വിശുദ്ധ ജോൺ നെപോമുസെൻ

0
84

May 16: രക്തസാക്ഷിയായ വിശുദ്ധ ജോൺ നെപോമുസെൻ

1330-ൽ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോൺ ജനിച്ചത്. തങ്ങളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. ജോൺ ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവൻ അപകടത്തിലായി. എന്നാൽ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവർ തങ്ങളുടെ മകനെ ദൈവസേവനത്തിനു സമർപ്പിച്ചു. മകന് മികച്ച വിദ്യാഭ്യാസം നൽകാനും ആ മാതാപിതാക്കൾ മറന്നില്ല. പ്രഭാതങ്ങളിൽ വിശുദ്ധൻ അടുത്തുള്ള ആശ്രമത്തിൽ പോയി ഒന്നിലധികം വിശുദ്ധ കുർബ്ബാനകളിൽ സംബന്ധിക്കുമായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ ലാറ്റിൻ ഭാഷ പഠിക്കുവാനായി സ്റ്റാസെ എന്ന പട്ടണത്തിലേയ്ക്ക് പോയി. പ്രേഗിലെ സർവ്വകലാശാലയിൽ ചേർന്ന് വിശുദ്ധൻ തത്വശാസ്ത്രവും, ദൈവശാസ്ത്രവും, സഭാനിയമങ്ങളും പഠിച്ചു. മാത്രമല്ല ദൈവശാസ്ത്രത്തിലും, സഭാ നിയമങ്ങളിലും വിശുദ്ധൻ ഉന്നത ബിരുദവും കരസ്ഥമാക്കി. ചെറുപ്പത്തിൽ തന്നെ പുരോഹിതനാവുക എന്നത് വിശുദ്ധന്റെ ജീവിതാഭിലാഷമായിരുന്നു.

തുടർന്നു തന്റെ പഠനങ്ങളിൽ നിന്നും, നഗരത്തിൽ നിന്നും പിൻവാങ്ങി പ്രാർത്ഥനയും ഉപവാസവുമായി ഒരുമാസത്തോളം ഏകാന്ത ജീവിതം നയിച്ചുകൊണ്ട് ജോൺ ആത്മീയ ജീവിതത്തിനായി തയ്യാറെടുത്തു. വിശുദ്ധന്റെ മെത്രാൻ തന്നെ വിശുദ്ധന് പുരോഹിത പട്ടം നൽകുകയും ‘ഔർ ലേഡി ഓഫ് ടെയിൻ’ ഇടവകയുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. അധികം താമസിയാതെ മുഴുവൻ നഗരവും വിശുദ്ധനെ കേൾക്കുവാനായി തടിച്ചുകൂടി. വിശുദ്ധന്റെ പ്രഭാഷണങ്ങൾ കേൾക്കുവാനായി ആയിരങ്ങൾ അദ്ദേഹത്തിന്റെ ഇടവകയിലേക്ക് വരാൻ തുടങ്ങി.

ചാൾസ് ആറാമന്റെ കാലത്താണ് ജോൺ നെപോമുസെനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. 1719-ൽ വിശുദ്ധന്റെ കല്ലറ തുറക്കുകയുണ്ടായി. 330 വർഷങ്ങൾക്ക് ശേഷവും വിശുദ്ധന്റെ ശരീരത്തിലെ എല്ലുകൾക്ക് യാതൊരു കുഴപ്പവും കൂടാതെയിരിക്കുന്നതായി കണ്ടു.

വിശുദ്ധന്റെ നാക്കിനും യാതൊരു കുഴപ്പവുമുണ്ടായിരിന്നില്ല. ബൊഹേമിയയിൽ വിശുദ്ധന്റെ മരണം മുതൽക്കേ തന്നെ അദ്ദേഹത്തെ ഒരു രക്തസാക്ഷിയായി ആദരിച്ചു വന്നിരുന്നു. വിശുദ്ധന്റെ പേരിലുള്ള അത്ഭുതങ്ങൾ നിയമപരമായി വാസ്തവമാണെന്ന് തെളിയുകയും തുടർന്ന് ബെനഡിക്ട് പതിമൂന്നാമൻ ആദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.