വ്യക്തിപരമായ ചോദ്യം

1541

സഹോദരങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ പലപ്പോഴും അകൽച്ചകൾക്ക് കാരണമാകുന്നത് കുടുംബസ്വത്ത് വിഭജനവുമായി ഉണ്ടാകുന്ന തർക്കങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകളും കോടതികളിലുണ്ട്. സഹോദരങ്ങൾക്ക് അവകാശപ്പെട്ട സമ്പത്ത് കൈക്കലാക്കാൻ പലരും ശ്രമിക്കുന്നതാണ് തർക്കങ്ങൾക്ക് ഇടനൽകുന്നത്. താൻ ഇങ്ങനെ ചെയ്താൽ സഹോദരന്റെ ജീവിതം എങ്ങനെ ആകുമെന്ന് അവർ ചിന്തിക്കുന്നില്ല. മനുഷ്യത്വപരമായ അത്തരം വിചാരങ്ങൾ ഇല്ലാതെപോകുന്നതാണ് അനീതികൾ ചെയ്യുന്നതിന് കാരണം.

എങ്ങനെയും പണം സമ്പാദിക്കണമെന്ന വിചാരമാണ് പലരെയും ഭരിക്കുന്നത്. സമ്പത്ത് വർധിപ്പിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യർ. ലാഭക്കണക്കുകളിൽ മനുഷ്യർ വല്ലാതെ കീഴ്‌പ്പെട്ടതുപോലെയുണ്ട്. ഏതുവിധത്തിലും ലാഭം വർധിപ്പിക്കണമെന്ന രീതിയിലേക്ക് അനേകം വ്യക്തികളും സ്ഥാപനങ്ങളും എത്തിയിരിക്കുന്നു. ലാഭചിന്തകൾക്കിടയിൽ മാനുഷിക മൂല്യങ്ങൾ ബലികഴിക്കപ്പെടുന്നു.

സമ്പത്ത് ബന്ധനമായി മാറിക്കഴിഞ്ഞൽ മൂല്യങ്ങൾ അവഗണിക്കപ്പെടുകയും ബന്ധങ്ങളുടെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. അവരെ ഭരിക്കുന്നത് ലാഭനഷ്ടങ്ങളുടെ കണക്കുകളായിരിക്കും. മറ്റുള്ള വർക്ക് എന്തു സംഭവിച്ചാലും അതവരെ വിഷമിപ്പിക്കില്ല. സ്വന്തം സഹോദരങ്ങളോട് ഈ വിധത്തിൽ പെരുമാറുന്നവർ അയൽക്കാരോടും മറ്റുള്ളവരോടും ഏതുവിധത്തിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

പങ്കുവയ്ക്കാൻ മടിയില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് വളരുന്നത്. എന്നാൽ, മറ്റുള്ളവർക്ക് അർഹതപ്പെട്ടത് പിടിച്ചുവയ്ക്കുന്നവർ മുരടിച്ചുപോകുമെന്നത് ചരിത്രം. അവകാശപ്പെട്ട വേതനം ലഭിക്കാത്തതുമൂലം അനേകം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. മറ്റുള്ളവരുടെ കണ്ണീരിന്റെ മുകളിൽ സമ്പാദിക്കുന്ന പണം ദൈവത്തിൽനിന്നും നമ്മെ അകറ്റുകയാണ്. എന്റെ ഈ പ്രവൃത്തി സഹപ്രവർത്തകരെ എങ്ങനെ ബാധിക്കുമെന്ന ചിന്തപോലും പലർക്കും കൈമോശം വന്നിരിക്കുന്നു.

