വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ സുഹൃത്ത് ഇപ്പോഴും യുദ്ധഭൂമിയിൽ

തൊണ്ണൂറുകളിൽ ഞാൻ ജൂത വിശ്വാസികളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അറിഞ്ഞു. വത്തിക്കാനിൽനിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത്. പിന്നീട് അനേകം തവണ കാണുകയും വത്തിക്കാനിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് ആരുമായും സൗഹൃദം സ്ഥാപിക്കുകയും ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതക്കാരനുമായിരുന്നു.

888
ഫാ. കാനൻ ആൻഡ്രൂ വൈറ്റ് വിശുദ്ധ ജോൺ പോൾ പാപ്പയോടൊപ്പം (ഫയൽ ഫോട്ടോ)

ഇഗ്ലണ്ടിലെ മികച്ച സ്ഥാപനത്തിൽനിന്നായിരുന്നു കാനൻ ആൻഡ്രൂ വൈറ്റ് മെഡിക്കൽ ബിരുദം നേടിയത്. എന്നാൽ, ഡോ. വൈറ്റിനെ ഇപ്പോൾ ലോകം അറിയുന്നത് ആത്മീയ ചികിത്സകനായാണ്. വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ സുഹൃത്ത്, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ്, മുൻ പാലസ്തീൻ പ്രസിഡന്റ് യാസർ അറാഫത്ത് തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഫാ. കാനൻ ആൻഡ്രൂ വൈറ്റ്. തീവ്രവാദികളുമായുള്ള ചർച്ചകളുടെ മധ്യസ്ഥൻ, ഇറാക്കിലെ ഏറ്റവും വലിയ ദൈവാലയത്തിന്റെ വികാരി തുടങ്ങി ഫാ. വൈറ്റിന് വിശേഷണങ്ങൾ നിരവധിയാണ്. ‘ബാഗ്ദാദിലെ വികാരി’ എന്നാണ് 54-കാരനായ ഈ ആഗ്ലിക്കൻ വൈദികൻ അറിയപ്പെടുന്നത്.

1964-ൽ ഇംഗ്ലണ്ടിലെ കെന്റിലാണ് ഈ മിഷനറിയുടെ ജനനം. ”എല്ലവർക്കും ഫാ. ആൻഡ്രൂനെ അറിയാം, അദ്ദേഹത്തിനു അവരെയും.” ബ്രിട്ടനിലെ പ്രമുഖ പത്രപ്രവർത്തകൻ ഫാ. അൻഡ്രുവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഫാ. ആൻഡ്രു വൈറ്റിന്റെ ബന്ധങ്ങൾ. അതിലുപരി എല്ലാവരെയും പ്രധാനപ്പെട്ടവരായി എണ്ണുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ഒരു ഭാഗത്ത് ലോകത്തെ ഏറ്റവും ശക്തരായ നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും മറുവശത്ത് അദ്ദേഹം ജീവിക്കുന്ന പ്രദേശത്തെ ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുമായി ആത്മബന്ധം പുലർത്തുന്നതിലും ഫാ. ആൻഡ്രൂ ഏറെ ശ്രദ്ധിക്കുന്നു. ഇതെല്ലം ചെയ്യുന്നതു മുൾട്ടിപൽ സിറോസിസ് എന്ന നാഡികളെ ബാധിക്കുന്ന മാരകമായ രോഗവും പേറിയാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് നാം മനസിലാക്കുക.

