ശക്തീകരണ ദൗത്യമേറ്റ് സിസ്റ്റർ മേരി ആൻ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിലവിൽവന്ന വനിതാഫോറത്തിന്റെ പ്രഥമ ഡയറക്ടറായി ദൗത്യമേൽക്കുന്ന ഡോ. മേരി ആൻ സി.എം.സി പുതിയ ദൗത്യത്തെക്കുറിച്ചും മനസ്സിലുള്ള പദ്ധതികളെക്കുറിച്ചും സൺഡേ ശാലോമിനോട് സംസാരിക്കുന്നു.

552

 

 

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഭാവി ശോഭനമാക്കാനുള്ള നിർണായ ചുവടുവെപ്പുകളിൽ ഒന്നായിരുന്നു ഇക്കഴിഞ്ഞ ദിനം ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ പ്രഖ്യാപനം: വനിതാഫോറത്തിന്റെ രൂപീകരണം. രൂപതയിലെ പതിനായിരത്തോളം വരുന്ന വനിതകളെ സംഘടിപ്പിച്ച് ശക്തീകരിക്കുകയാണ് ലക്ഷ്യം. ഡോ. മേരി ആൻ സി.എം.സിക്കാണ് പുതിയ ദൗത്യത്തിന്റെ ചുമതല-ഡയറക്ടർ.

വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും ദൈവം ഏൽപ്പിച്ച പുതുദൗത്യത്തെ ദൈവാശ്രയബോധത്തോടെ സ്വീകരിച്ച സിസ്റ്റർ മേരി ആൻ, പുതുദൗത്യത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നാട്ടിലെ ഉന്നതപ~നം, നാലു വർഷം നീണ്ട അധ്യാപന പരിചയം, കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ~നം എന്നിവ പുതുദൗത്യത്തിൽ സഹായകമാകുമെന്ന വിശ്വാസത്തിലുമാണ് സിസ്റ്റർ.

പാലാ മാതവത്ത് ടോം- രാജമ്മ ദമ്പതികളുടെ മകളായി 1973ലാണ് ജനനം. 1993ൽ ബി.എസ്.സി ഫിസിക്‌സിൽ എം.ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് മൂന്നാം റാങ്ക് നേടിയ മേരി ആൻ, 1995ൽ എം.എസ്.സി ഫിസിക്‌സിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. ബി.എഡ് പാസായ ശേഷം സി.എം.സി പാലാ പ്രൊവിൻസിൽ അർത്ഥിനിയായി ചേർന്നു. മേരി 2000ൽ പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിസിക്‌സിൽ എം.ഫിലും കരസ്ഥമാക്കി.

2002മുതൽ 2009വരെ പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ് അധ്യാപികയായിരുന്നു. തുടർന്ന് ബൽജിയത്തിലെ ലുവൈൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. 2017 ഫെബ്രുവരിയിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലേക്ക് നിയോഗിക്കപ്പെട്ടത്.

? വനിതാഫോറത്തിന്റെ ലക്ഷ്യം, പ്രസക്തി

പുതുതായി രൂപംകൊണ്ട ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സമഗ്രവികസനത്തിനായുള്ള പുതിയ ചുവടുവെപ്പാണിത്. മികച്ച ജീവിതാനുഭവങ്ങളും കഴിവും കരുത്തുമുള്ള ഇവിടത്തെ സ്ത്രീ സമൂഹത്തിന്റെ എല്ലാ നന്മകളും രൂപതയുടെ മുന്നോട്ടുള്ള വളർച്ചയിൽ ഏകോപിപ്പിച്ച് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിലൂടെ ഗാർഹിക സഭയായ കുടുംബങ്ങളുടെ സുസ്ഥിതിക്കായി ഒരു നല്ല ഭാവിതലമുറയെ വാർത്തെടുക്കാനാകും.

സാധാരണയായി രൂപതകളിൽ വൈദികർ വഹിക്കുന്ന ഒരു സ്ഥാനത്തേയ്ക്ക് എന്നെ നിയോഗിച്ചതിലൂടെ ഈ രൂപതയിലെ വനിതകൾക്ക് ലഭിച്ച വലിയ അംഗീകാരവും ബഹുമാനവുമായി കാണുന്നു. സ്‌ത്രൈണശക്തിയും സിദ്ധിയും സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കുമായി രൂപാന്തരപ്പെടുത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തോടും ‘സുവിശേഷകന്റെ ജോലി ചെയ്യുക’ എന്ന മാർ സ്രാമ്പിക്കൽ പിതാവിന്റെ ദൗത്യത്തോടും ചേർന്നായിരിക്കും ഫോറത്തിന്റെ പ്രവർത്തനം.

