വൈദിക പരിശീലനം സ്ഥലകാലബന്ധിതമാക്കണം: മാർ ആലഞ്ചേരി

276

സത്‌നാ: പ്രവർത്തിക്കുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന സ്ഥലകാല ബന്ധിതമായ പരിശീലനം വൈദികർക്കു നല്കണമെന്ന് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി. സത്‌നായിലെ എഫ്രേംസ് തിയളോജിക്കൽ കോളെജിൻറെ രജതജൂബിലി ആഘോഷ സമാപനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സഭയുടെ ലക്ഷ്യം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണ് ഇത്. മാമ്മോദീസായിലൂടെ കൈവന്ന പൊതുവായ പൗരോഹിത്യ ധർമ്മത്തിൽ അല്മായർക്കുള്ള പങ്ക് കുറച്ചുകാണാൻ പാടില്ല. പൗരോഹിത്യ ശുശ്രൂഷ പൊതുപൗരോഹിത്യത്തിന് സഹായകമായി വർത്തിക്കണം. സെമിനാരി പരിശീലനത്തിനു പുറമേ വൈദിക ജീവിതം മുഴുവൻ നീണ്ടു നില്ക്കുന്ന ഒരു തുടർ പരിശീലനത്തിലും വൈദികർ ഉത്സുകരായിരിക്കണം. വൈദികൻ ഒരു സമ്പൂർണ്ണ ക്രിസ്തുശിഷ്യനാണ്, അതിനാൽ പ്രേഷിതനുമാണ്. വൈദിക പരിശീലനം സഭയുടെ പൊതുചുമതലയാണ്. എഫ്രേംസ് ദൈവശാസ്ത്ര വിദ്യാപീഠത്തിൻറെ സേവനങ്ങൾക്ക് മേജർ ആർച്ച്ബിഷപ്പ് നന്ദി പറഞ്ഞു. സെമിനാരി സ്ഥാപകനായ മാർ ആബ്രഹാം മറ്റത്തിൻറെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രകീർത്തിച്ചു.

ഭാരതത്തിൻറെ മാറി വരുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം അനുയോജ്യമായ രൂപഭാവങ്ങൾ സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ സംസാരിച്ച ഭോപ്പാൽ ആർച്ച് ബിഷപ്പ് ലെയോ കൊർണേലിയോ ചൂണ്ടിക്കാട്ടി. സെമിനാരികൾ സഭയുടെ ഭാവിയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ്. ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികവും ആത്മീയവുമായ പരിശീലനം നല്‌കേണ്ടതുണ്ട്. മാർ ജോസഫ് കൊടകല്ലിൽ, ഫാ. വർഗ്ഗീസ് പുതുശ്ശേരി വി.സി., ഫാ. ആൻറണി പ്ലാക്കൽ വി.സി., ഫാ. ജോയി അയനിയാടൻ, ഫാ. ജോർജ്ജ് വടക്കേൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീറോ മലബാർ സഭയുടെ ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനങ്ങളുടെ ഒരു പ്രദർശനം മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുമ്പു നടന്ന വി. കുർബാനയിൽ അദ്ദേഹം പ്രധാനകാർമ്മികത്വം വഹിച്ചു.