സംതിംഗ് സ്‌പെഷൽ ക്രിസ്മസ്: കോപ്പേൽ ഇടവകയ്ക്ക് അഭിനന്ദന പ്രവാഹം

0
1357
കൊപ്പേൽ: ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷം അവിസ്മരണീയമാക്കാൻ കൊപ്പേൽ ഇടവക ഇത്തവണ വിശ്വാസികൾക്ക് കൈമാറിയത് സംതിംഗ് സ്‌പെഷൽ ഗിഫ്ട്! അവിസ്മരണീയ ആഘോഷത്തിനപ്പുറം അർത്ഥപൂർണമായി ക്രിസ്മസ് ആഘോഷിക്കാനുള്ള ഓർമപ്പെടുത്തൽ നൽകുന്ന മ്യൂസിക്കൽ തിയറ്റർ ഷോയായിരുന്നു ആ സമ്മാനം.
പാപത്തിന്റെ അടിമത്വത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കാൻ പിറന്ന ഉണ്ണിയേശു ഓരോ ക്രിസ്മസിനും പകരുന്നത് പാപബന്ധനങ്ങളിൽനിന്ന് മോചനം നേടണമെന്ന സന്ദേശമാണ്. പരിശുദ്ധാത്മാവിന്റെ  ശക്തി ലഭിക്കുമ്പോൾമാത്രമേ ബന്ധനത്തിൽനിന്ന് മോചിതരാകാൻ മനുഷ്യനു കഴിയൂ. ഇതിനു അനുതാപവും പ്രാർത്ഥനയും വേണം.
ഈ മഹാസന്ദേശം നൽകി കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക ഒരുക്കിയ ‘ചങ്ങലകളിൽ നിന്ന് ചിറകുകളിലേക്ക്’ എന്ന ദൃശ്യശ്രാവ്യ വിസ്മയത്തിന് വലിയ സ്വാകാര്യതയാണ് ലഭിച്ചത്. ക്രിസ്മസ് തലേന്ന് സെന്റ് അൽഫോൻസാ ഹാളിലായിരുന്നു ഒരു മണിക്കൂർ നീണ്ട ഷോ അരങ്ങേറിയത്.
വികാരി ഫാ. ജോൺസ്റ്റി തച്ചാറയായിരുന്നു രചനയും സംവിധാനവും. കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ 100ൽപ്പരം പേരുടെ ഒരു മാസത്തെ പരിശീലനത്തിനു ശേഷമായിരുന്നു ഡ്രാമ സ്റ്റേജിലെത്തിച്ചത്. ആഗ്രഹിച്ചിട്ടും പാപത്തിൽനിന്ന് മോചിതരാകാൻ കഴിയാത്തവരുടെ പരിതാപകരാവസ്ഥയും അനുതപിക്കുന്നവർക്ക് രക്ഷയേകാൻ ദൈവപുത്രൻ കൂടെയുണ്ടെന്ന ബോധ്യവും പകരുന്നതിനൊപ്പം കുമ്പസാരമെന്ന കൂദാശയുടെ പുണ്യവും വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച ഏകജാതന്റെ മഹത്വവും സ്റ്റേജിൽ ദർശിച്ചപ്പോൾ വിശ്വാസികൾക്കു ഹൃദ്യാനുഭവമായി.
ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണത്തിന്റെ ഭാഗമായായിരുന്നു ഇടവകയിൽ അരങ്ങേറിയ ഈ പരിപാടി. ശീതൾ സെബിൻ, റെനി സാബു എന്നിവർ കൊറിയോഗ്രാഫിക്കും ഷെല്ലി വടക്കേക്കര, ജോർജ് പുളിക്കൽ, ഷാജി ആലപ്പാട്ട് എന്നിവർ ശബ്ദ- വെളിച്ച വിന്യാസത്തിനും നേതൃത്വം വഹിച്ചു.
മാർട്ടിൻ വിലങ്ങോലിൽ