വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ട

0
575

ഒഡീഷയിലെ കാണ്ടമാലില്‍നിന്ന് നാല് ഡീക്കന്മാര്‍ രണ്ടാഴ്ചകള്‍ക്കുമുമ്പ് വൈദിക പട്ടം സ്വീകരിച്ചത് മലയാളത്തിലെ പത്രങ്ങളില്‍പ്പോലും വാര്‍ത്തകളായി മാറി. പൗരോഹിത്യസ്വീകരണം സാധാരണ കേരളത്തില്‍ വാര്‍ത്തയാകാറില്ല. എന്നിട്ടും ഒഡീഷയില്‍ നടന്ന പൗരോഹിത്യ സ്വീകരണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കില്‍ പൊതുസമൂഹത്തെ അതു ചിന്തിപ്പിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. 10 വര്‍ഷം മുമ്പ് കാണ്ടമാലില്‍ നടന്ന കലാപം സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു. ക്രൈസ്തവരാണെന്ന ഒറ്റക്കാരണത്താലാണ് അവര്‍ പീഡിപ്പിക്കപ്പെട്ടത്. കലാപം ഏല്പിച്ച ആഘാതത്തില്‍നിന്നും കാണ്ടമാലിലെ വിശ്വാസികള്‍ പൂര്‍ണമായും വിമുക്തരായിട്ടില്ല. അവരുടെ വരുമാനമാര്‍ഗങ്ങളും സാമ്പത്തിക അടിത്തറയുമൊക്കെ തകര്‍ക്കപ്പെട്ടിരുന്നു. പലവിധത്തിലുള്ള ഒറ്റപ്പെടുത്തലുകള്‍ അവര്‍ക്ക് നേരിടേണ്ടതായിവരുന്നു. ക്രിസ്തീയ വിശ്വാസം കാണ്ടമാലില്‍ മാത്രമല്ല, ഒഡീഷ സംസ്ഥാനത്തുനിന്നുതന്നെ അപ്രക്ഷ്യമാകുമെന്നായിരുന്നു കലാപകാരികളുടെ കണക്കുകൂട്ടല്‍. പക്ഷേ, കാണ്ടമാലില്‍ ക്രൈസ്തവവിശ്വാസം കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കാണുന്നത്. സെമിനാരിയില്‍നിന്നും ജീവന്‍ രക്ഷിക്കുന്നതിനായി വനത്തിലേക്ക് പാലായനം ചെയ്യേണ്ടിവന്ന ഭൂതകാലം ഈ നവ വൈദികര്‍ക്കുമുണ്ട്. പൗരോഹിത്യ സ്വീകരണത്തില്‍ 1500-ലധികം ആളുകള്‍ പങ്കെടുത്തു. വിശ്വാസികള്‍ ഈ ദൈവദാനത്തിന് നന്ദിയര്‍പ്പിക്കാന്‍ ഒന്നിച്ചുകൂടി എന്നു വ്യക്തം.

ലോകത്തിന്റെ ദൃഷ്ടിയില്‍ ക്രൈസ്തവ വിശ്വാസം എന്നന്നേക്കുമായി അസ്തമിക്കേണ്ട സ്ഥലമാണ് കാണ്ടമാല്‍. അത്തരം കടുത്ത പീഡനങ്ങളായിരുന്നു അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. നിയമത്തിന്റെ സഹായവും ലഭിച്ചില്ലെന്നു മാത്രമല്ല, അക്രമകാരികള്‍ക്ക് അനുകൂലമാകുകയും ചെയ്തു. ഭരണകൂടവും അക്രമകാരികളെ പിന്താങ്ങുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കാണുമ്പോള്‍ പലരുടെയും മനസില്‍ ഭയാശങ്കകള്‍ നിറയാറുണ്ട്. എവിടേക്ക് തിരിഞ്ഞാലും വിശ്വാസികള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കേള്‍ക്കുന്നത്. ഇനി ക്രൈസ്തവ വിശ്വാസത്തിന് ഭാവിയില്ല എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകാം. പക്ഷേ, നമ്മള്‍ തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. പീഡനങ്ങള്‍ക്ക് വിശ്വാസത്തെ തകര്‍ക്കാന്‍ ശക്തിയില്ല. കടുത്ത പീഡനങ്ങള്‍ അരങ്ങേറിയ രാജ്യങ്ങളുടെ പിന്നീടുള്ള ചരിത്രം പരിശോധിച്ചാല്‍ വിശ്വാസം അവിടങ്ങളില്‍ ശക്തിപ്പെടുന്നതിന്റെ കാഴ്ചകളാണ് എല്ലായിടത്തും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാണ്ടാമാല്‍. കലാപത്തിന് അവരുടെ വിശ്വാസത്തെ തടയാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങളാണ് സമര്‍പ്പിത ജീവിതത്തിലേക്ക് വര്‍ധിച്ചുവരുന്ന ദൈവവിളികള്‍. സെമിനാരി ആക്രമിക്കപ്പെട്ട് ഭക്ഷണംപോലും ലഭിക്കാതെ വനത്തില്‍ കഴിയേണ്ടിവന്നപ്പോഴും പിന്‍വാങ്ങാന്‍ അവര്‍ തയാറായില്ല. വിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ അവരെ സ്വീകരിക്കുവാന്‍ പ്രബലരായ ഒരു വിഭാഗം ഉണ്ടാകുമായിരുന്നു.

