വെളിച്ചമായി ഒരു അധ്യാപകന്‍

0
1004

ചിരപരിചിതമായ സ്‌കൂളിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാവ്യ അമ്പരന്നു. ചുറ്റും വെളിച്ചത്തിന്റെ പ്രളയം. കൂട്ടുകാരെല്ലാം കയ്യടിയോടെ സ്വീകരിക്കുന്നു.
നിരന്നു നില്‍ക്കുന്ന കുട്ടികളുടെ മധ്യത്തിലൂടെ അധ്യാപകനൊടൊപ്പം ക്ലാസ്മുറിയിലേക്ക് നടക്കുമ്പോള്‍ കുഞ്ഞുകാവ്യയുടെ ഹൃദയം കണ്ണീര്‍മഴയിലലിഞ്ഞു.
മലപ്പുറം മമ്പാട് എ.എം.യു.പി. സ്‌കൂളിലെ ഗണിതശാസ്്ത്ര അധ്യാപകന്‍ ഷാജു ജോസഫ് നാടിന്റെ വെളിച്ചമായി മാറുന്നത് ഇങ്ങനെയാണ്. ഇരുളില്‍ നിന്നൊരു വിദ്യാര്‍ത്ഥിനിയെ വെളിച്ചത്തിലേക്ക് നയിച്ചതിലൂടെയാണ് അദേഹം നാട്ടിലെങ്ങും അറിയപ്പെടുന്ന താരമായി മാറിയത്. സംഭവം ഇങ്ങനെ:
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാവ്യയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. പലയിടത്തും കുഞ്ഞിന്റെ കണ്ണ് അമ്മ പരിശോധിച്ചെങ്കിലും കാഴ്ചയുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. വീട്ടിലെ നിര്‍ധനാവസ്ഥമൂലം വിദഗ്ധചികിത്സയൊന്നും നല്‍കാന്‍ കാവ്യയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞതുമില്ല. അപ്പോഴാണ് അധ്യാപകന്‍ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള ഇടപെടലുകളിലൂടെ 85ശതമാനം കാഴ്ച നഷ്ടപ്പെട്ട കാവ്യയ്ക്ക് വെളിച്ചം ലഭിക്കുന്നത്. അധ്യാപകന്റെ നേതൃത്വത്തിലുള്ള ടീം കാവ്യയെ കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ആശുപത്രിയില്‍ ചികിത്സ സൗജന്യമായിരുന്നു. യാത്രാചെലവും മറ്റും അധ്യാപകര്‍ തന്നെ വഹിച്ചു. രണ്ട് മാസത്തെ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന കാവ്യ സ്‌കൂളിലെത്തിയപ്പോള്‍ വീണ്ടും അമ്പരന്നു, തന്റെ കൈപിടിച്ച് ബെഞ്ചിലിരുത്തിയിരുന്ന കൂട്ടുകാരേയും അധ്യാപകരേയും അവള്‍ വ്യക്തതയോടെ കണ്ടു.
ഈറനണിഞ്ഞ കണ്ണുകള്‍ തുടച്ച് സുമനസ്സുകള്‍ക്കും കൂട്ടുകാര്‍ക്ക് അവള്‍ നന്ദി പറഞ്ഞു. ഏഴ് ബി. ക്ലാസിലെ ആദ്യ ബെഞ്ചിലെ അറ്റത്തിരുന്ന് ആ കണ്ണടക്കാരി ചിരിച്ചു. അധ്യാപകരും കൂട്ടുകാരും കൈയടിച്ചു. പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.
സ്‌കൂള്‍ ബസില്‍ മുമ്പൊക്കെ കോളനി നിവാസികളാരെങ്കിലും കയറ്റിവിടുകയായിരുന്നു പതിവ്. ബസിറങ്ങിയാല്‍ കൂട്ടുകാരോ അധ്യാപകരോ കരംപിടിച്ച് ക്ലാസില്‍ കൊണ്ടുവന്നിരുത്തും. എന്നാല്‍ ഇനി ഇതിനൊന്നും ആരെയും ആശ്രയിക്കണ്ടല്ലോ എന്നതാണ് കാവ്യയുടെയും വീട്ടുകാരുടെയും സന്തോഷത്തിന് കാരണം.
അകക്കണ്ണിന്റെ കാഴ്ച മാത്രമല്ല, ബാഹ്യനേത്രങ്ങളുടെയും കാഴ്ചപകരാന്‍ അധ്യാപകന് കഴിയുമെന്ന് ലോകത്തിന് ബോധ്യമാക്കിക്കൊടുക്കുകയാണ് മമ്പാട് സ്‌കൂളും. അധ്യാപകന്‍ ഷാജു ജോസഫും.