വിശ്വാസത്തിന്റെ നൈജീരിയൻ മാതൃക

0
171

ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു ബൊക്കോ ഹറാം തീവ്രവാദികൾ നൈജീരിയയിലെ ഒരു സ്‌കൂളിൽനിന്നും 110 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഗവൺമെന്റുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഏതാനും ആഴ്ചകൾക്ക്മുമ്പ് അവരെ മോചിപ്പിക്കാൻ ഭീകരർ തയാറായി. തിരികെ പോരുവാനായി ട്രക്കിൽ കയറുന്നതിനിടയിൽ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഏക ക്രൈസ്തവ വിശ്വാസിയായ പെൺകുട്ടിയോട് തങ്ങളുടെ വിശ്വാസം സ്വീകരിക്കുവാൻ ഭീകരർ ആവശ്യപ്പെട്ടു. എന്നാൽ, ലിയ ഷാരിബു എന്ന 15-കാരി അതിനു തയാറായില്ല. കൂട്ടുകാരികൾ അവളോട് തല്ക്കാലത്തേക്ക് എങ്കിലും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവൾ അതിന് ഒരുക്കമായിരുന്നില്ലെന്നുമാത്രമല്ല, വിശ്വാസം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും തീർത്തുപറയുകയും ചെയ്തു. തീവ്രവാദികൾ ലിയയെ വിട്ടയച്ചില്ല. അതിനിടയിൽ ലിയ തന്റെ അമ്മക്ക് ഒരു കുറിപ്പെഴുതി കൂട്ടുകാരികളുടെ കൈവശം കൊടുത്തുവിട്ടു. അതിൽ എഴുതിയിരുന്നത്, ”അമ്മേ, നമ്മൾ വീണ്ടും കാണുമെന്ന് എനിക്കുറപ്പുണ്ട്. ഈ ലോകത്തിൽ അല്ലെങ്കിൽ ക്രിസ്തുവിന്റെ മടിത്തട്ടിൽവച്ച്” എന്നായിരുന്നു. ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു ആ വരികൾ. അവളെക്കുറിച്ച് പിന്നീട് ഒരു വാർത്തയും പുറത്തുവന്നതായി അറിവില്ല. ഭീകരരുടെ തടവിൽ കഴിയുന്ന ലിയക്കുവേണ്ടി പ്രാർത്ഥനകൾ ഉയരേണ്ടിയിരിക്കുന്നു.
ഈ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് കുട്ടികളുടെ വഴിതെറ്റൽ. അനേകം മാതാപിതാക്കൾ ഉൽക്കണ്ഠയിലാണ്. പ്രത്യേകിച്ച്, മക്കളെ പഠനത്തിനും ജോലിക്കുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും അയച്ചിരിക്കുന്നവർ. നമ്മുടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് പോയിരിക്കുന്ന മക്കളെപ്പറ്റിയും മാതാപിതാക്കൾക്ക് ആശങ്കകളുണ്ട്. പുറത്തുവരുന്ന പല വാർത്തകളും അവരുടെ ഉൽക്കണ്ഠകൾ വർധിപ്പിക്കുന്നവയാണ്. പഴയകാലങ്ങളിൽ യൗവനത്തിൽ എത്തിയതിനുശേഷമായിരുന്നു മക്കൾ മാതാപിതാക്കളുടെ അടുത്തുനിന്നും പോയിരുന്നത്. ഇപ്പോൾ പ്ലസ് ടു കഴിയുന്നതോടെ കുട്ടികൾ പഠനത്തിനായി നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുന്നത് സാധാരണമായി കഴിഞ്ഞിരിക്കുന്നു. ഈ പ്രായത്തിലാണ് അവർ തെറ്റുകളുടെ ലോകത്തേക്ക് ആകർഷിക്കപ്പെടാനുള്ള കൂടുതൽ സാധ്യതകളും. തെറ്റുകളിലേക്ക് പോകുന്ന മക്കളെപ്പറ്റി പറയുമ്പോൾ സ്ഥിരമായി ആവർത്തിക്കപ്പെടുന്നത്, കൂട്ടുകാരും സാഹചര്യങ്ങളുമാണ് അവരെ തെറ്റിലേക്ക് വീഴ്ത്തിയതെന്നായിരിക്കും.
