ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം

0
508

ലോകത്തിലുള്ള ജനങ്ങളില്‍ ഓരോ ആയിരം പേര്‍ക്കും എട്ടുപേര്‍വീതം ഒരു വര്‍ഷം മരിക്കുന്നുണ്ട്. ഈ കണക്കുവച്ച് നോക്കുമ്പോള്‍ ഏകദേശം 553 ലക്ഷംപേര്‍ ആണ് ഒരുവര്‍ഷം മരിക്കുന്നത്. ഒരു ദിവസം ലോകത്തില്‍ ഏകദേശം 1,52,000 പേരും ഓരോ മിനിട്ടിലും 105 പേരുംവച്ച് മരിക്കുന്നുണ്ട്.
മരിക്കുന്ന ഓരോ മനുഷ്യനും ഉടന്‍തന്നെ ദൈവം നടത്തുന്ന തനതുവിധിയിലൂടെ കടന്നുപോകണം. വിധിക്കുന്ന സമയത്ത് ഓരോ മനുഷ്യനും ചെയ്ത നന്മകളും സുകൃതങ്ങളും പുണ്യപ്രവൃത്തികളും പരോപകാര പ്രവൃത്തികളുമെല്ലാം ദൈവം പരിഗണിക്കുന്നു. അതോടൊപ്പം ഓരോ വ്യക്തി ചെയ്ത ക്ഷമിക്കപ്പെടാത്ത പാപങ്ങളും ദൈവം പരിഗണിക്കും. ഇതിനും പുറമേ, ഓരോ വ്യക്തിയുടെയും ക്ഷമിക്കപ്പെട്ട പാപങ്ങളുടെ കാലികശിക്ഷയും ദൈവം പരിഗണിക്കുന്നു. ഇതെല്ലാം പരിഗണിച്ച് വിധിക്കുമ്പോള്‍ നേരിട്ട് സ്വര്‍ഗത്തില്‍ പോകാന്‍ മാത്രം വിശുദ്ധര്‍ എത്രപേര്‍ ഉണ്ടാകും? എത്രപേര്‍ നരകത്തിലേക്ക് പോകും? സ്വര്‍ഗത്തിലും നരകത്തിലും പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ളവരെല്ലാം ശുദ്ധീകരണസ്ഥലത്തേക്ക് അയക്കപ്പെടും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുവാന്‍ വേണ്ട വിവരങ്ങള്‍ ഒന്നും നമ്മുടെ പക്കല്‍ ഇല്ല. എങ്കിലും സ്വര്‍ഗത്തിലേക്ക് മരിച്ച ഉടനെ പോകാന്‍ നൂറുശതമാനം വിശുദ്ധി വേണമെന്നും നരകത്തില്‍ പോകാന്‍ ഗൗരവമായ പാപം വേണമെന്നുമുള്ള നമ്മുടെ അറിവുവച്ച് നമ്മള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന മൂന്ന് കാര്യങ്ങള്‍ താഴെ പറയുന്നു.

