വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടവര്‍ മതവികാരം വ്രണപ്പെടുത്തരുത്

0
246
വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടവര്‍ മതവികാരം വ്രണപ്പെടുത്തരുത്

മാനന്തവാടി: സര്‍ക്കാര്‍ സംവിധാനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘വിജ്ഞാനകൈരളി’ മാസികയുടെ ഓഗസ്റ്റ്, ഒക്ടോബര്‍ ലക്കങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ വന്നത് വ്യാപകമായ പ്രതിഷേധത്തിനിട നല്‍കിയതായി മാനന്തവാടി രൂപതാംഗമായ ഫാ.നോബിള്‍ തോമസ് പാറക്കല്‍ പറയുന്നു.
മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും സംരക്ഷിക്കാനും വളര്‍ത്താനും മുന്‍കൈയ്യെടുക്കേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും ക്രൈസ്തവവിശ്വാസത്തെത്തന്നെ സമൂലം പിടിച്ചുകുലുക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡും നിരവധി ക്രൈസ്തവസഭകളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. മാസിക പിന്‍വലിക്കണം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മാപ്പു പറയണം, അദ്ദേഹത്തെ തസ്തികയില്‍ നിന്ന് മാറ്റണം എന്നിവയാണ് ഏവരുമുന്നയിച്ച ആവശ്യങ്ങളില്‍ ചിലത്.
മിശിഹായുടെയും തിരുസഭയുടെയും നാമത്തില്‍ കുമ്പസാരം കേള്‍ക്കുന്ന വൈദികന്‍ ഒരിക്കല്‍പ്പോലും കുമ്പസാരിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയോ ഏതെങ്കിലും തരത്തില്‍ അവരുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യാറില്ലെന്നത് പരിശുദ്ധ സഭയുടെ അലംഘനീയമായ പാരമ്പര്യമാണ്. മാത്രവുമല്ല, കുമ്പസാരിക്കാന്‍ മനസില്ലെന്ന് ആരും അലറി വിളിക്കേണ്ട കാര്യമില്ല. വിശ്വാസത്തിലും സഭാത്മകജീവിതത്തിലും വളരുകയും ആഴപ്പെടുകയും ചെയ്യുന്ന വ്യക്തികളുടെ സ്വയമായ തീരുമാനങ്ങളാണ് കുമ്പസാരത്തിലേക്ക് അവരെ നയിക്കുന്നത്.
കുമ്പസാരത്തെ മനസിലാക്കാതെ നടത്തിയ വിധിയെഴുത്തായിരുന്നു മുഖപ്രസംഗങ്ങളിലുണ്ടായിരുന്നതെങ്കില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിശദീകരണക്കുറിപ്പാകട്ടെ തികച്ചും ന്യായീകരണം മാത്രമായി. ക്രൈസ്തവ വിശ്വാസമായ കുമ്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി ചില പത്രങ്ങളും മതാടിസ്ഥാനത്തിലുള്ള അധ്യാപകസംഘടനയും മാത്രമല്ല ഉന്നയിച്ചത്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡും ചങ്ങനാശേരി അതിരൂപതാ ജാഗ്രതാസമിതിയും കെഎല്‍സിഎ സംസ്ഥാനസമിതിയും കേരളകത്തോലിക്കാ യുവജനപ്രസ്ഥാനവും കത്തോലിക്കാ കോണ്‍ഗ്രസും ഇതര ക്രൈസ്തവസഭകളും പ്രതിഷേധം രേഖപ്പെടുത്തുകയും മാസിക പിന്‍വലിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ നല്ലൊരു വിഭാഗം ക്രൈസ്തവര്‍ കുമ്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണന്നത് അബദ്ധജഡിലമായ പ്രസ്താവനയാണ്. ഏതു സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന? 2011-ലെ സെന്‍സസ് പ്രകാരം കേരള ക്രൈസ്തവരില്‍ 61 ശതമാനം കത്തോലിക്കരാണ്. 15.9 ശതമാനം യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരാണ് 77 ശതമാനം വരുന്ന ഈ ക്രൈസ്തവരെല്ലാവരും കുമ്പസാരത്തെ അംഗീകരിക്കുന്നവരും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന തിരുസഭാകല്പന പാലിക്കാന്‍ കടപ്പെട്ടവരുമാണ്.
കുമ്പസാരം ഒരു കൂദാശയാണ്. കൂദാശകളെ ആചാരമെന്നോ അനുഷ്ഠാനമെന്നോ വിശ്വാസികള്‍ വിളിക്കാറില്ല. മറിച്ച്, എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്‍കുന്നതുമായ ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്ന് പ്രവഹിക്കുന്ന ശക്തികളാണ് കൂദാശകള്‍. ബാലിശവും ചപലവും അബദ്ധജഡിലവുമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോടൊപ്പം പരിപാവനമായ കൂദാശയായ കുമ്പസാരത്തെ പരിഹസിച്ചതിന് നിരുപാധികം മാപ്പു പറയുകയും ലേഖനം പിന്‍വലിക്കുകയും ചെയ്യണമെന്നും ഫാ. നോബിള്‍ ആവശ്യപ്പെടുന്നു.

ഫാ. നോബിള്‍ തോമസ്‌