തൊഴിലാളികൾക്ക് മതിയായ വേതനവും ആനുകൂല്യങ്ങളും നൽകാതെ ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്നത് ബിസിനസ് രീതിയായി വളർന്നിരിക്കുന്നു. ചെലവു കുറയ്ക്കുന്നത് ബിസിനസ് മാനേജ്‌മെന്റിന്റെ ഭാഗമാണ്. എന്നാൽ, അർഹതപ്പെട്ടത് കൊടുക്കാതെ പിടിച്ചുവയ്ക്കുന്നതിനെ ആ വിഭാഗത്തിൽ പെടുത്താനാവില്ല. അങ്ങനെയുള്ള ചെലവു കുറയ്ക്കലിന് കണ്ണീരിന്റെ നനവുണ്ട്. മറ്റു ചെലവുകളുമായി താരതമ്യപ്പെടുത്തിയാൽ ലാഭിക്കാനാകുന്നത് നിസാര തുകയായിരിക്കും.

സമ്പത്തിനോടുള്ള ആസക്തി അനേകരുടെ മനഃസമാധാനം സന്തോഷവും നഷ്ടപ്പെടുത്തുന്നുണ്ട്. സമ്പത്തും ഉയർന്ന പദവികളും സ്വന്തമാക്കാൻ കഴിഞ്ഞാലും സന്തോഷിക്കാൻ കഴിയുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു നേട്ടമാണ് ഉള്ളത്? ദൈവത്തിന് നിരക്കാത്ത വഴികളിലൂടെ സമ്പത്ത് ആർജിച്ചാൽ അല്പം കഴിയുമ്പോൾ മനഃസാക്ഷി നമ്മെ കുറ്റപ്പെടുത്താൻ തുടങ്ങും.

ആ സ്വരം കുറച്ചുകാലം അവഗണിക്കാൻ കഴിഞ്ഞാലും അധികകാലം പിടിച്ചുനില്ക്കാനാവില്ല. ജീവിക്കുന്നതിന് സമ്പത്ത് ആവശ്യമായതിനാൽ പണം സമ്പാദിക്കുന്നത് മോശമല്ല. അതിനു സ്വീകരിക്കുന്ന മാർഗങ്ങൾ ദൈവം അംഗീകരിക്കുന്നവ ആയിരിക്കണമെന്നുമാത്രം. സമ്പത്ത് നമ്മെ ഭരിക്കാൻ തുടങ്ങുമ്പോഴാണ് ജീവിതത്തിന്റെ ക്രമം തെറ്റുന്നത്. അപ്പോൾ സ്വന്തം മക്കളും കുടുംബവുംമാത്രമേ അവരുടെ മനസുകളിൽ ഉണ്ടാകൂ. അവർക്കായി സമ്പാദിച്ചുകൂട്ടണമെന്ന ചിന്തയായിരിക്കും എപ്പോഴും.

നീതിരഹിതമായ വിധത്തിൽ സമ്പത്ത് സ്വരൂപിച്ച് മക്കൾക്ക് നൽകുന്നത് അവരോടുള്ള സ്‌നേഹമല്ല, ക്രൂരതയാണ്. അത്തരം സമ്പാദ്യങ്ങളെ അനുഗ്രഹിക്കാൻ ദൈവത്തിന് കഴിയില്ല. ദൈവാനുഗ്രഹങ്ങൾ നഷ്ടപ്പെട്ടാൽ പിന്നീട് അവയ്ക്ക് അധികദൂരം മുമ്പോട്ടുപോകാനാവില്ല. തകർന്നുപോയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ചരിത്രം പരിശോധിച്ചാൽ പലതിന്റെയും പിന്നിൽ ഇത്തരം ചരിത്രങ്ങൾ ഉണ്ടെന്നു വ്യക്തമാകും. പരാജയപ്പെട്ട എല്ലാറ്റിന്റെയും കാരണമായി ഇതിനു കാണാനും കഴിയില്ല.

