സഭയുടെ വിശ്വാസ്യത വീണ്ടെടുക്കണം; യുഎസ് ബിഷപ്പുമാർക്ക് പാപ്പയുടെ കത്ത്

0
1481

വത്തിക്കാൻ സിറ്റി: യുഎസിലെ കത്തോലിക്കാസഭയുടെ വിശ്വാസ്യതയും സത്യസന്ധതയും വീണ്ടെടുക്കാൻ മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന് ഫ്രാൻസിസ് പാപ്പ. യുഎസിലെ ബിഷപ്പുമാർക്കുള്ള ധ്യാനത്തിന് മുന്നോടിയായി എഴുതിയ കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പേപ്പൽ ധ്യാനഗുരു റവ. ഡോ. റെനേറോ കന്തലമെസ്സെയാണ് ചിക്കാഗോയിൽ പുരോഗമിക്കുന്ന ധ്യാനത്തിന് നേതൃത്വം വഹിക്കുന്നത്.

ലൈംഗികപീഡന വിവാദങ്ങൾ സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാലഘട്ടമാണിത്. സഭ അഭിമുഖീകരിക്കുന്ന വിവാദങ്ങളെ നിയമപരമായി നേരിടുന്നതിലുപരി സാഹോദര്യത്തിലൂടെയും മാനസാന്തരത്തിലൂടെയും നേരിടാൻ തയ്യാറാകണം. ഈ സാഹചര്യങ്ങളെ ഒരുമയോടെ മറികടക്കാനുള്ള മനോഭാവം എല്ലാവർക്കുമുണ്ടാകണം. എങ്കിൽ മാത്രമേ സഭയുടെ മുറിവുകൾ ഉണങ്ങുകയുള്ളു, പാപ്പ കൂട്ടിച്ചേർത്തു.

പ്രാർത്ഥനയിലും അധികാരത്തിലും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലും ഒക്കെ മനോഭാവത്തിൽ മാറ്റം വരുത്തണം. അതുവഴി പാപമാലിന്യങ്ങളെ പരിമിതപ്പെടുത്താനുള്ള ദൈവ ചൈതന്യം നേടിയെടുക്കണം. സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർണ്ണായകമായതും നവീകരിക്കപ്പെടുന്നതുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയണമെന്നും പാപ്പ കത്തിൽ വ്യക്തമാക്കി. ബിഷപ്പുമാരുടെ കൂട്ടായ്മകൾക്ക് വിശ്വാസ്യത വീണ്ടെടുക്കാൻ സാധിക്കും. വിശ്വാസ്യതയാണ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഫലവും. അതുകൊണ്ടുതന്ന വിശ്വാസ്യത കാത്തുസംരക്ഷിക്കുന്നതിൽ സഭാ ജാഗരൂകരായിരിക്കണം.

ധ്യാനത്തിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള തന്റെ വിഷമവും ക്ഷമയും പാപ്പ എഴുത്തിൽ പങ്കുവെച്ചു. സഭ അഭിമൂഖികരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കൃപയും ചൂഷണത്തിനെതിരെയുള്ള ശക്തിയും ബിഷപ്പുമാർക്ക് ധ്യാനത്തിലൂടെ ലഭിക്കട്ടെയെന്നും പാപ്പ കത്തിലൂടെ ആശംസിച്ചു.