വളരുന്ന ചുറ്റുപാടുകളും കൂട്ടുകാരും കുട്ടികളെ സ്വാധീനിക്കും. തെരുവിൽ വളരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം എപ്പോഴും പരിചിതം തെറ്റുകളുടെ ലോകമായിരിക്കും. സ്വഭാവികമായും അത് അവനെയും കീഴ്‌പ്പെടുത്തും. എന്നാൽ, മാതാപിതാക്കളോടൊപ്പം വളർന്നിട്ടും കുറച്ചുകാലം അവരിൽനിന്നും അകന്നുജീവിക്കുമ്പോൾ തെറ്റുകളിലേക്ക് വീണുപോകുന്നതിനെ ന്യായീകരിക്കാനാവില്ല. നൈജീരിയയിൽ ഭീകരരുടെ തോക്കിൻമുനയിൽനിന്നിട്ടും 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി സ്വന്തം വിശ്വാസം തള്ളിപ്പറയാൻ തയാറാകാത്തത് എന്താണ്? തല്ക്കാലത്തേക്ക് വിശ്വാസം ഉപേക്ഷിക്കുന്നതായി അഭിനയിക്കാൻ കൂട്ടുകാരികൾ നിർബന്ധിച്ചിട്ടും അവൾ അതിനു തുനിയുന്നില്ല. വിശ്വാസത്തിൽ ഉറപ്പിച്ചാണ് അവളെ മാതാപിതാക്കൾ വളർത്തിയത്. അതുകൊണ്ടാണ് സ്വന്തം സുരക്ഷിതത്വത്തെക്കാളും വിശ്വാസത്തിന് പ്രാധാന്യം നൽകിയത്. മക്കൾക്ക് വഴികൾ ഇടറുന്നുണ്ടെങ്കിൽ സാഹചര്യങ്ങളെ മാത്രം പഴിക്കാൻ കഴിയില്ല. മാതാപിതാക്കൾക്കും അതിൽ ഉത്തരവാദിത്വമുണ്ട്.
മാതാപിതാക്കൾ മക്കളെക്കുറിച്ച് ഓർത്ത് കൂടുതൽ ആശങ്കപ്പെടുന്നുണ്ടെങ്കിൽ മക്കളെ ആത്മീയതയിൽ വളർത്താൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനകളാണ്. പതിവായി ദൈവാലയത്തിൽ പോകുകയും ഭക്തസംഘടനകളിൽ പ്രവർത്തിക്കുകയും 12 ക്ലാസുവരെ വേദപാഠം പഠിക്കുകയും ഒക്കെ ചെയ്തിരുന്ന കുട്ടിയാണ് വീട്ടിൽനിന്നും മാറിയപ്പോൾ വഴിതെറ്റിയതെന്ന് പറയുന്നവരെ കാണാനിടയായിട്ടുണ്ട്. ഈ പറയുന്നവ ആത്മീയതയുടെ ഒരു ഭാഗം മാത്രമാണ്. ഇങ്ങനെ വളരുന്ന കുട്ടികൾ ആത്മീയതയിലാണ് വളരുന്നതെന്ന് ഉറപ്പിച്ചു പറയാനാവില്ല. പുറമേ നോക്കുമ്പോൾ സമാനമായ കുടുംബാന്തരീക്ഷം നിലനില്ക്കുന്ന കുടുംബങ്ങൾ അടിയുറച്ച ആത്മീയതയിലാണ് ജീവിക്കുന്നതെന്ന് പറയാനാകുമോ? ആത്മീയത അനുദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴാണ് യഥാർത്ഥ വിശ്വാസത്തിലേക്ക് എത്തുന്നത്. അവിടെ സ്‌നേഹവും കാരുണ്യവും പങ്കുവയ്ക്കലും എല്ലാം ഉണ്ടാകും.
മക്കളുടെ മനസുകളിലേക്ക് ഭൗതീക സ്വപ്‌നങ്ങൾ നിറക്കുന്നതുപോലെ ആത്മീയതയും ഉറപ്പിക്കണം. അത് ചില അനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങാതെ യഥാർത്ഥ ആത്മീയതയിലേക്ക് എത്തണം. ആത്മീയതയിൽ അടിയുറക്കുമ്പോൾ മൂല്യത്തിൽ അധിഷ്ഠിതമായി ജീവിതങ്ങൾ ക്രമീകരിക്കപ്പെടും. അങ്ങനെ വളരുന്ന മക്കളെ ഓർത്ത് മാതാപിതാക്കൾക്ക് ആശങ്കപ്പെടേണ്ടതായി വരില്ല.