വിശുദ്ധ സ്‌തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ – ഭാരത സഭക്ക് പുണ്യ നിമിഷം

0
86

പന്തളം: ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകർമം കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്നു. കുർബാനയോടെ ആരംഭിച്ചു. തുടർന്ന്ഇടവകയുടെ മധ്യസ്ഥനായ സ്‌തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠക്ക് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഡോ. മാത്യുസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ദൈവാലയത്തിൽ പ്രത്യേകം സ്ഥാപിച്ച പേടകത്തിലാണ് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചത്. വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ നാമത്തിൽ മലങ്കരയിൽ സ്ഥാപിതമായ പ്രഥമ ദൈവാലയത്തിന് 341 വർഷം പഴക്കമുണ്ട്. ഭാരതത്തിൽ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ ദൈവാലയം എന്ന പരിഗണനയിലും മലങ്കര ഓർത്തഡോക്‌സ് സഭയോടുള്ള പ്രത്യേക താൽപര്യവുമാണ് ലോകത്തിലെതന്നെ അതിപുരാതന ക്രൈസ്തവ സന്യാസ സമൂഹമായ ഗ്രീസിലെ മൗണ്ട് അത്തോസിൽനിന്ന് കുടശനാട് ദൈവാലയത്തിന് തിരുശേഷിപ്പ് കൈമാറിയതെന്ന് വികാരി ഫാ. തോമസ് പി. നൈനാൻ, അസിസ്റ്റന്റ് വികാരി ഫാ. ബിനു ജോയി എന്നിവർ പറഞ്ഞു.
എ.ഡി 34-ൽ ആണ് വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിൽ ജറുസലേമിൽ കല്ലെറിഞ്ഞു കൊല്ലുന്നത്. എ.ഡി. 415-ൽ അദ്ദേഹത്തിന്റെ കബറിടം ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലെ സന്യാസിമാർ കണ്ടെത്തി. തുടർന്നാണ് തിരുശേഷിപ്പ് ഗ്രീസിലെ അവരുടെ ആശ്രമത്തിൽ പ്രതിഷ്ഠിച്ചത്.
പൂഴിക്കാട്, നൂറനാട്, ഓലിക്കൽ, കടമാൻകുളം തുടങ്ങിയ ദൈവാലയങ്ങളുടെ മാതൃദൈവാലയംകൂടിയാണ് കുടശനാട് സെന്റ് സ്റ്റീഫൻസ് ദൈവാലയം. 1984-ൽ കത്തീഡ്രലായി ഉയർത്തപ്പെട്ട ഇടവകയിൽ 1986-ൽ പരുമല തിരുമേനിയുടെ തിരുശേഷിപ്പും പ്രതിഷ്ഠിച്ചിട്ടുണ്ട്.