വളരെ സെലക്ടീവായ സ്ത്രീസമൂഹമാണ് ഇവിടെയുള്ളത്. സഭയോട് ചേർന്ന് അവരെ സംഘടിപ്പിച്ച് അവരിലെ സിദ്ധികളെ നേർവഴിക്ക് ഉപയോഗിച്ചാൽ ഇവിടത്തെ പ്രതിസംസ്‌കാരത്തെ ക്രിയാത്മകമായി നേരിടാനാകും. വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ വിശിഷ്യാ, വളരുന്ന തലമുറയെ താങ്ങിനിർത്താനും തണലേകാനും ഇതിലൂടെ സാധിക്കും.

ദൈവീകജീവൻ, ആത്മീയ ജീവൻ, മാനുഷികജീവൻ എന്നിങ്ങനെ ജീവന്റെ മൂന്നു ഭാവങ്ങൾ ഉൾക്കൊള്ളുന്ന മഹനീയ മാതൃത്വങ്ങൾ പൊതുജനനന്മയ്ക്കായി അണിനിരക്കുന്നതും വലിയ ഗുണഫലങ്ങൾ യൂറോപ്പിൽ സൃഷ്ടിക്കും. സഭയുടെയും സമൂഹത്തിന്റെയും തകർച്ചയ്ക്ക് കാരണമായ വിശ്വാസശോഷണം കുടുംബങ്ങളുടെ തകർച്ചഎന്നിവയിൽനിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ ഈ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള പ്രാർത്ഥനയിലുമാണ് ഞങ്ങൾ.

? ദൗത്യം എത്രമാത്രം ശ്രമകരമായിരിക്കും, പ്രതീക്ഷകൾ

പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പിന് പ്രത്യുത്തരമായി ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് ലഭിച്ച കരുണാവർഷ സമ്മാനമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപത. ഏറെ പ്രതീക്ഷയോടെയാണ് ഓരോ വിശ്വാസിയും ഇതിനെ നോക്കികാണുന്നത്. വ്യത്യസ്ഥമായ സാംസ്‌കാരികാന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ട ഇവിടത്തെ സീറോ മലബാർ സമൂഹം നിരവധിയായ പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്.

മൂല്യങ്ങളും വിശ്വാസങ്ങളും പൊതുവേ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന തദ്ദേശീയ സമൂഹവുമായി ഇടപഴകി ജീവിക്കുന്നുണ്ടെങ്കിലും മക്കളുടെ ഭാവിജീവിതത്തെക്കുറിച്ച് വലിയ ആശങ്കയിലാണ് ഇവിടത്തെ മലയാളികൾ. വിശിഷ്യാ, അമ്മമാർ വലിയ ആകുലതയോടെയാണ് ഈ പ്രതിസംസ്‌കാരത്തിൽ വളർന്നുവരുന്ന മക്കളുടെ ഭാവിയെ നോക്കികാണുന്നത്.

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ശക്തികേന്ദ്രങ്ങളായ മാതൃത്വങ്ങളെ കൂട്ടിയിണക്കുന്ന ഇത്തരം വേദികൾ ഈ പ്രതിസംസ്‌കാരത്തിലും ജ്വലിക്കുന്ന ദൈവിക സാക്ഷ്യങ്ങളായി മാറുമെന്നതിൽ സംശയമില്ല. ഇത് തങ്ങളുടെ പിൻതലമുറയ്ക്ക് വലിയ സഹായമാകുമെന്ന തിരിച്ചറിവിൽ ഇവിടത്തെ സ്ത്രീസമൂഹം പുതിയ കൂട്ടായ്മയെ നെഞ്ചോട് ചേർക്കുമെന്ന് ഉറച്ച വിശ്വസമുണ്ട്. സ്ത്രീ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആശങ്കകളും സ്വപ്‌നങ്ങളും പങ്കുവെച്ച് തിരുസഭയുടെ കൂട്ടായ്മയോട് ചേർന്ന് ഇതിനെ വിജയകരമായി നയിക്കാൻ സാധിക്കുമെന്നുതന്നെയാണ് പ്രത്യാശിക്കുന്നത്.