പ്രതിസന്ധികളെക്കുറിച്ച് ആലോചിച്ച് വിശ്വാസത്തിന്റെ ഭാവി ഇരുള്‍നിറഞ്ഞതാണെന്ന ചിന്തയിലേക്ക് ആരും എത്തരുത്. വിശ്വാസം തകര്‍ന്നുപോകും എന്ന ചിന്ത ദൈവികമല്ല. വിശ്വാസത്തില്‍നിന്നും അകറ്റുന്നതിന് തിന്മ ഉപയോഗിക്കുന്ന ആയുധമാണ്. പീഡനങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ എല്ലാം വിശ്വാസത്തില്‍ അതിജീവിച്ചുകൊള്ളുമെന്ന് നാം ആശ്വസിക്കാനും പാടില്ല. വിശ്വാസികള്‍ എന്ന നിലയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് ഒരംഗത്തിന് ഏല്ക്കുന്ന പരിക്ക് നമ്മെയും വേദനിപ്പിക്കണം. പ്രാര്‍ത്ഥനകള്‍വഴിയും ഭൗതികമായും അവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ട്. പ്രതിസന്ധിയുടെ സമയത്തും വിശ്വാസത്തിന് സാക്ഷ്യംവഹിക്കുന്ന അവരോട് സുരക്ഷിതത്വത്തിന്റെ നടുവില്‍ ജീവിക്കുന്ന നമ്മള്‍ ഐകദാര്‍ഡ്യം പ്രകടിപ്പിക്കേണ്ടത് വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാകണം. വിശ്വാസത്തില്‍ ഉറച്ചുനിന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയിലും വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ തയാറായില്ലെന്നത് പ്രചോദനമാകണം.

ഭയംകൂടാതെ വിശ്വാസം പ്രഘോഷിക്കാന്‍ കഴിയുന്നത് വലിയ ദൈവാനുഗ്രഹമാണ്. എന്നാല്‍, അനുഗ്രഹങ്ങളാണ് ദൈവത്തെ മറക്കാന്‍ പലപ്പോഴും കാരണങ്ങളായി മാറുന്നത്. സമ്പത്ത്, ഭൗതീക സൗകര്യങ്ങള്‍ ഇവ വര്‍ധിക്കുമ്പോള്‍ പലരും തന്നിലേക്ക് ചുരുങ്ങുകയും വിശ്വാസത്തിന്റെ ആഴം കുറയുകയും ചെയ്യും. ഒരുപാടുകാലത്തെ പ്രാര്‍ത്ഥനയുടെ ഫലങ്ങളാണ് അനുഗ്രഹങ്ങളെന്ന് വിസ്മരിക്കപ്പെടുന്നു. ഭൗതികമായി അനുഗ്രഹിക്കപ്പെടുമ്പോള്‍ വിശ്വാസത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കണം. ആ വിശ്വാസം അടുത്ത തലമുറക്ക് കൈമാറുന്നതിലും വീഴ്ച വരുത്തരുത്. വിശ്വാസം ക്ഷയിക്കുന്ന രാജ്യങ്ങള്‍ സാമ്പത്തിക പുരോഗതിയുടെ നടുവില്‍ ജീവിക്കുന്നവയാണ്. ഒരു കാലത്ത് അനേകം വിശുദ്ധര്‍ക്ക് ജന്മം നല്‍കിയ രാജ്യങ്ങളിലെ വിശ്വാസ തകര്‍ച്ചകള്‍ നമുക്ക് പാഠങ്ങളായി മാറണം.

>> എഡിറ്റോറിയല്‍ <<