ശാലോം സെക്കുലർ പ്രസിദ്ധീകരണ രംഗത്തേക്ക്…

1654

ശാലോമിന്റെ പ്രിയപ്പെട്ട വായനക്കാർക്ക്, കഴിഞ്ഞ 25 വർഷമായി സഭയ്ക്കുള്ളിൽ തികച്ചും വ്യത്യസ്തമായ ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തുവാൻ ദൈവം ശാലോമിനെ ഉപയോഗിച്ചു.അതിന്റെ പിന്നിൽ സ്‌നേഹവും പ്രാർത്ഥനയും പ്രാത്സാഹനവും നല്കി നിലകൊണ്ട ശാലോമിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും ഞാൻ നന്ദിയോടെ സ്മരിക്കുന്നു.ഈ വർഷം വ്യത്യസ്തമായൊരു മാധ്യമദൗത്യത്തിനായി ദൈവം ശാലോമിനെ വിളിക്കുകയാണ്. സഭയ്ക്ക് പുറത്തുള്ള നാനാജാതി മതസ്ഥരായ, ബഹുഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടി പുതിയൊരു സെക്കുലർ പ്രസിദ്ധീകരണം- ‘സോഫിയാ ടൈംസ്’ മാസിക.

സഭയ്ക്കുള്ളിൽ ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. അവയെല്ലാം വിശ്വാസികൾ മാത്രമാണ് വായിക്കുന്നത്. കേരളത്തിലെ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഒന്നും നമുക്കിന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. പൊതുസമൂഹത്തെ സ്വാധീനിക്കുന്ന മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പലതിനും ബിസിനസ് ലക്ഷ്യങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും വർഗീയ ലക്ഷ്യങ്ങളുമാണുള്ളത്. എല്ലാ വിഭാഗം ജനങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന, അവരെ നന്മയിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസിദ്ധീകരണങ്ങൾ വിരളമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സെക്കുലർ പ്രസിദ്ധീകരണ രംഗത്തേക്ക് ദൈവം ശാലോമിനെ വിളിക്കുന്നത്.

കല, സാഹിത്യം, വിജ്ഞാനം തുടങ്ങിയവയിലൂടെയാണ് സംസ്‌കാരങ്ങൾ വികസിക്കുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും. അതിനാൽ സനാതനമായ മൂല്യങ്ങളും ഉന്നത ദർശനങ്ങളും കലാസാഹിത്യ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് പകരപ്പെടേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ സമൂഹവും സംസ്‌കാരവും ജീർണിക്കും. ഇക്കാരണത്താൽ ധാർമികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സംസ്‌കാരത്തിലേക്ക് ദൈവികമൂല്യങ്ങളുടെ വെളിച്ചം പകരാനായി നാം പുതിയൊരു ദൗത്യത്തിന് തുടക്കം കുറിക്കുകയാണ്.

രാഷ്ട്രീയവും വർഗീയവുമായ ചേരിതിരിവുകൾക്കതീതമായി നിന്നുകൊണ്ട് മനുഷ്യനിലെ നന്മകളെ പ്രകീർത്തിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നമ്മൾ ആഗ്രഹിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും മാർഗദർശനം നല്കാനും സഹായകമായ അനുഭവങ്ങളും അറിവും പങ്കുവയ്ക്കാനും ‘സോഫിയാ ടൈംസ്’ ലക്ഷ്യംവച്ചിട്ടുണ്ട്. ശ്രേഷ്ഠമായ ചിന്തകളെ പ്രകാശിപ്പിക്കുവാനും വളരുന്ന പ്രതിഭകൾക്ക് പ്രോത്സാഹനം നല്കുവാനും ഈ പ്രസിദ്ധീകരണം വേദിയാകും. സഭയ്ക്കുള്ളിൽ വിവിധ ക്രൈസ്തവ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന മാധ്യമശുശ്രൂഷയായിരുന്നു ശാലോം നിർവഹിച്ചത്. സഭയ്ക്ക് പുറത്തും സ്‌നേഹത്തിലും സാഹോദര്യത്തിലും പൊതുസമൂഹത്തെ ഐക്യപ്പെടുത്തുന്ന ദൗത്യം സോഫിയാ ടൈംസിലൂടെ ശാലോം തുടരും.

1971-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ”കൊമ്മ്യൂണിയോ ഏത്ത് പ്രോഗ്രസിയോ” എന്ന ചാക്രികലേഖനത്തിലൂടെ മാധ്യമങ്ങൾ വഴിയുള്ള ഐക്യത്തിന്റെ ശുശ്രൂഷയെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്:
”സഭ ഈ മാധ്യമങ്ങളെ ദൈവത്തിന്റെ ദാനങ്ങളായി കാണുന്നു. അവ അവിടുത്തെ പരിപാലനാപരമായ പദ്ധതിയിൽ മനുഷ്യരെ സാഹോദര്യത്തിൽ ഒന്നിപ്പിക്കുകയും അങ്ങനെ അവരുടെ രക്ഷയ്ക്കായുള്ള അവിടുത്തെ പദ്ധതിയിൽ സഹകരിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.”

