വെടിവെയ്പ്പ് തന്നെ ദൈവവിശ്വാസിയാക്കി; സി.എൻ. എന്നിൽ പഴയ യുക്തിവാദിയുടെ വിശ്വാസസാക്ഷ്യം

354

ലാസ്‌വേഗസ്: കഴിഞ്ഞ ദിവസം 58 പേരുടെ മരണത്തിനിടയാക്കിയ ലാസ്‌വേഗസ് വെടിവെയ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് യുക്തിവാദിയായ തന്നെ ദൈവവിശ്വാസിയാക്കിയെന്ന് യുവാവിന്റെ സാക്ഷ്യം. ടെയ്ലർ ബെൻഗെ എന്ന യുവാവാണ് സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ ദൈവകൃപയും അവിടുത്തെ സഹായവും കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും അത്ഭുതകരമായ രക്ഷപ്പെടൽ യുക്തിവാദിയായ തന്നെ ദൈവവിശ്വാസിയാക്കിയെന്നും വ്യക്തമാക്കിയത്.

ലാസ് വേഗസിലെ മണ്ടാലെ ബേ ഹോട്ടലിന്റെ 32-മത്തെ നിലയിൽ ‘റൂട്ട് 91 ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന നിശാസംഗീത പരിപാടി ആസ്വദിച്ചിരുന്നവർക്ക് നേർക്കാണ് അക്രമി നിരവധി തവണ വെടിയുതിർത്തത്. വെടിയൊച്ച മുഴങ്ങിയപ്പോൾ സംഗീത പരിപാടിയുടെ ഭാഗമാണെന്നാണ് ആദ്യം ജനങ്ങൾ കരുതിയത്. പിന്നെ പ്രാണരക്ഷാർത്ഥം ആളുകൾ ചിതറി ഓടുകയായിരുന്നു.

എന്നാൽ, സംഗീത പരിപാടിക്ക് പോകുമ്പോൾ താൻ തികഞ്ഞൊരു യുക്തിവാദിയായിരുന്നുവെന്നും എന്നാൽ താനിപ്പോൾ തികഞ്ഞൊരു ദൈവവിശ്വാസിയാണെന്നും ബെൻഗെ പറഞ്ഞു. “ഭൂമിയിൽ ജീവിക്കുവാൻ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അക്രമി വെടിയുതിർത്തപ്പോൾ സഹോദരി തനിക്ക് കവചമായി നിലയുറപ്പിച്ചു”. ബെൻഗെ കൂട്ടിച്ചേർത്തു.

അതേസമയം, ഹോട്ടലിൽ വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. 58 പേർ കൊല്ലപ്പെട്ട വെടിവെയ്പ്പിൽ 515 പേർക്കു പരുക്കേറ്റു. ഐഎസ് ആഹ്വാനമനുസരിച്ചാണ് ആക്രമണമെന്ന് ഭീകരസംഘടനയുടെ വാർത്താ ഏജൻസി അവകാശപ്പെട്ടെങ്കിലും ഭീകരബന്ധം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ വെടിവെയ്പുകളിലൊന്നായാണ് അമേരിക്കൻജനത സംഭവത്തെ കാണുന്നത്.