? പുതിയ സംരംഭം രൂപതയുടെ വളർച്ചയ്ക്ക് എത്രമാത്രം നിർണായകമാകും

നേരത്തെ സൂചിപ്പിച്ചതുപോലെ ഗാർഹിക സഭയെന്ന് വിശേഷിപ്പിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യപരവും സുസ്ഥിരവുമായ നിലനിൽപ്പ്, അതിലൂടെ മൂല്യങ്ങളിൽ അടിയുറച്ച് മുന്നേറുന്ന പുതുതലമുറ ഇതിനായിരിക്കും വനിതാ ഫോറത്തിന്റെ പ്രഥമപരിഗണന. ഈ രണ്ട് ലക്ഷ്യങ്ങളുടെ പൂർത്തീകരണം രൂപതയുടെ സമഗ്രവളർച്ചയ്ക്ക് ഊർജം പകരുമെന്നത് സുവ്യക്തമാണ്. കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന തകർച്ചകൾ കണ്ടെത്തി അതിനെ പ്രതിരോധിക്കാൻ സാധിക്കാത്തതാണ് ആത്യന്തികമായി യൂറോപ്പിലെ സഭ ഇന്ന് നേരിടുന്ന അപചയത്തിന് കാരണമെന്ന വസ്തുത കൂടി മനസിലാക്കുന്നിടത്താണ് ഇത്തരം ഒരു വേദിയുടെ പ്രസക്തിയും പ്രാധാന്യവും അടിവരയിടുന്നത്.

? യൂറോപ്പിലെ ജീവിതാനുഭവം പുതിയ ദൗത്യത്തെ എപ്രകാരം സഹായിക്കും

കഴിഞ്ഞ എട്ടു വർഷം ഉന്നതപ~നത്തിനായി യൂറോപ്പിൽ ചെലവഴിക്കാൻ ലഭിച്ചത് ഒരു അനുഗ്രഹമായി. ആധുനിക യൂറോപ്പിലെ ജീവിതം, സംസ്‌കാരം തുടങ്ങിയവ അടിത്തറിയാനും മനസിലാക്കാനും ഇതിലൂടെ സാധിച്ചു. പൊതുവെ സ്ത്രീ സമത്വവും സ്വാതന്ത്യവുമുള്ള ദേശമെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്ത്രീകൾ ഇന്ന് പലവിധ അടിമത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദൈവമക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഇവർ ഇന്ന് മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം എന്നിവയുൾപ്പെടെ പല വിധ തിന്മകൾക്ക് അടിമകളാണ്.

ഭാര്യാ- ഭർതൃ ബന്ധങ്ങളിലും മാതാപിതാക്കൾ- മക്കൾ ബന്ധങ്ങളിലും ഊഷ്മളത നഷ്ടപ്പെട്ടത് ഇവരുടെ കുടുംബാന്തരീക്ഷങ്ങളെ ശൂന്യതയുടെ അഗാധഗർത്തത്തിൽ തള്ളിയിട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ കുടിയേറ്റത്തിന്റെ 20 വർഷങ്ങളോട് അടുക്കുന്ന നമ്മുടെ സമൂഹം അടുത്തു മനസിലാക്കുന്നുണ്ട്. അതിനാൽ ഇനിയുള്ള കാലം നാം വളരെ കരുതലോടെ മുന്നേറേണം. അതിനായുള്ള കൂട്ടായ ശ്രമങ്ങൾ സഭയോട് ചേർന്ന്, പരിശുദ്ധ അമ്മയോട് ചേർന്ന് നടപ്പാക്കാൻ അനുഭവങ്ങൾ ചവിട്ടുപടി യാക്കേണ്ടിയിരിക്കുന്നു.

? മനസിലുള്ള പദ്ധതികളെക്കുറിച്ച് എന്തെല്ലാം പദ്ധതികൾക്കായിരിക്കും മുൻഗണന.

സഭയെ സ്‌നേഹിക്കുന്ന, സഭയോട് ചേർന്ന് നിൽക്കുന്ന, വിശ്വാസത്തിൽ ജ്വലിക്കുന്ന കെട്ടുറപ്പുള്ള കുടുംബങ്ങളുടെ രൂപീകരണത്തിനുതന്നെ പ്രഥമ പരിഗണന. അതിലൂടെ യൂറോപ്പിന്റെ നവസുവിശേഷീകരണത്തിന്റെ ദൗത്യവാഹകരാകാൻ ഓരോ കുടുംബത്തെയും വ്യക്തികളെയും പാകപ്പെടുത്തുക. 180 കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സമൂഹങ്ങളെ നേരിൽകണ്ട് അഭിപ്രായ സമന്വയത്തിലൂടെ, ദൈവസ്വരത്തിന് കാതോർത്ത് പദ്ധതികൾ രൂപപ്പെടുത്തണം എന്നാണ് ആഗ്രഹം.

