ശബ്ദകോലാഹലങ്ങളിലെ നിശബ്ദത

0
635

കോഴിക്കോട് പെരുവണ്ണാമൂഴി എന്നൊരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. അച്ഛന്‍ ആന്റണി ജോര്‍ജ്, അമ്മ ത്രേസ്യാമ്മ ജോര്‍ജ്. ഞങ്ങള്‍ മൂന്ന് മക്കളാണ്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ മാതാപിതാക്കള്‍. കാരണം ഞങ്ങള്‍ മൂന്ന് മക്കള്‍ക്കും അവരവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പഠിക്കാനും തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയും സ്‌നേഹവുമാണ് എന്റെ എല്ലാവിജയങ്ങളുടെയും ഊര്‍ജം. ഇപ്പോള്‍ അവരോടൊപ്പം പിന്തുണയ്ക്കാനും സ്‌നേഹിക്കാനും ഒരാള്‍ക്കൂടിയുണ്ട് ഭാര്യ അല്‍വിറ്റ. ഇവരാണ് എന്റെ ജീവിതത്തെ സന്തോഷമുള്ള ഒരു പിടി ശബ്ദങ്ങളുടെ ലോകമാക്കുന്നത്.
പ്രവീണ്‍ മൊര്‍ച്ചാല സംവിധാനം ചെയ്ത ഒരു ലഡാക്കി ഫിലിം ആണ് ‘വോക്കിംഗ് വിത്ത് ദ വിന്‍ഡ്.’ സിനിമയുടെ നിര്‍മ്മാണ വേളയിലൊന്നും ദേശീയ അവാര്‍ഡ് എന്നൊരു ചിന്തപോലും മനസിലുണ്ടായിരുന്നില്ല. എന്റെ സീനിയറായി പഠിച്ചിരുന്ന എഡിറ്റര്‍ ഉജ്ജ്വല്‍ ചന്ദ്ര വഴിയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമായത്. ‘വോക്കിംഗ് വിത്ത് ദ വിന്‍ഡ്’ ഒരു പത്തുവയസുകാരന്റെ കഥയാണ്. എല്ലാ ദിവസവും ഏഴു കിലോമീറ്റര്‍ നടന്നാണ് അവന്‍ സ്‌കൂളില്‍ പോകുന്നത്. ഒരു ദിവസം സ്‌കൂളില്‍വെച്ച് അവന്റെ സുഹൃത്തിന്റെ കസേര അവന്‍ കാരണം ഒടിഞ്ഞുപോയി. വേറാരും അറിയും മുമ്പേ വീട്ടിലെത്തിച്ച് നന്നാക്കി കൊണ്ടുവരാന്‍ അവന്‍ തീരുമാനിച്ചു. ആ കസേരയും ചുമന്നുള്ള അവന്റെ യാത്രകളും അവന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയുമൊക്കെയാണ് ആ സിനിമ കടന്നുപോകുന്നത്. വളരെ ചെറിയ ബജറ്റില്‍ 25 പേര്‍ മാത്രമായിരുന്നു അണിയറില്‍ ഉണ്ടായിരുന്നത്. ലോങ്ങ് ഷോട്ടുകളിലൂടെ കഥ പറയുന്ന ഒരു സിനിമയാണ് ഇത്. അതുകൊണ്ട് തന്നെ ശബ്ദലേഖനത്തില്‍ റിസ്‌കും കൂടുതലായിരുന്നു. നിശ്ബദതയായിരുന്നു സിനിമയില്‍ സംസാരിക്കേണ്ടിയിരുന്നത്.
ലഡാക്കിലെ യാങ്താങ്ങ് വില്ലേജിലായിരുന്നു ഷൂട്ടിങ്. 300 ല്‍ അധികം ഗ്രാമവാസികളില്ലാത്ത മൊബൈല്‍ നെറ്റ് വര്‍ക്കോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നും എത്തിനോക്കാത്ത ഒരു കൊച്ചുഗ്രാമാണ് യാങ്താങ്ങ്. അവിടെ മലഞ്ചെരുവിലുള്ള കൊച്ചു വീടുകളിലായിരുന്നു ഞങ്ങളുടെ താമസം. പുറത്തു നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഏറ്റവും മികച്ച ശബ്ദം ലോക്കഷനില്‍ നിന്നു തന്നെ റെക്കോഡ് ചെയ്യാന്‍ പറ്റി എന്നതാണ് യാങ്താങ്ങില്‍ ഷൂട്ടു ചെയ്തതുകൊണ്ട് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. സാധാരണയായി സിനിമകളില്‍ സ്റ്റുഡിയോയില്‍ വന്നതിനു ശേഷം ശബ്ദം വേറെ റെക്കോഡ് ചെയ്ത് കൂട്ടിച്ചേര്‍ക്കാറുണ്ട്. സാങ്കേതികപരമായി പറഞ്ഞാല്‍ ഫോളി സൗണ്ട്. പക്ഷേ ഈ സിനിമയില്‍ അത്തരത്തില്‍ കൂട്ടിച്ചേര്‍ത്ത ശബ്ദങ്ങള്‍ കുറവാണ്. ഏറെക്കുറെ എല്ലാ ശബ്ദങ്ങളും ലൊക്കേഷനില്‍ത്തന്നെ റെക്കോഡ് ചെയ്തവയാണ്. ഉദാഹരണത്തിന് ശ്വാസോച്ഛ്വോസം, കൈകള്‍ ചലിപ്പിക്കുന്നത്, കസേര വലിക്കുന്നത് ഇങ്ങനെയുള്ള വളരെ ചെറിയ എന്നാല്‍ സിനിമയില്‍ പ്രധാന പങ്കുവഹിക്കുന്ന എല്ലാ ശബ്ദങ്ങളും ലൊക്കേഷനിലാണ് എടുത്തത്. ലഡാക്കി ശബ്ദങ്ങളല്ലാത്ത ഒന്നും ഞങ്ങള്‍ പശ്ചാത്തല ശബ്ദമായും സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. ചെറിയ ദൈര്‍ഘ്യമുള്ള സിനിമ ആയിരുന്നെങ്കിലും ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു ‘വോക്കിംഗ് വിത്ത് ദ വിന്‍ഡ്’
2016 ലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങ് കഴിഞ്ഞതോടെ ഞാന്‍ ആ ചിത്രത്തേക്കുറിച്ച് മറന്നിരുന്നു. തികച്ചും അവിചാരിതമായി തേടിയെത്തിയ സന്തോഷമായിരുന്നു ദേശീയപുരസ്‌കാരം.
ഇപ്പോള്‍ കുടുംബമായി മുബൈയിലാണ് താമസം. ആത്മാര്‍ത്ഥമായും ആസ്വദിച്ചും ജോലി ചെയ്യുക നമുക്ക് അര്‍ഹതയുള്ളതാണെങ്കില്‍ ബാക്കിയൊക്കെ നമ്മളെ തേടി വന്നുകൊള്ളും നമ്മള്‍ തേടി പോകണ്ട ഇതാണ് എന്റെ പോളിസി. ഉടന്‍ തന്നെ മലയാളം സിനിമയുടെയും ഭാഗമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാര്‍ത്ഥനകളിലും എന്നെ ഓര്‍ക്കണേ.

സനല്‍ ജോര്‍ജ്
(ശബ്ദലേഖനം: ദേശീയ
പുരസ്‌കാര ജേതാവ്)