ഇറാക്കിലെ അഭയാർത്ഥികൾക്കായി നടത്തുന്ന പ്രവർത്തനങ്ങളാണ് ഫാ. ആൻഡ്രൂ വൈറ്റിനെ ഇപ്പോൾ ഏറെ ശ്രദ്ധേയനാക്കുന്നത്. അഭയാർത്ഥികളുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം മുൻതൂക്കം നൽകുന്നത്. ”ഞാൻ സംസാരിക്കുമ്പോൾ, മദ്യപിച്ചു ലക്കുകെട്ടിരിക്കുകയാണെന്ന് പലരും വിചാരിക്കും. അതാണ് ഈ അസുഖത്തിന്റെ പ്രത്യേകത.” ഫാ. ആൻഡ്രൂ വൈറ്റ് പറയുന്നു. ഇതിനെപ്പറ്റി ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഇദ്ദേഹം പറയും. ഇപ്പോൾ സ്വന്തം ശരീരത്തിൽ സ്റ്റം സെൽസ് കുത്തിവച്ചാണ് ചികിസിക്കുന്നത്.

”ഇറാക്കിലുള്ള ഒരു ഡോക്ടർ പറഞ്ഞു, അദ്ദേഹത്തിന്റെ പുത്തൻ ഗവേഷണത്തെ പറ്റി. പലരും ഗവേഷണം നടത്തുമ്പോൾ, ഞാൻ അത് ചെയ്തു നോക്കി. നല്ല മാറ്റം ഉണ്ട്.” അതിനും ചിരിച്ചുകൊണ്ടാണ് ഉത്തരം. 1985 ൽ മെഡിക്കൽ ബിരുദം നേടിയ ഡോ. ആൻഡ്രൂ വൈറ്റ് അധികം താമസിക്കാതെ ആത്മീയതയിലേക്കു തിരിയുകയായിരുന്നു.

‘ആഗ്രഹിച്ചത് എല്ലാം നേടി. ഇനി എന്ത്?,’ എന്ന് ചോദ്യമായിരുന്നു ദൈവാന്വേഷണത്തിലേക്ക് തിരിയാൻ പ്രേരകമായത്. അധികം താമസിക്കാതെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ തിയോളജി പഠിക്കാൻ ചേർന്ന ഇദ്ദേഹം, ജൂതമതത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പഠിച്ചു. എന്തിനു പറയുന്നു, പലപ്പോഴും വിദ്യാർത്ഥികളുടെ ഇടയിൽ മതപരമായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥനായി. ഇതാണ് പിന്നീട് ആഗോളതലത്തിലുള്ള സമാധാന പ്രവർത്തനത്തിനുള്ള കമ്മറ്റിയിൽ അംഗമാവാനും ഇസ്രയേലിലും മറ്റും പോകുവാനും പല മത നേതാക്കന്മാരുമായി ബന്ധം സ്ഥാപിക്കുവാനുമുള്ള തുടക്കമായത്.
വൈദികനായതിനുശേഷം മേഖലയിലുള്ള എല്ലാ വിഭാഗത്തിലുമുള്ള പ്രധാന മത നേതാക്കന്മാരേയും ഒരുമിച്ചു കൂടിയുള്ള സമാധാന ചർച്ചകൾക്കാണ് അദ്ദേഹം ആദ്യം മുതിർന്നത്. ക്രിസ്ത്യൻ, ജൂത, മുസ്ലിം മതത്തിലുള്ള പല വിഭാഗങ്ങളെയും ഒരു മേശക്കുചുറ്റും ഒരുമിച്ചുകൂട്ടി. പക്ഷേ, ഒരു ക്രിസ്ത്യൻ പുരോഹിതനെ എങ്ങനെയാണ് അവർ സ്വീകരിക്കുക എന്നൊരു സംശയം ആദ്യ സമയങ്ങളിൽ ഉണ്ടായി. ‘സത്യത്തിൽ ഞാൻ ളോഹ ഇടുന്നതു പാലസ്തീനിൽ വച്ചാണ്. ഒരു പുരോഹിതനാണ്, എന്നതാണ് ഇവിടെ ബഹുമാനം കിട്ടാൻ എന്നെ സഹായിക്കുന്ന ഏക ഘടകവുമെന്ന് താൻ തിരിച്ചറിഞ്ഞെന്ന് ഫാ. ആൻഡ്രൂ പറയുന്നു.
മതവും മത നേതാക്കളെയും മാറ്റിനിർത്തി ഇവിടെ ഒരു ചർച്ച നടത്താൻ പറ്റില്ല; ഫാ. ആൻഡ്രൂ പറയും. പലരും മത നേതാക്കന്മാരെ മാറ്റിനിർത്തി ചർച്ചകൾ നടത്താൻ നോക്കിയതാണ് മധ്യേഷ്യയിലെ പല പ്രശങ്ങളും വഷളാകാനുള്ള കാരണമെന്നാണ് ഫാ. ആൻഡ്രൂവിന്റെ അഭിപ്രായം.

