ഷംഷാബാദ് രൂപത ഉദ്ഘാടനം ഇന്ന്, മാർ. റാഫേൽ തട്ടിൽ പ്രഥമ ഇടയൻ

0
321

ഹൈദരാബാദ്: ഭാരതത്തിൽ സീറോ മലബാർ സഭയ്ക്ക് രൂപതകൾ ഇല്ലാത്ത പ്രദേശങ്ങൾക്കായി തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ രൂപീകരിച്ച ഷംഷാബാദ്
രൂപതയുടെ ഉദ്ഘാടനവും മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ബാലാപൂരിലെ സാന്തോം നഗറിലെ സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതിന് നടക്കുന്ന തിരുക്കർമങ്ങളിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.

വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സെക്രട്ടറി റവ. ഡോ. സിറിൾ വാസിൽ എസ്ജെ, ഹൈദരാബാദ് ആർച്ച്ബിഷപ് ഡോ. തുമ്മ ബാല എന്നിവർ സഹകാർമികരാകും. തിരുക്കർമ്മങ്ങൾക്കും സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാർ റാഫേൽ തട്ടിൽ ദിവ്യബലി അർപ്പിക്കും. സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകുക.

നാല് വർഷമായി ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള നൂറോളം മിഷൻ കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു മാർ റാഫേൽ തട്ടിൽ. രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് ഷംഷാബാദും തമിഴ്നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാർ സഭയ്ക്ക് വത്തിക്കാൻ പുതിയ രൂപതകൾ പ്രഖ്യാപിച്ചത്.