വിശുദ്ധ കുർബാന നമ്മുടെ ശരീരത്തിൽ എത്രനേരം?

1037

വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ എത്രസമയം ഈശോയുടെ ശാരീരികവും യഥാർത്ഥവുമായ സാന്നിധ്യം കുടികൊള്ളുന്നുണ്ട്? ഭക്ഷണമായിട്ടാണ് ഈശോ നമ്മുടെ നാവിലും ഉദരത്തിലുമെത്തുന്നതെങ്കിലും അവിടുത്തെ സാന്നിധ്യത്തെ ഭക്ഷണം അലിഞ്ഞുപോകുന്ന സമയത്തോട് താരതമ്യം ചെയ്യേണ്ടതുണ്ടോ? അത്ര കുറച്ച് കാണേണ്ടതുണ്ടോ?

വിശുദ്ധ ഫിലിപ്പ് നേരിയുടെ കാലത്ത് സംഭവിച്ച ഹൃദയസ്പർശിയായ ഒരു സംഭവമുണ്ട്. അദ്ദേഹം ദിവ്യബലിയർപ്പിക്കുമ്പോൾ എന്നും ഒരു മനുഷ്യൻ വന്ന് ദിവ്യകാരുണ്യം സ്വീകരിക്കുമായിരുന്നു. പക്ഷേ, സ്വീകരിച്ച പാടേ വലിയ ബഹുമാനമൊന്നുമില്ലാതെ അയാൾ ഇറങ്ങി പുറത്തേക്ക് പോകും. ഇങ്ങനെ പല ദിവസങ്ങൾ തുടന്നപ്പോൾ ദിവ്യകാരുണ്യത്തോടുള്ള അവഹേളനമല്ലേ അതെന്ന് പലർക്കും തോന്നി. ഒരുദിവസം, ഈ മനുഷ്യൻ വിശുദ്ധ കുർബാന സ്വീകരിച്ച് പുറത്തിറങ്ങി നടന്നപ്പോൾ, ഫിലിപ്പ് നേരി രണ്ട് അൾത്താര ബാലന്മാരെ വിളിച്ച് കത്തിച്ച തിരികളുമായി അദ്ദേഹത്തിന്റെ പുറകെ പോകുവാൻ പറഞ്ഞു. പതിനഞ്ച് മിനിട്ട് അദേഹത്തിന്റെ അല്പം പുറകിലായി നടക്കുന്ന അവർ, ശേഷം തിരികെ പോരും. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ മനുഷ്യന് കാര്യം മനസിലായി. പിന്നീട് ഫിലിപ്പ് നേരിയുടെ അടുക്കലെത്തി അയാൾ മാപ്പുപറയുകയും, കുറച്ചുസമയം ദേവാലയത്തിൽ പ്രാർത്ഥനയിൽ ചിലവഴിച്ചതിന് ശേഷം മാത്രം പുറത്തുപോകുകയും ചെയ്യുവാൻ തുടങ്ങി.

വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരവും രക്തവുമായി രൂപാന്തരപ്പെടുന്നു. യഥാർത്ഥത്തിൽ അതിനി അപ്പവും വീഞ്ഞുമല്ല, യേശുവാണ്. ദിവ്യകാരുണ്യത്തിൽ ‘യഥാർത്ഥ’ സാന്നിധ്യമുണ്ട് എന്നാണ് സഭ പഠിപ്പിക്കുന്നത്. അത് മറ്റ് ദൈവസാന്നിധ്യങ്ങൾ യഥാർത്ഥമല്ലാത്തതിനാലല്ല. തൊട്ടറിയാവുന്നതും, മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് അനുഭവിക്കത്തക്കതുമായ എല്ലാത്തരത്തിലുമുള്ള ‘യാഥാർത്ഥ്യം’ ദിവ്യകാരുണ്യത്തിലുള്ളതുകൊണ്ടാണ്.

വിശുദ്ധ അംബ്രോസ് ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്; ”ഇല്ലായ്മയിൽനിന്ന് എല്ലാം രൂപപ്പെടുത്തുന്നതിന് ദൈവവചനത്തിന് സാധിക്കുമെങ്കിൽ, ഇതെന്റെ ശരീരവും രക്തവും എന്ന് പറഞ്ഞ് അപ്പത്തെയും വീഞ്ഞിനെയും സ്വന്ത ശരീരരക്തങ്ങളാക്കി മാറ്റുവാൻ കഴിയില്ല എന്നു ധരിക്കേണ്ടതില്ല.”

