഗത്തായി കണ്ണീർവാടി എന്ന കുന്നിൽ താമസമുറപ്പിച്ചു. അനുജനും കൂട്ടത്തിൽ വന്നെങ്കിലും കൊടുംകാടും തണുപ്പും ഒന്നും പിടിക്കാത്തതിനാൽ തിരികെ നാട്ടിൽ പോയി. എന്തായാലും രണ്ടും കൽപ്പിച്ച് പിടിച്ച് നിന്നു. സിംഹം ഒഴികെ എല്ലാ കാട്ടുമൃഗങ്ങളും ഉണ്ട്. പേടിച്ചിരുന്നാൽ ജീവിതം നടക്കില്ലാത്തതുകൊണ്ട് ധൈര്യമായി നേരിട്ടു. മലബാറിൽ വന്നശേഷം നാലു കുഞ്ഞുങ്ങളെക്കൂടി ദൈവം നൽകി. അഞ്ച് വർഷം കൊണ്ട് 15 ഏക്കർ സ്ഥലം നല്ലവണ്ണം ദേഹണ്ണിച്ചെടുക്കാൻ സാധിച്ചു. ശരിക്കും മനസറിഞ്ഞ് അദ്ധ്വാനിച്ചു.
പൊതു രംഗത്തെ ഇടപെടലുകൾ
ഏതാനും വർഷങ്ങൾക്കുശേഷം സ്‌കറിയ മാലോം ടൗണിൽ ഒരു പലചരക്ക് കട തുടങ്ങി. ഒരിക്കൽ ഞങ്ങളുടെ ഇടവകയായ വള്ളിക്കടവിലെ വികാരിയച്ചൻ മാലോത്ത് വന്നപ്പോൾ ടൗണിൽ സിസ്റ്റർ അൽഫോൻസാമ്മയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കണ്ട് അച്ചൻ ചോദിച്ചു, നമുക്ക് ഇവിടെ ഒരു പള്ളി തന്നെ നിർമ്മിച്ചാലോ.”അച്ചൻ സമ്മതിക്കുകയാണെങ്കിൽ ഞങ്ങൾ തയ്യാറാണ്.”
പക്ഷേ പള്ളിക്കുള്ള പണം എങ്ങനെ ഉണ്ടാകും.”അച്ചൻ ആശങ്ക രേഖപ്പെടുത്തി. ഞങ്ങൾ പറഞ്ഞു അതിനുള്ള മാർഗമൊക്കെ നമുക്ക് ഉണ്ടാക്കാം.”ഞങ്ങൾ നാലഞ്ച് പേർ ചേർന്ന് ടൗണിനടുത്ത് താമസിക്കുന്ന മുത്തോലി ജോർജിനെ കണ്ടു. അദ്ദേഹം പള്ളിക്കുള്ള സ്ഥലം തരാമെന്ന് ഏറ്റു. 30പേർ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് രൂപം നൽകി. സ്‌കറിയ ആയിരുന്നു സെക്രട്ടറി.
12 പേർ അടങ്ങുന്ന ആക്ഷൻ കമ്മറ്റിയും ഉണ്ടായിരുന്നു. ചിട്ടി നടത്തി പണം ഉണ്ടാക്കാൻ തീരുമാനമെടുത്തു. വികാരി സെബാസ്റ്റ്യൻ പുളിക്കലിന്റെ നേതൃത്വത്തിൽ പണി ത്വരിതപ്പെടുത്തി. മൂന്ന് മാസം കൊണ്ട് പള്ളി വാർക്കാൻ ആയി.
