‘സദ്‌വാർത്തയുടെ അമ്മ’ ഈ മണ്ണിലെ നമ്മുടെ ശക്തി കേന്ദ്രം

വാൽഷിഹാമിലേക്ക് ഇനിയും അനേകം വിശ്വാസികൾ ഒഴുകട്ടെ. മാതൃഭക്തിവഴി ഈ രാജ്യം യേശുവിലേക്കു തിരിയട്ടെയെന്ന് നമുക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം... തിരുനാൾ കോർഡിനേറ്ററും ഈസ്റ്റ് ആംഗ്ലീയ സീറോ മലബാർ ചാപ്ലൈയിനുമായ ഫാ. ടെറിൻ മുള്ളക്കര എഴുതുന്നു

297

വാൽഷിഹാം മാതാവിന്റെ അനുഗ്രഹവർഷം യാചിച്ച് സീറോ മലബാർ വിശ്വാസികൾ നടത്തിവരുന്ന മരിയൻ തീർത്ഥാടനം 11^ാം വാർഷത്തിൽ എത്തിനിൽക്കുന്ന ഈ വേളയിൽ, തീർത്ഥാടനം വഴിയായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പരിശുദ്ധ അമ്മ ചൊരിഞ്ഞ എല്ലാ നന്മകൾക്കും നന്ദിയർപ്പിക്കാം. പതിനൊന്നു വർഷംമുമ്പ് ബഹുമാനപ്പെട്ട ഫാ. കാനൻ മാത്യു വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തിൽ ഒരു എളിയ തുടക്കത്തിന്റെ കൈവരിയായിരുന്നു ഈ തീർത്ഥാടനമെങ്കിൽ ഇന്ന് അത് നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഒരു നദിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിനെ കൈപിടിച്ചുയർത്തിയ എല്ലാ സുമനസുകളെയും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടനിൽ രൂപംകൊണ്ട സീറോ മലബാർ രൂപത ഒരു ഇടയനു കീഴിൽ ഒന്നിക്കുന്ന ആദ്യ മരിയൻ തീർത്ഥാടനം എന്ന നിലയിൽ, ഈ വർഷത്തെ തീർത്ഥാടനം ചരിത്രത്തിൽ നാഴികക്കല്ല് കുറിക്കുമെന്നതിൽ സംശയമില്ല. ഒരു കുടുംബത്തിൽ മക്കളെ ഒന്നിപ്പിക്കുന്ന ചാലകശക്തി അമ്മയെങ്കിൽ, പരിശുദ്ധ അമ്മയുടെ സ്മരണാർത്ഥം നടത്തുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ പ്രവർത്തനങ്ങൾക്കു ഊടും പാവും നൽകാൻ ഉതകുന്നതാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിൽ ഒരു ചൊല്ലുണ്ട് ‘എപ്പോൾ ഇംഗ്ലണ്ട് വാൽഷിഹാമിലേക്ക് തിരിയുന്നോ, അപ്പോൾ മേരി ഇംഗ്ലണ്ടിലേക്ക് വരും.’ മലയാളികൾ പൊതുവെ മാതൃഭക്തരാണ്. നമ്മെയും വരുംതലമുറകളെയും ഇംഗ്ലണ്ടിൽ ഒന്നിച്ചുനിർത്തുന്ന പ്രധാനശക്തി പരിശുദ്ധ അമ്മയാകട്ടെ. ‘ഇംഗ്ലണ്ടിന്റെ നസ്രത്ത്’ എന്നറിയപ്പെടുന്ന വാൽഷിഹാംമിലേക്ക് ഇനിയും അനേകം വിശ്വാസികൾ ഒഴുകട്ടെ. മാതൃഭക്തിവഴി ഈ രാജ്യം യേശുവിലേക്കു തിരിയട്ടെ എന്നു നമുക്കോരോരുത്തർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം.