വിശുദ്ധ ഫ്രാൻസിസിന്റെ സമാധാനദീപ പുരസ്‌കാരം ആഞ്ചെല മെർക്കലിന്

0
242

ഇറ്റലി: രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാന ദീപ പുരസ്‌ക്കാരത്തിന് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ അർഹയായി. അസ്സീസി സമാധാനകേന്ദ്രമാണ് ഏപ്രിൽ 7-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ആഞ്ചെല മെർക്കലിന് സമാധാന പുരസ്‌കാരം നൽകുമെന്ന് പ്രഖ്യാപിച്ചത്.

“ജർമ്മനിക്കും യൂറോപ്പിനും പുറമെ മറ്റ് രാഷ്ട്രങ്ങൾക്കിടയിലും ജനതകൾക്കിടയിലും മെർക്കൽ നടത്തിയിട്ടുള്ള അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ശ്രമങ്ങൾ പരിഗണിച്ചാണ് സമാധാനദൂതനെന്ന് ലോകം വിളിക്കുന്ന വിശുദ്ധ ഫ്രാൻസിസിൻറെ നാമത്തിലുള്ള സമാധാനപുരസ്‌ക്കാരം മെർക്കലിന് നല്കുന്നത്. അസ്സീസി ഇന്റർനാഷണൽ പീസ് ഫൗണ്ടേഷൻറെ നിർണ്ണായക സമിതിയാണ് പുരസ്‌ക്കാരത്തിന് ജർമ്മനിയുടെ ചാൻസലറെ തിരഞ്ഞെടുത്തത്”; സമാധാനകേന്ദ്രത്തിൻറെ ഉത്തരവാദിത്ത്വം വഹിക്കുന്ന ഫ്രയർ എൻസോ ഫോർത്തുനാത്തോ പറഞ്ഞു.

ഏപ്രിൽ 12 ന് വടക്കെ ഇറ്റലിയിലെ അസ്സീസി പട്ടണത്തിലെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധിയുടെ മുൻപിൽ വെച്ചാണ് പുരസ്‌ക്കാരം നൽകപ്പെടുകയെന്നും പുരസ്‌ക്കാരം സ്വീകരിക്കാൻ മെർക്കൽ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്നും എൻസോ ഫോർത്തുനാത്തോ കൂട്ടിച്ചേർത്തു. നൊബേൽ സമ്മാനജേതാവായ കൊളംബിയൻ പ്രസിഡൻറ്, ജുവാൻ മാനുവൽ സാൻറോസാണ് അസ്സീസിയുടെ പ്രഥമ സമാധാനപുരസ്‌ക്കാരത്തിന് അർഹനായത്.