അമേരിക്ക ഇറാക്ക് പിടിച്ചടക്കിയപ്പോൾ, അമേരിക്കൻ അംബാസിഡർ ഈ വൈദികനോടു പറഞ്ഞു, ”മത നേതാക്കളെ അകറ്റിനിർത്തി മതേതരമായി കാര്യങ്ങളെ സമീപിക്കുമെന്ന്. എന്നാൽ മൂന്നു മാസത്തിനു ശേഷം, അദ്ദേഹം ഫാ. ആൻഡ്രൂറിനോട് പറഞ്ഞു, ‘മത നേതാക്കളെ മാറ്റി നിർത്തി, ഇവിടെ ഒന്നും നടക്കില്ല. വെള്ളം, വൈദ്യുതി കണക്ഷൻ പോലും എത്തിക്കാൻ പറ്റില്ല എന്ന്.” അതാണ്, ഇവിടുത്തെ പ്രത്യേകത.

ഷിയാ-സുന്നി മത നേതാക്കന്മാരുമായുള്ള ചർച്ചകളും ബന്ധങ്ങളും രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചു. അതുവഴിയാണ് യാസർ അറഫാത്തുമായി ബന്ധം ഉണ്ടായത്. പിന്നീട് യാസർ അറാഫത്തുമായി പലവട്ടം കണ്ടു. 2001 ൽ, പാലസ്തീനിലെ പ്രമുഖ നേതാവായിരുന്ന ജാവേദ് അൽ ഗുസൈനെ തട്ടിക്കൊണ്ടു പോയപ്പോൾ മോചനത്തിനായി നടത്തിയ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചത് ഫാ. ആൻഡ്രൂവായിരുന്നു. അങ്ങനെ പല തട്ടിക്കൊണ്ടു പോകലുകളിലും വിവിധ കക്ഷികളുടെ ഇടയിൽ മധ്യസ്ഥനായതും സന്ധി സംഭാഷണങ്ങൾക്ക് നേതൃത്വം വഹിച്ചതും ഇദ്ദേഹമായിരുന്നു.

സദ്ദാം ഹുസൈൻ ഇറാക്കിന്റെ പ്രസിഡന്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു പലപ്രാവശ്യം ആ രാജ്യത്ത് സന്ദർശനം നടത്തിയിരുന്നു. സദാമിന്റെ ഉപപ്രധാനമന്ത്രി ആയിരുന്ന താരിഖ് അസീസിന്റെ ഉറ്റ സുഹൃത്തായിരുന്നു ഫാ. ആൻഡ്രു. അമേരിക്കയും ഇറാക്കും തമ്മിൽ നടന്ന യുദ്ധത്തെത്തുടർന്ന് താരിഖ് അസീസ് അമേരിക്കയുടെ പിടിയിലായി. അമേരിക്കൻ തടവറയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അപ്പോഴും, പഴയ സുഹൃത്തിനെ സന്ദർശിക്കാൻ ഫാ. കാനൻ മടികാണിച്ചില്ല.