ഭിന്നതയും ശത്രുതയും ആശയക്കുഴപ്പങ്ങളും മനുഷ്യവംശത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയിൽനിന്ന് മനുഷ്യരെ അകറ്റും. എന്നാൽ ഐക്യവും സ്‌നേഹവും ജനതകളെ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലേക്ക് അടുക്കുവാൻ സഹായിക്കും.ശാലോമിന്റെ സെക്കുലർ മേഖലയിലെ പ്രവർത്തനങ്ങളെല്ലാം സോഫിയാ ബുക്‌സിന്റെ ബാനറിലായിരിക്കും നിർവഹിക്കപ്പെടുക. ഇതിനാവശ്യമായ സമ്പത്തും സോഫിയായുടെ പ്രവർത്തനങ്ങളിലൂടെയാണ് സമാഹരിക്കപ്പെടുന്നത്. ‘സോഫിയാ ടൈംസ്’ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ, അഭിമാനകരമായ രീതിയിൽ പ്രസിദ്ധീകരിക്കുവാൻ അതു വിറ്റുകിട്ടുന്ന തുകയെക്കാൾ ലക്ഷക്കണക്കിന് രൂപയുടെ അധികച്ചെലവുണ്ടാകും. ഇത് പരസ്യങ്ങളിലൂടെ സമാഹരിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനാൽ ക്രൈസ്തവ മൂല്യങ്ങൾക്ക് വിരുദ്ധമല്ലാത്ത പരസ്യങ്ങൾ വഴിയായിരിക്കും ‘സോഫിയാ ടൈംസി’ന്റെ സാമ്പത്തികാവശ്യങ്ങൾ നിർവഹിക്കപ്പെടുക.

നാം അംഗമായിരിക്കുന്ന പൊതുസമൂഹത്തിന്റെ നന്മ നമ്മുടെയും നന്മയാണ്. പൊതുസമൂഹത്തിന്റെ ജീർണത നമ്മുടെയും ജീർണതയ്ക്ക് ആക്കം കൂട്ടും. അതിനാൽ നാനാ ജാതിമതസ്ഥരായ മുഴുവൻ മലയാളികൾക്കും നല്ല പ്രചോദനങ്ങളും മാർഗദർശനവും നല്കാൻ സഹായിക്കുന്ന സെക്കുലർ മാധ്യമപ്രവർത്തനവും ഒരു പ്രേഷിത പ്രവർത്തനം തന്നെയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ നല്കുന്ന ആഹ്വാനവും ഇതിനെ പിൻതാങ്ങുന്നുണ്ട്.

”സമയവും സാഹചര്യവും ആവശ്യപ്പെടുന്നതുപോലെ പ്രേഷിതത്വത്തിന്റെ സകല തുറകളിലും ആശയ വിനിമയ മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ സഭയുടെ മക്കളെല്ലാം ഉടനടി ഒറ്റക്കെട്ടായി ഉത്സാഹപൂർവം ശ്രമിക്കട്ടെ. മതത്തിന്റെയും സന്മാർഗത്തിന്റെയും അഭിവൃദ്ധി കൂടുതൽ ആവശ്യമായിരിക്കുന്ന സ്ഥലങ്ങളിൽ വിശേഷിച്ചും അവർ ഉപദ്രവകരങ്ങളായ സംരംഭങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് തള്ളിനീക്കണം” (സാമൂഹ്യ മാധ്യമങ്ങൾ -13).

ശാലോമിന്റെ ശുശ്രൂഷകൾ മാനുഷികമായ ആഗ്രഹങ്ങളും ചർച്ചകളും തീരുമാനങ്ങളും വഴി രൂപപ്പെടുന്നവയല്ല. പ്രത്യുത പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ദൈവിക പ്രചോദനങ്ങളോടുള്ള നിരുപാധിക അനുസരണമാണ് അവയെ രൂപപ്പെടുത്തുന്നത്. ശാലോം ടൈംസും സൺഡേ ശാലോമും ശാലോം ടി.വിയും ശാലോം വേൾഡ് ടി.വിയും സോഫിയാ ബുക്‌സും ആരംഭിക്കുവാൻ പ്രചോദനം നല്കിയ അതേ തമ്പുരാന്റെ പ്രേരണയിൽ വിശ്വസിച്ചുകൊണ്ട് ‘സോഫിയാ ടൈംസും’ ആരംഭിക്കുന്നു. വർഷങ്ങളോളം നീണ്ട പ്രാർത്ഥനയുടെയും ആത്മീയ ഒരുക്കപ്പെടലിന്റെയും പരിസമാപ്തിയായി സോഫിയാ ടൈംസ് ആരംഭിക്കുമ്പോൾ നമുക്കൊരുമിച്ച് ദൈവത്തിന് നന്ദി പറയാം. അതോടൊപ്പം മലയാളി സമൂഹത്തിന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും നന്മയിലേക്ക് സ്വാധീനിക്കുവാൻ സാധ്യമാകത്തക്കവിധം ഈ മാസികയെ എല്ലായിടത്തും പ്രചരിപ്പിക്കുവാനും നമുക്ക് തയാറാകാം.

നിങ്ങളുടെ പിൻതാങ്ങലിനും പ്രാർത്ഥനയ്ക്കും മുൻകൂട്ടി നന്ദി പറഞ്ഞുകൊണ്ട്,

യേശുവിൽ
ബെന്നി പുന്നത്തറ