ആത്മീയത ശുഷ്‌കമാകുമ്പോഴാണ് പണത്തിന്റെ പിന്നാലെ ഓടാൻ തുടങ്ങുന്നത്. നിത്യജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് അപ്പോൾ നഷ്ടപ്പെടും. പിന്നെ ഈ ലോകത്തിന്റെ നേട്ടങ്ങളിൽമാത്രമാകും ശ്രദ്ധ. അതിനെ കേന്ദ്രീകരിച്ചാകും ജീവിതം. നിത്യജീവിതത്തെപ്പറ്റിയുള്ള കാഴ്ച മങ്ങുന്നതാണ് അനീതികൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ലോകത്തെമാത്രം കേന്ദ്രീകരിച്ച് ജീവിക്കുമ്പോൾ എങ്ങനെയും ഒന്നാമത് എത്തണമെന്ന ചിന്തയായിരിക്കും നയിക്കുന്നത്. അനീതിനിറഞ്ഞ മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം നമ്മെ എവിടെ എത്തിക്കുമെന്ന് ആലോചിക്കണം.

സമൃദ്ധമായ വിളവ് ലഭിച്ചപ്പോൾ പങ്കുവയ്ക്കാതെ അറപ്പുരകൾ പൊളിച്ച് കൂടുതൽ വലിയവ പണിയുമെന്ന് തീരുമാനിച്ച ധനികനെ കർത്താവ് ഭോഷനെന്നാണ് വിളിക്കുന്നത് (ലൂക്കാ 12:20). ഈ രാത്രിയിൽ നിന്റെ ആത്മാവിനെ നിന്നിൽനിന്നും ആവശ്യപ്പെട്ടാൽ സംഭരിച്ചുവച്ചിരിക്കുന്നത് ആരുടേതാകുമെന്ന ചോദ്യവും കർത്താവ് ചോദിക്കുന്നുണ്ട്. ഇവിടെ അന്യായമായി അയാൾ ഒന്നും സമ്പാദിക്കുന്നതായി കാണുന്നില്ല. ദൈവം സമൃദ്ധമായി വിളവുകൾ നൽകിയപ്പോൾ മറ്റുള്ളവരെപ്പറ്റി ചിന്തിച്ചില്ല എന്നതാണ് അയാളുടെ തെറ്റ്. എങ്കിൽ മറ്റുള്ളവർക്ക് അവകാശപ്പെട്ടത് നൽകാതെയും അന്യായമായ മാർഗങ്ങളിലൂടെ അവരുടെ സമ്പത്ത് സ്വന്തമാക്കുകയും ചെയ്താൽ നമ്മെ കാത്തിരിക്കുന്നത് ഏതുവിധത്തിലുള്ള വിചാരണയാണെന്ന് ചിന്തിക്കണം.

നമുക്ക് ഭൂമിയിൽ ജീവിക്കാൻ അവസരം തന്നതിനെ ഓർത്ത് ദൈവത്തിന് ഒരിക്കലും വേദന തോന്നാൻ ഇടയാകരുത്. ഏതൊരു നിസഹായന്റെ സങ്കടവും യേശുവിന്റെ വേദനയാണെന്നത് വിസ്മരിക്കരുത്. പങ്കുവയ്ക്കാൻ തുടങ്ങുമ്പോൾ യഥാർത്ഥത്തിൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് നാം തന്നെയാണ്. ആ മനസിനെ ആയിരിക്കും അന്ത്യവിധിയുടെ നേരത്ത് കർത്താവ് മാനിക്കുക. അതു നമുക്ക് നിത്യസമ്മാനം നേടിത്തരും. എന്നാൽ വിപരീതമായ രീതിയിലാണ് ജീവിക്കുന്നതെങ്കിൽ അതു നിത്യജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യും. നാം ബുദ്ധിമാന്മാരാണോ വിഡ്ഢികളോ എന്നത് നമ്മുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

”അനീതിയുടെ മുകളിൽ കൊട്ടാരം പണിയുകയും അന്യായത്തിനു മുകളിൽ മട്ടുപ്പാവു നിർമിക്കുകയും അയല്ക്കാരനെക്കൊണ്ടു ജോലി ചെയ്യിച്ചിട്ട് പ്രതിഫലം നൽകാതിരിക്കുകയും ചെയ്യുന്നവൻ ശപ്തൻ!” (ജറെമിയാ 22:13).