ദിവ്യകാരുണ്യത്തിൽ ഈശോയുടെ സാന്നിധ്യം പൂർണമാണ്. ആരാധനകളും സ്തുതികളും അർപ്പിക്കപ്പെടുന്നത് ഈ വിശ്വാസത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും വെളിച്ചത്തിലാണ്.

നാം നാവിൽ സ്വീകരിക്കുന്ന ഈശോ തന്റെ സാന്നിധ്യം ശാരീരികമായി എത്രസമയം നമ്മിൽ നിലനിർത്തുന്നു എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നുകേൾക്കാറുണ്ട്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പ്രതിപാദിക്കുന്നു; ”ദിവ്യകാരുണ്യത്തിൽ ഈശോയുടെ സാന്നിധ്യം, കൂദാശാവചനങ്ങൾ ഉരുവിടുന്നതുമുതൽ, അപ്പവും വീഞ്ഞും നിലനിൽക്കുന്നതുവരെയുണ്ട്” (1377).

പതിനഞ്ചുമിനിറ്റാണ് പ്രാർത്ഥനയിൽ ചിലവഴിക്കാൻ പലപ്പോഴും അനുശാസിക്കപ്പെടുന്നത്. നന്ദിപ്രകാശനത്തിന്റെ ഈ സമയം അപ്പവും വീഞ്ഞും ശരീരത്തിൽ അലിഞ്ഞുചേരുന്ന സമയവും. ജീവശാസ്ത്രപരമാണിത്. അതിനുശേഷം ദൈവസാന്നിധ്യമില്ല എന്നല്ല അതിന്റെ അർത്ഥം. എന്നേക്കും നിലനിൽക്കുമെന്നും കരുതാനാവില്ല. അടുത്ത ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാൻ പോകേണ്ടതില്ലല്ലോ അങ്ങനെയെങ്കിൽ. പാപം ചെയ്താൽ അടുത്ത നിമിഷം ദൈവസാന്നിധ്യം നഷ്ടപ്പെടാനുള്ള സാധ്യതയും, വിശുദ്ധിയിൽ ജീവിച്ചാൽ ദൈവസാന്നിധ്യം (അപ്പത്തിലും വീഞ്ഞിലുമുള്ള ശാരീരിക സാന്നിധ്യമല്ല) വർധിക്കാനുള്ള സാധ്യതയുമുണ്ട്.

ഭക്ഷ്യയോഗ്യമല്ലാതായിത്തീർന്ന ദിവ്യകാരുണ്യം മറവുചെയ്യുന്ന രീതിയെക്കുറിച്ചാണ് പലരും ആശങ്കപ്പെടുന്നത്. വെള്ളത്തിൽ അലിയിച്ച് മനുഷ്യർ ചവിട്ടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ മറവുചെയ്യാനാണ് നിഷ്‌കർഷിക്കുന്നത്. മറവുചെയ്യപ്പെടുന്ന സ്ഥലത്തിന്റെ വൃത്തിയും വൃത്തിഹീനതയും വേദനിപ്പിക്കുന്നതിനെക്കാൾ, അയോഗ്യതയോടെ സ്വീകരിക്കുന്നവരാണ് യേശുവിനെ കൂടുതൽ വേദനിപ്പിക്കുന്നത്. ശാരീരിക വൃത്തിയോടെ സ്വീകരിക്കുന്നത് ഉചിതമാണ്. എന്നാൽ അശുദ്ധിയോടെ, പാപത്തിൽ സ്വീകരിക്കുന്നപക്ഷം നമ്മുടെ ശാരീരികമായ വൃത്തിയ്ക്ക് വലിയ ന്യായീകരണം നൽകാനാവില്ല. ശാരീരികമായ വൃത്തിക്കുറവിനെക്കാൾ യേശുവിനെ വേദനിപ്പിക്കുന്നത് പാപാവസ്ഥയായിരിക്കും.