എന്നാൽ പണത്തിന് വല്ലാത്ത ബുദ്ധിമുട്ട് നേരിട്ടു ചിട്ടിയിൽ പെടാത്തവരോടും പണം ചോദിച്ചു. ചിലരൊക്കെ തരാമെന്ന് ഏറ്റു. വാർക്കക്ക് നിശ്ചയിച്ച ദിവസം കയ്യിൽ ആകെ 2,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. ബാക്കിപണം എങ്ങനെ ഉണ്ടാകുമെന്ന് ഒരു രൂപവുമില്ല. അതിരാവിലെ ഞാൻ അൽഫോൻസാമ്മയുടെ തിരുസ്വരൂപത്തിന് മുമ്പിൽ പോയി രണ്ട് തിരി കത്തിച്ച് ഇങ്ങനെ പ്രാർത്ഥിച്ചു. അമ്മേ; ഇന്ന് പള്ളിയുടെ വാർക്ക നടക്കേണ്ട ദിവസമാണ്, പണിക്കാരെല്ലാം ഉടനെ എത്തും എന്റെ കയ്യിൽ ആകെ 2000 രൂപയേ ഉള്ളു. ഇന്ന് കുറഞ്ഞത് 50,000 രൂപയെങ്കിലും വേണം. അതിനുള്ള മാർഗം അമ്മ എങ്ങനെ എങ്കിലും ഉണ്ടാക്കി തരണം. മനസുരുകിയായിരുന്നു പ്രാർത്ഥന. പണിസ്ഥലത്ത് എത്തി കുറെ കഴിഞ്ഞപ്പോൾ ഒരാൾ 1000 രൂപ കൊണ്ടു വന്ന് തന്നു. രണ്ട് മണിക്കൂർ കഴിഞ്ഞ് മറ്റൊരാൾ 5000 രൂപ തന്നു. എന്തിനേറെ നാല് മണിക്ക് ആയപ്പോഴേക്കും 50000 രൂപയുടെ സ്ഥാനത്ത് 55,000 രൂപ കിട്ടി. പണിക്കാർക്കുള്ള കൂലി എല്ലാം കൊടുത്തു കഴിഞ്ഞപ്പോൾ 7000 രൂപ ബാക്കി വന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്; സ്‌കറിയ പറയുന്നു. അഭിവന്ദ്യ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിപ്പിതാവ് വന്ന് വെഞ്ചരിപ്പ് കർമം നിർവഹിച്ചു. പണിക്കു നേതൃത്വം നൽകിയതിന് സ്‌കറിയയെ പൊന്നാട അണിയിക്കുകയും ചെയ്തു.
ഞാൻ മലബാറിൽ വന്നനാൾ മുതൽ എന്റെ എല്ലാ കാര്യങ്ങൾക്കും വിശുദ്ധ അൽഫോൻസാമ്മയുടെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ട് നടക്കാതെ വന്നിട്ടില്ല. ഏത് കൃഷിയും തുടങ്ങുമ്പോഴും ഞാൻ ഇങ്ങനെ പ്രാർത്ഥിക്കും, അമ്മേ എനിക്ക് ഈ കൃഷിപ്പണി അല്ലാതെ വേറേ ജീവിതമാർഗം ഒന്നും ഇല്ല. നീ എനിക്ക് നല്ല വിളവ് തന്നില്ലെങ്കിൽ ഞാൻ സാമ്പത്തികമായി തളർന്ന് പോകും. എന്റെ കുടുംബം പട്ടിണിയാകും. അതുകൊണ്ട് എന്നെ അനുഗ്രഹിക്കണം. നീ എന്നെ മറക്കരുത്. എന്റെ പ്രാർത്ഥനകൾ അമ്മ ഒരിക്കലും നിരസിച്ചിട്ടില്ല. സ്‌കറിയ പറയുന്നു.
സാമൂഹ്യ പ്രവർത്തനങ്ങളുടെ കാര്യം പറഞ്ഞാൻ പ്രധാനമായിട്ടും ഇടവകയുടേയും പള്ളിയുടേയും കാര്യങ്ങളിൽ വൈദികരോടൊത്ത് ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. വള്ളിക്കടവ് ഇടവകയിലെ മുൻ കൈക്കാരനാണ് സ്‌കറിയ. ഭാര്യ മറിയാമ്മയും ഏഴ് മക്കളും അവരുടെ കുടുംബവും ദൈവപരിപാലനയിൽ സന്തോഷത്തോടെ ജീവിക്കുന്നു. ഗതകാലസ്മരണകൾ അയവിറക്കുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയോട് തമാശ രൂപത്തിൽ ചിലപ്പോഴൊക്കെ ചോദിക്കും: അമ്മേ, കുലുക്കുത്തിപ്പഴവും വെട്ടിപ്പഴവും ചോറ്റുപാത്രം നിറയേ പറിച്ച് തന്നത് അമ്മ ഓർക്കുന്നുണ്ടോ? എ.ജെ സ്‌കറിയാ ചെറു ചിരിയോടെ പറഞ്ഞു.

ജയിംസ് ഇടയോടി