? വിശ്വാസത്തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന തദ്ദേശീയ സഭ വളരെ പ്രതീക്ഷയോടെയാണല്ലോ വിശ്വാസസമ്പന്നരായ സീറോ മലബാർ സമൂഹത്തെ നോക്കിക്കാണുന്നത്

മേൽപ്പറഞ്ഞ പ്രവർത്തനങ്ങളിലൂടെയും മുന്നേറ്റങ്ങളിലൂടെയും നമ്മുടെ ജീവിതംതന്നെ ഇവർക്ക് മുമ്പിൽ സുവിശേഷ ദീപങ്ങളായി മാറണം. നമ്മുടെ ഊഷ്മളമായ കുടുംബബന്ധങ്ങൾ, ദൈവാലയ കേന്ദ്രീകൃതമായ ജീവിതം, കുടുംബ പ്രാർത്ഥനകൾ, കൂട്ടായ്മകൾ, കുടുംബസമേതമുള്ള ദിവ്യബലി പങ്കാളിത്തം തുടങ്ങിയവ തദ്ദേശീയ സമൂഹത്തിന്റെ അണഞ്ഞുപോയ വിശ്വാസദീപങ്ങളെ ആളിക്കത്തിക്കാൻ പര്യാപ്തമാക്കണം.

? സമർപ്പിത വിളിയെക്കുറിച്ച്- ഉന്നത പ~നങ്ങൾക്ക് ശേഷമാണല്ലോ സമർപ്പിത ജീവിതം തിരഞ്ഞെടുത്തത്

ഡിഗ്രി പ~നത്തിന്റെ അവസാനഘട്ടത്തിലാണ് സഹപാ~ികളിൽനിന്ന് മുരിങ്ങൂർ ഡിവൈൻ ധ്യാനമന്ദിരത്തെക്കുറിച്ച് കേൾക്കുന്നത്. ധ്യാനത്തിൽ പങ്കെടുത്തതിലൂടെ അവരുടെ കുടുംബങ്ങളിൽ ഉണ്ടായ അത്ഭുതകരമായ ദൈവിക ഇടപെടലുകളെക്കുറിച്ചും അറിഞ്ഞു. അവസാന വർഷ പരീക്ഷയ്ക്കുശേഷം സഹപാടികളുമൊത്ത് ഞാനും ഡിവൈനിലെത്തി. എന്നാൽ, ധ്യാനദിവസങ്ങളിലോ ധ്യാനത്തിനു ശേഷമോ പ്രത്യേകമായ അനുഭവമോ മാറ്റമോ എന്നിൽ ഇണ്ടായില്ല.

എന്നാൽ, ജോർജ് പനയ്ക്കലച്ചൻ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ഓഡിയോ സി.ഡി ധ്യാനകേന്ദ്രത്തിൽനിന്ന് വാങ്ങിയിരുന്നു. അതിലൂടെ ശ്രവിച്ച പ്രഘോഷണം എന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. ജീവിതത്തെ മാനുഷിക ബുദ്ധികൊണ്ടല്ല, ദൈവിക ജ്ഞാനത്തിൽ നോക്കിക്കാണമെന്ന ഉൾവിളി യാഥാർത്ഥ്യത്തിൽ എന്റെ ജീവിതത്തിലെ ‘മംഗളവാർത്താ’ അനുഭവമായിരുന്നു.

‘ഇതാ കർത്താവിന്റെ ദാസി, നിന്റെ ഹിതംപോലെ എന്നിൽ ഭവിക്കട്ടെ’ എന്ന പരിശുദ്ധ അമ്മയുടെ മനോഭാവത്തിലേക്ക് ദൈവം എന്നെയും കൈപിടിച്ചുയർത്തി. വചനത്തെ നെഞ്ചോട് ചേർത്ത് ദൈവസ്വരത്തിന് കാതോർത്ത് ജീവിതം നയിക്കണമെന്ന ഉൾപ്രേരണ എന്നെ ക്രിസ്തുവിന്റെ മണവാട്ടിയാകാനുള്ള തീരുമാനത്തിലെത്തിച്ചു.

പരിശുദ്ധ അമ്മയോട് ചേർന്ന്, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ആനന്ദം അനുഭവിച്ച പി.ജി. പ~നകാലത്ത് സംഭവിച്ചതും നിരവധി അത്ഭുതങ്ങളാണ്. ദൈവഹിതത്തിന് വിധേയപ്പെട്ട കന്യകാമറിയത്തോട് ദൈവദൂതൻ പറഞ്ഞ സന്ദേശം, ‘ദൈവത്തിന് ഒന്നും അസാധ്യമല്ല’ എന്ന തിരുവചനത്തിന്റെ സാക്ഷാത്ക്കാരം എന്റെ ജീവിതത്തിലും സംഭവിച്ചു. പി.ജി പരീക്ഷയിൽ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽനിന്ന് ഒന്നാം റാങ്കിന് അർഹയാക്കിയത് ഒരു ഉദാഹരണം മാത്രം. ബി. എഡ് പ~നത്തിനുശേഷമാണ് സി.എം.സി സഭയിൽ അർത്ഥിനിയായത്.

 

ബിജു നീണ്ടൂർ