അദ്ദേഹം അത്ര നല്ല ഒരാൾ ആയിരിക്കില്ല. എന്നാൽ എന്റെ നല്ല സുഹൃത്തായിരുന്നു. ഒരു മടിയും കൂടാതെയാണ് ഫാ. ആൻഡ്രുവിന്റെ മറുപടി. അതിനു പറയാൻ ന്യായവും ഉണ്ട്. നല്ല ആൾക്കാരല്ലല്ലോ യുദ്ധം ഉണ്ടാകുന്നത്. അതുകൊണ്ടു അത്രക്കാരുമായി സംസാരിച്ചാൽ മാത്രമേ സമാധാനവും പരിഹാരവും കണ്ടെത്താൻപറ്റൂ; ഫാ. ആൻഡ്രു പറയുന്നു.
ഇന്ത്യയെയും കേരളത്തെയും ഏറെ ഇഷ്ടപ്പെടുന്ന ഈ വൈദികന് ഇവിടേക്ക് വരാനും ഏറെ താല്പര്യമുണ്ട്.

ഏറെ വെല്ലുവിളികൾ ഉള്ള ജോലി ആണ് അങ്ങ് ചെയുന്നത്. ഭയം തോന്നാറില്ലേ?

ഞാൻ വൈദികനായി പ്രവർത്തിക്കാൻ തുടങ്ങിയ സമയത്താണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ പരിചയപ്പെടുന്നത്. ഒരിക്കൽ സംസാരത്തിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു. ‘വെല്ലുവിളികൾ എടുക്കാൻ ഭയപ്പെടുന്നില്ലെങ്കിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ പറ്റും.’ എന്നെ അതിശയപ്പിച്ചത് അതിനു കുറച്ചു നാളുകൾക്കു മുമ്പാണ് ഇതേ വാക്കുകൾ എന്റെ അന്നത്തെ കാന്റർബറി ആർച്ച് ബിഷപ് എന്നോട് പറഞ്ഞത് എന്നതാണ്. വെല്ലുവിളികളിൽനിന്നും മുഖം തിരിക്കാതിരിക്കാൻ ഇതെന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ജോൺ പോൾ മാർപാപ്പയുമായി ബന്ധപ്പെട്ട് മനസിൽ തങ്ങിനില്ക്കുന്ന ഓർമകൾ എന്തൊക്കെയാണ്?

തൊണ്ണൂറുകളിൽ ഞാൻ ജൂത വിശ്വാസികളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അറിഞ്ഞു. വത്തിക്കാനിൽനിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത്. പിന്നീട് അനേകം തവണ കാണുകയും വത്തിക്കാനിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് ആരുമായും സൗഹൃദം സ്ഥാപിക്കുകയും ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതക്കാരനുമായിരുന്നു.

എങ്ങനെയാണ് കടുത്ത ശത്രുതയുള്ള വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടുക?

ആദ്യമായിട്ട് അവരെ പരസ്പരം അടുത്തിരുത്തി സംസാരിക്കുവാനും കേൾക്കുവാനുമുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പ്രദാനം. അപ്പോൾ തെറ്റിദ്ധാരണകൾ നീങ്ങും, കേട്ടുകേൾവി വച്ചുള്ള അബദ്ധ ധാരണകൾ മാറും. ഒരുപക്ഷേ സൗഹാർദ്ദവും തുടങ്ങും. ഇതാണ് ആദ്യമായി ചെയ്യേണ്ടത്, മത നേതാക്കന്മാരുടെ ആഹ്വാനങ്ങൾക്ക് എല്ലാവരുടെയും ഇടയിൽ മികച്ച സ്വീകാര്യത ഉണ്ട്.

എങ്ങനെയാണ് തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധപെടുക?

വ്യത്യസ്ത സംഘടനാ നേതാക്കളുമായുള്ള ബന്ധങ്ങൾ ഇതിനുപകരിക്കും. പരസ്പരം കേൾക്കുകയും മനസിലാക്കുകയും ചെയ്യുമ്പോൾ തന്നെ ബന്ധങ്ങൾ രൂപപ്പെടും. പിന്നെ പലപ്പോഴും ഞാൻ അവരെ ഭക്ഷണത്തിനു ക്ഷണിക്കും. പലരും നല്ല സുഹൃത്തുക്കളായി മാറും.

