ശുദ്ധീകരണസ്ഥലത്തെപ്പറ്റി വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ പ്രസംഗം: ഭാഗം -3

0
1103

നിരവധി വിശുദ്ധര്‍പോലും സ്വര്‍ഗത്തിലെത്തിയത് ശുദ്ധീകരണസ്ഥലത്തെ വാസത്തിനുശേഷമാണ് എന്നുള്ളത് നമ്മുടെ മുമ്പിലുള്ള തെളിവുകളാണ്. അല്‍പം മോശമായ ഒരു പാട്ട് രസമനുഭവിച്ചുകൊണ്ട് കേട്ടതിനാല്‍ തന്റെ സഹോദരി നിരവധി വര്‍ഷങ്ങള്‍ ശുദ്ധീകരണ സ്ഥലത്ത് കിടന്നുവെന്ന് വിശുദ്ധ പീറ്റര്‍ ഡാമിയന്‍ പറയുന്നു. തങ്ങളില്‍ ആദ്യം മരിക്കുന്ന ആള്‍ മറ്റേ ആള്‍ക്ക് പ്രത്യക്ഷപ്പെട്ട്, താനിപ്പോള്‍ ഏത് അവസ്ഥയിലാണ് എന്ന് ജീവിച്ചിരിക്കുന്ന ആളോട് പറയാമെന്ന് രണ്ട് സന്യാസികള്‍ പരസ്പരം വാക്കുകൊടുത്തതായി പറയപ്പെടുന്ന ഒരു സംഭവം ഉണ്ട്. ആദ്യം മരിച്ചയാള്‍ക്ക് രണ്ടാമത്തെ ആളെ സന്ദര്‍ശിക്കുവാന്‍ ദൈവം അനുവാദം കൊടുത്തു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ ശ്രമിച്ചതിന് പതിനഞ്ച് കൊല്ലമായി താന്‍ ശുദ്ധീകരണസ്ഥലത്താണ് എന്ന് പ്രത്യക്ഷപ്പെട്ട സന്യാസി രണ്ടാമത്തെ സന്യാസിയോട് പറഞ്ഞു. ഇത്ര കുറച്ചുകാലം ശുദ്ധീകരണസ്ഥലത്ത് കിടന്നാല്‍ മതിയല്ലോ എന്ന് ജീവിച്ചിരിക്കുന്ന സന്യാസി അപ്പോള്‍ മരിച്ച സന്യാസിയെ അഭിനന്ദിച്ചു. അപ്പോള്‍ മരിച്ച സന്യാസി പറഞ്ഞു: ”പതിനായിരം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ജീവനോടെ പ്രഹരിക്കുന്നത്, ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ സഹിക്കുന്നതിനെക്കാള്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു.” മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉദ്ദേശിച്ച ഒരു മരണപത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കുവാന്‍ വച്ചു താമസിപ്പിച്ചതിനാല്‍ താന്‍ നിരവധി മാസങ്ങള്‍ ശുദ്ധീകരണസ്ഥലത്ത് കിടന്നുവെന്ന് ഒരു വൈദികന്‍ തന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. കഷ്ടം, എന്റെ പ്രിയസഹോദരരെ, എന്നെ ശ്രവിക്കുന്ന നിങ്ങളില്‍ എത്രപേര്‍ക്ക് സമാനമായ വീഴ്ചകള്‍ക്ക് തങ്ങളെത്തന്നെ കുറ്റപ്പെടുത്തുവാനാകും?
തങ്ങളുടെ എട്ടോ പത്തോ പ്രായത്തിനിടെ മാതാപിതാക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ കുര്‍ബാന ചൊല്ലിക്കുകയും ദാനധര്‍മം നടത്തുകയും ചെയ്യേണ്ടവിധം നിരവധി നന്മകള്‍ ലഭിച്ച എത്രയോപേര്‍ ഒരുപക്ഷേ അതൊന്നും ചെയ്യാതിരിക്കുന്നു. എന്തെങ്കിലും നന്മപ്രവൃത്തികള്‍ ചെയ്യേണ്ടിവരുമോ എന്ന പേടിയാല്‍, എത്രയോ പേര്‍ മാതാപിതാക്കളോ സുഹൃത്തുക്കളോ തങ്ങള്‍ക്ക് അനുകൂലമായി എഴുതിവച്ചിരിക്കുന്ന മരണപത്രം നോക്കാതിരിക്കുന്നു? ആരും തങ്ങളുടെ അന്ത്യാഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഇല്ലാത്തതിനാല്‍ ഇവരില്‍ എത്രയോ പേര്‍ അഗ്നിയില്‍ കിടക്കുന്നു! പാവം അപ്പന്മാരെ, അമ്മാരെ, നിങ്ങളുടെ മക്കളുടെയും പിന്‍തുടര്‍ച്ചക്കാരുടെയും സന്തോഷത്തിനുവേണ്ടി നിങ്ങള്‍ ബലി ചെയ്യപ്പെടുന്നു. മക്കളുടെ ഭാവി മെച്ചപ്പെടുത്തുവാനുള്ള പരിശ്രമത്തില്‍ നിങ്ങളുടെ ആത്മരക്ഷയുടെ കാര്യം പോലും ഒരുപക്ഷേ നിങ്ങള്‍ ചെയ്യാതെ പോയി. നിങ്ങളുടെ വില്‍പത്രങ്ങളില്‍ നിങ്ങള്‍ എഴുതിവച്ച സല്‍പ്രവൃത്തികള്‍ ചെയ്യാതെ നിങ്ങള്‍ വഞ്ചിക്കപ്പെടുന്നു! പാവം മാതാപിതാക്കള്‍! നിങ്ങളുടെ കാര്യംതന്നെ വേണ്ടെന്നുവയ്ക്കാന്‍മാത്രം നിങ്ങള്‍ എത്രമാത്രം അന്ധരായിരുന്നു! ഒരുപക്ഷേ നിങ്ങള്‍ എന്നോട് പറയുമായിരിക്കും: ”ഞങ്ങളുടെ മാതാപിതാക്കള്‍ നല്ല ജീവിതം ജീവിച്ചവരാണ്, അവര്‍ വളരെ നല്ല മനുഷ്യര്‍ ആയിരുന്നു.” ഹാ, ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയില്‍ വീഴുവാന്‍ അവര്‍ക്ക് കുറച്ച് തെറ്റുകള്‍ മതിയായിരുന്നു! വളരെ അസാധാരണമായ വിധത്തില്‍ സുകൃതങ്ങള്‍ വിളങ്ങിയിരുന്ന മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട് ഈ വിഷയത്തെപ്പറ്റി പറഞ്ഞത് എന്തെന്ന് കേള്‍ക്കുക. തന്റെ അറിവിന്റെ വലുപ്പത്തെപ്പറ്റി ഒരിക്കല്‍ അല്പം ആത്മസംതൃപ്തി പ്രകടിപ്പിച്ചതിനാല്‍ ദൈവം തന്നെ ശുദ്ധീകരണസ്ഥലത്തേക്ക് അയച്ചു എന്നാണദ്ദേഹം ഒരിക്കല്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വെളിപ്പെടുത്തിയത്. ശുദ്ധീകരണസ്ഥലത്തുകൂടി കടന്നുപോയ വിശുദ്ധര്‍, പേരു വിളിക്കപ്പെട്ട വിശുദ്ധര്‍വരെ ഉണ്ടെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം. രാവിലെ ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ വൈകുന്നേരത്തേക്ക് മാറ്റിവച്ചതിനാല്‍ താന്‍ ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടിവന്നുവെന്ന് കൊളോണിലെ ആര്‍ച്ച് ബിഷപ്പായിരുന്ന വിശുദ്ധ സെവരിനൂസ്, മരിച്ച് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ഒരു സുഹൃത്തിന് പ്രത്യക്ഷപ്പെട്ട് പറയുകയുണ്ടായി. ഓ, അത്യാവശ്യജോലികള്‍ ഉണ്ടായിരുന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ പിന്നീടത്തേക്ക് ഒരു വിഷമവും കൂടാതെ മാറ്റിവയ്ക്കുന്ന ക്രിസ്ത്യാനികള്‍ എത്ര വര്‍ഷം ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടിവരും! ദൈവത്തെ സ്വന്തമാക്കുക എന്നതിന്റെ സന്തോഷം നാം സത്യമായും ആഗ്രഹിച്ചിരുന്നെങ്കില്‍, ചെറുതും വലുതുമായ തെറ്റുകള്‍ നമ്മള്‍ ഒഴിവാക്കുമായിരുന്നു. കാരണം പാവം ആത്മാക്കള്‍ക്ക് ഏറ്റവും ഭയാനകമായ ശിക്ഷയാണ് ദൈവത്തെ നഷ്ടപ്പെടുക എന്നത്.

ഫാ. ജോസഫ് വയലില്‍ CMI

ഉറവിടം: O Purgatory, by saint John Mary Vianny,
posted by Catholic saints.