വെനസ്വേലയിലെ അക്രമ രാഷ്ട്രീയം: ആശങ്ക പ്രകടിപ്പിച്ച് പാപ്പ

229
വത്തിക്കാൻ സിറ്റി: കൊലയും കൊള്ളിവെപ്പും നടക്കുന്ന വെനസ്വേലയുടെ അക്രമരാഷ്ട്രീയ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് വെനസ്വേലയിൽ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പാപ്പ വ്യക്തമാക്കിയത്.
വെനസ്വേലയുടെ മാനുഷികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ കാഴ്ചപ്പാടുകൾ തനിക്ക് നേരിട്ട് മനസിലാകുമെന്നും വേദനിക്കുന്ന നാടിനും ജനങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ അറിയിച്ചു. മനുഷ്യന്റെ അന്തസ് മാനിക്കാനും നിലവിലുള്ള ഭരണഘടന പ്രകാരം ജനങ്ങൾക്ക് അടിസ്ഥാന സ്വാതന്ത്ര്യം നൽകാനും രാഷ്ട്ര നേതാക്കൾ മനസുകാട്ടണം.
ഭക്ഷണവും മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വിഷമിക്കുന്ന ജനങ്ങളുടെ അവസ്ഥ മനസിലാക്കി പുതിയ ഭരണഘടനയ്ക്കുള്ള നീക്കങ്ങൾ പിൻവലിച്ച് അനുരജ്ഞനവും സമാധാനവും വളർത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു.
ജനഹിതം ലംഘിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂരോ ഇറക്കിയ ഡിക്രി പ്രകാരം ജൂലൈ 31ന് നടത്തിയ ഭരണഘടന തിരഞ്ഞെടുപ്പിന് ശേഷമാണ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ മോശമായത്. തിരഞ്ഞെടുപ്പിൽ ഭരണപക്ഷം വിജയിച്ചെങ്കിലും അട്ടിമറിയും അഴിമതിയാരോപണവും ജനപക്ഷത്തുനിന്ന് ശക്തമായ എതിർപ്പുമുണ്ട്. സൈനിക ശക്തി ഉപയോഗിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് മദൂരോ നടത്തിയ ശ്രമങ്ങളാണ് സ്ഥിഗതികൾ കൂടുതൽ വഷളാക്കിയത്.