ഐസ്, എന്ന ചുരുക്ക പേരിൽ അറിയപെടുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ എങ്ങനെ കാണുന്നു?

ഏറ്റവും കടുത്ത തീവ്രവാദമാണ് ഇവരുടെ മുഖമുദ്ര. ഒരുതരത്തിലും ചർച്ചക്കും സമവായത്തിനുമുള്ള ഇടം അവരുമായി ഇല്ല എന്നാണ് എന്റെ അനുഭവം. ഞാൻ അവരെ ക്ഷണിച്ചപ്പോൾ, കൊല്ലും എന്നാണ് അവർ പറഞ്ഞത്. മറ്റെല്ലാവരും സംസാരിക്കാനെങ്കിലും സന്നദ്ധരായിരുന്നു. തങ്ങൾ ചെയ്യുന്നതിനെ അവർ വ്യക്തമായി ന്യായീകരിക്കുവാനും കെൽപ്പുള്ളവരാണ്.

ഇറാക്കിലെയും സിറിയയിലേയും ക്രൈസ്തവരുടെ അവസ്ഥകുറച്ചു വർഷങ്ങൾക്കു മുമ്പ് 15 ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സ്ഥാനത്തു ഇന്ന് ഇറാക്കിൽ ഒന്നര ലക്ഷത്തോളം വിശ്വാസികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവരിൽ മിക്കവരും പരമ ദരിദ്രരാണ്. ഇവർക്കു മറ്റു രാജ്യങ്ങളിലേക്ക് പോകുവാൻ പറ്റാത്തതുകൊണ്ട് ഇവിടെ കഴിയുകയാണെന്നു പറയാം. ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ന്യൂനപക്ഷങ്ങൾക്ക്. ദൈവാലയത്തിൽ വന്നിരുന്ന നൂറുകണക്കിന് ആളുകളെ ഭീകരർ വധിച്ചിട്ടുണ്ട്. ദൈവാലയ സൂക്ഷിപ്പുകാരെന്റെ അഞ്ചു വയസുള്ള മകനെ അദ്ദേഹത്തിന്റെ മുൻപിൽ വച്ചാണ് വധിച്ചത്. പല കൊച്ചു കുട്ടികളെയും ഇതുപോലെ കൊന്നിട്ടുണ്ട്. വിശ്വാസത്തിനു വേണ്ടി സഹിക്കുന്ന ജനങ്ങളെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ഏതാനും വർഷങ്ങൾക്കു മുമ്പ് 6500 അംഗങ്ങൾ ഉണ്ടായിരുന്ന നമ്മുടെ ദൈവാലയങ്ങളിൽ ഇന്ന് നൂറു പേരോളമേ ഉള്ളൂ.

ഇപ്പോഴുള്ള പ്രവർത്തനങ്ങൾ?

ഇറാക്കിലെ പ്രവർത്തനങ്ങൾക്കു പുറമെ, ജോർദാനിലെ അഭയാർത്ഥികൾക്കു വേണ്ടി സ്‌കൂളും താമസ സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നു. ഞങ്ങളുടെ സ്‌കൂളിൽ 300 കുട്ടികൾ പഠിക്കുന്നുണ്ട്. അവരിൽ പലരും അനാഥരാണ്. 30,000 അഭയാർത്ഥികളെ നേരിട്ടും അല്ലാതെയും സഹായിക്കുന്നു. ഇവരെല്ലാം അമേരിക്ക, ഓസട്രേലിയ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറാൻ കാത്തിരിക്കുക ആണ്. അതിനു രണ്ടു മൂന്ന് വർഷങ്ങൾ എടുക്കും. അതുവരെ ജോർദാനിൽ താമസിക്കും.