 •  ഒന്ന്, മരിച്ച ഉടന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും.
 • രണ്ട്, നരകത്തിലേക്ക് പോകുന്നവരുടെ എണ്ണം സാമാന്യം വലുതായിരിക്കും.
 • മൂന്ന്, ഭൂരിപക്ഷം പേരും ശുദ്ധീകരണസ്ഥലത്തേക്കായിരിക്കും അയക്കപ്പെടുക.
  ഇവരില്‍ സ്വര്‍ഗത്തില്‍ പോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല. നരകത്തില്‍ പോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഫലവും ഇല്ല. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തില്‍ ആയിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അവര്‍ക്കതിന്റെ ഗുണം കിട്ടും. ശുദ്ധീകരണസ്ഥലത്ത് ആയിരിക്കുന്നവര്‍ക്കുവേണ്ടി അവര്‍തന്നെ നടത്തുന്ന പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുകയില്ല. എന്നാല്‍ അവര്‍ക്കുവേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്ന ത്യാഗങ്ങളും ദൈവം സ്വീകരിച്ച് അവരെ വേഗത്തില്‍ സ്വര്‍ഗത്തില്‍ എത്തിക്കും.
  സാധാരണ വിശ്വാസികളെ സംബന്ധിച്ച് ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം അനിവാര്യമാണെന്ന് പറയാം. വളരെ കുറച്ച് ആത്മാക്കളേ നേരിട്ട് സ്വര്‍ഗത്തില്‍ എത്തുവാന്‍മാത്രം വിശുദ്ധിയില്‍ മരിക്കുന്നുള്ളൂ എന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ പറഞ്ഞിട്ടുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമേ ശുദ്ധീകരണസ്ഥലം കൂടാതെ രക്ഷപെടുന്നുള്ളൂവെന്ന് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ എഴുതിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേര്‍ മാത്രമേ ശുദ്ധീകരണസ്ഥലം കൂടാതെ രക്ഷപെടുകയുള്ളൂവെന്നും ശുദ്ധീകരണസ്ഥലത്തെ സഹനം നമ്മുടെ സങ്കല്‍പങ്ങള്‍ക്കും അപ്പുറമാണെന്നും വിശുദ്ധ ജോണ്‍ വിയാനി എഴുതിയിട്ടുണ്ട്.
  ശുദ്ധീകരണസ്ഥലത്തെ സഹനം കഠിനമാണ്. അവിടുത്തെ ഏറ്റവും ചെറിയ സഹനംപോലും ഈ ലോകത്തിലെ ഏറ്റവും കഠിനമായ സഹനത്തെക്കാളും വലുതാണെന്ന് വലിയ വിശുദ്ധരില്‍ പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ശുദ്ധീകരണാത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയും പരിത്യാഗവും വഴി സഹായിക്കുവാന്‍ കഴിയും. താഴെ പറയുന്ന വിധത്തിലൊക്കെ നമക്കവരെ സഹായിക്കാം. സഹായിക്കുക എന്നുവച്ചാല്‍, നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും പരിഹാര പ്രവൃത്തിയിലൂടെയും അവരുടെ സഹനത്തിന്റെ കാലഘട്ടം കുറച്ചുകൊടുത്ത് അവരെ സ്വര്‍ഗത്തില്‍ എത്തിക്കുവാന്‍ കഴിയും എന്നര്‍ത്ഥം.
  ഒന്ന്, ഗ്രിഗോറിയന്‍ കുര്‍ബാന സമര്‍പ്പിക്കുക. ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാവിനെ സമര്‍പ്പിച്ച് മുപ്പത് ദിവസം മുടക്കം കൂടാതെ കുര്‍ബാന ചൊല്ലുന്നതാണ് ഗ്രിഗോറിയന്‍ കുര്‍ബാന.
  രണ്ട്, ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുക. ഒന്നോ അതിലധികമോ കുര്‍ബാന ഇങ്ങനെ ചൊല്ലിക്കാന്‍ കഴിയും. മരിച്ചുപോയ ഒരാള്‍ക്കുവേണ്ടിയോ എല്ലാ ശുദ്ധീകരണാത്മാക്കള്‍ക്കുംവേണ്ടിയോ ഇങ്ങനെ കുര്‍ബാന ചൊല്ലിക്കാം.
  മൂന്ന്, ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി കുര്‍ബാനകള്‍ കാഴ്ചവയ്ക്കുക. നമ്മള്‍ പങ്കെടുക്കുന്ന കുര്‍ബാനകളില്‍ നാം പലതരം നിയോഗങ്ങള്‍ സമര്‍പ്പിക്കാറുണ്ടല്ലോ. അതില്‍ ഒരു നിയോഗം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി സമര്‍പ്പിക്കാം. അപ്പോള്‍ നമ്മള്‍ പങ്കെടുക്കുന്ന ഓരോ ബലിയും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടികൂടി കാഴ്ചവയ്ക്കാന്‍ നമുക്ക് കഴിയും.
  നാല്, മരിച്ചവരുടെ പാപപരിഹാരാര്‍ത്ഥം പ്രാര്‍ത്ഥിക്കുക. ഇതിനുപുറമേ വ്യക്തിപരമായും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയണം. അതിനായി കൊന്ത, കരുണക്കൊന്ത എന്നിവയൊക്കെ ചൊല്ലാം.
  അഞ്ച്, മരിച്ചവര്‍ക്കുവേണ്ടി പരിത്യാഗപ്രവൃത്തികളും പരോപകാര പ്രവൃത്തികളും ചെയ്യുക.
  ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ സഭ മാറ്റിവച്ച മാസമാണ് നവംബര്‍. ഈ മാസം പ്രത്യേകമായി നമുക്ക് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. മേല്‍പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ ചെയ്ത് അനേക ശുദ്ധീകരണാത്മാക്കളെ വേഗത്തില്‍ സ്വര്‍ഗത്തില്‍ എത്തിക്കാം. നവംബര്‍മാസം കഴിയുമ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പരിത്യാഗ പ്രവൃത്തികളും നമ്മള്‍ നിര്‍ത്തുകയുമരുത്. നമ്മള്‍ ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മാതൃക കാണിച്ചുകൊടുത്താല്‍, നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ നമുക്കും കൂടുതല്‍ പ്രാര്‍ത്ഥന കിട്ടും നമ്മളും കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തിലെത്തും.

ഫാ. ജോസഫ് വയലില്‍ CMI