ഇതിനുള്ള സാമ്പത്തിക പിന്തുണ എങ്ങനെ കിട്ടുന്നു?

ഉദാര മനസ്‌കരുടെ സഹായമാണ് ആശ്രയം. എവിടെയെല്ലാം ആളുകൾ എന്നെ ക്ഷണിക്കുന്നുവോ അവിടെയെല്ലാം പോയി പ്രവർത്തനത്തെ കുറിച്ച് സംസാരിക്കും. ഒരു മാസം കുറഞ്ഞത് ഒരു ലക്ഷം ഡോളർ ആവശ്യമുണ്ട്. ഇപ്പോൾ സാമ്പത്തിക ഞെരുക്കം വെല്ലുവിളിയായി മുമ്പിലുണ്ട്.

അവിടെ ക്രിസ്ത്യൻ വിഭാഗങ്ങൾ സഹകരിച്ചാണോ പ്രവർത്തിക്കുന്നത്?

പ്രതിസന്ധികൾ പരസ്പരം സഹകരിക്കാൻ എല്ലാവർക്കയും കൂടുതൽ പ്രേരകമായി. വിഘടിച്ചുനിന്നിരുന്ന എല്ലാ വിഭാഗങ്ങളും ഐസിന്റെ ആക്രമണത്തിന് ശേഷം ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കത്തോലിക്ക, ഓർത്തോഡോക്‌സ്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പരസ്പരം സഹകരിക്കാൻ ശ്രമിക്കുന്നുണ്ട്.

കേരളത്തിലെ ക്രിസ്ത്യാനികൾക്ക് സിറിയൻ ക്രൈസ്ഥവ സഭയുമായി നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. അതേക്കുറിച്ച് കേട്ടിരുന്നോ?

ഇംഗ്ലണ്ടിൽ എനിക്ക് കുറച്ച് മലയാളി സുഹൃത്തുക്കൾ ഉണ്ട്. അവർ പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ നാളായി ഇന്ത്യയിൽ വരണമെന്ന ആഗ്രഹമുണ്ട്. ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഒരു കുട്ടിയുണ്ട് എന്റെ കൂടെ, എസ്‌തേർ. അവളെ ഇന്ത്യ കാണിക്കണം എന്നുണ്ട്. കൂടാതെ എന്റെ പ്രവർത്തനങ്ങളുമായി ബന്ധപെട്ട്, നിങ്ങളുടെ നാട്ടിൽ സഹായം തേടാൻ വരാനും പദ്ധതിയുണ്ട്.

ഫാ. കാനൻ ആൻഡ്രൂ വൈറ്റിന്റെ നയതന്ത്ര മികവ് എടുത്തു പറയേണ്ടതാണ്. 2004 ൽ അദ്ദേഹത്തെ ബാഗ്ദാദിൽ വച്ച് തട്ടികൊണ്ടുപോയതാണ്. ഒരു രാത്രി ഇരുട്ടുള്ള ഒരു മുറിയിൽ കഴിച്ചു കൂട്ടി. മനുഷ്യരുടെ മുറിച്ച കൈകാൽ വിരലുകൾ കിടക്കുന്നുണ്ടായിരുന്നു ആ മുറിയിൽ. തീവ്രവാദികളുമായി സംസാരിച്ച് പുറത്തു വരാൻ അദ്ദേഹത്തിനു സാധിച്ചു. ‘ആരായിരുന്നു എന്ന് ചോദിച്ചാൽ, പോരുമ്പോൾ അവരെനിക്ക് വിസിറ്റിംഗ് കാർഡൊന്നും തന്നില്ല,’ എന്നാണ് മറുപടി! തട്ടിക്കൊണ്ടു പോയ അനേകരെ രക്ഷിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഫാ. കാനൻ ആൻഡ്രൂ വൈറ്റ് നേതൃത്വം വഹിച്ചിട്ടുണ്ട്.

അരുൺ പി മാത്യു