സഭാ ജീവിതത്തിന്റെ ഹൃദയവും ഉറവിടവും വിശുദ്ധ കുർബാനയാണ്

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഒരു പ്രധാന ഊന്നൽ വിശ്വാസികൾക്ക് നൽകേണ്ട ആരാധനാക്രമമനുസരിച്ചുള്ള രൂപീകരണം സംബന്ധിച്ചായിരുന്നു. ആരാധനാക്രമ നവീകരണത്തിലൂടെ വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ കൂടുതൽ സജീവമായ പങ്കാളിത്തത്തിന് കൗൺസിൽ ആഹ്വാനംചെയ്തു. അതനുസരിച്ച് ദൈവജനത്തെ പഠിപ്പിക്കണം. അടുത്തനാളിൽ ഫ്രാൻസിസ് പാപ്പ പൊതുദർശനവേളയിൽ നൽകിയ സന്ദേശത്തിന്റെ ചില തലങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.

0
187

കാലഘട്ടത്തിന്റെ വിസ്മയമെന്ന് വിളിക്കാനാവുന്ന വിധം ലോകം കാതോർക്കുന്ന ശബ്ദമായി ഫ്രാൻസിസ് പാപ്പ മാറിക്കഴിഞ്ഞു. കരുണയുടെ മുഖമായികൊണ്ടാണ് മനുഷ്യമനസുകളിൽ പാപ്പ ചേക്കേറിയത്. ആഗോള കത്തോലിക്കാസഭയുടെ തലവനെന്ന നിലയിൽ ഏതൊരവസരത്തിലും തന്റെ പ്രബോധനാധികാരം ഉപയോഗിക്കുന്നതിൽ പാപ്പ ഏറെ ശ്രദ്ധാലുവാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് അങ്കണത്തിൽ സമ്മേളിക്കുന്ന പ്രതിവാര പൊതുപ്രേഷകർക്ക് ഫ്രാൻസിസ് പാപ്പ നൽകിവരുന്ന മതബോധനപരമ്പര അതിന് ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ പതിനഞ്ച് സമ്മേളനങ്ങളിൽ നൽകിയ വിചിന്തനങ്ങൾ വിശ്വാസികൾക്കും തീർത്ഥാടകർക്കും വിശുദ്ധകുർബാനയോട് സ്‌നേഹവും അടുപ്പവും സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതായിരുന്നു.
ഭയുടെ ആരാധനാക്രമത്തിലും നമ്മുടെ ദൈനംദിനജീവിതത്തിലും ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. സഭയുടെ ഹൃദയവും ജീവന്റെ ഉറവിടവും വിശുദ്ധകുർബാനയാണ്. ദിവ്യകാരുണ്യത്തെ സംരംക്ഷിക്കുന്നതിനിടയിൽ എത്ര പേരാണ് രക്തസാക്ഷികളായത്. യേശുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കുചേരുന്നതിലൂടെ മരണത്തിൽനിന്നും ജീവനിലേക്ക് അവനോടൊപ്പം പ്രവേശിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനം അവരുടെ സാക്ഷ്യജീവിതം നമ്മെ ഓർമിപ്പിക്കുന്നു. ഓരോ വിശുദ്ധ കുർബാനയർപ്പണ നിമിഷത്തിലും കിസ്തുവിന്റെ കുരിശിലെ ത്യാഗത്തോട് ചേർന്നുകൊണ്ട് ലോകത്തിന്റെ രക്ഷക്കുവേണ്ടി പിതാവായ ദൈവത്തിന് പ്രസാദകരവും സ്വീകാര്യവുമായ കൃതജ്ഞതാബലിയും സ്തുതിയുമാണ് നമ്മൾ അർപ്പിക്കുന്നത്.
ണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഒരു പ്രധാന ഊന്നൽ വിശ്വാസികൾക്ക് നൽകേണ്ട ആരാധനാക്രമമനുസരിച്ചുള്ള രൂപീകരണം സംബന്ധിച്ചായിരുന്നു. ആരാധനാക്രമ നവീകരണത്തിലൂടെ വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ കൂടുതൽ സജീവവും ഫലദായകവുമായ പങ്കാളിത്തത്തിന് കൗൺസിൽ ആഹ്വാനം ചെയ്തു. അതനുസരിച്ച് ദൈവജനത്തെ പഠിപ്പിക്കണം. പാപ്പ നൽകിയ സന്ദേശത്തിന്റെ ചില തലങ്ങൾ പരാമർശിക്കാം.
ആദ്യത്തെ അൾത്താര
രോ വിശുദ്ധ കുർബാനയും കുരിശിൽ മുദ്ര ചെയ്യപ്പെട്ട പുതിയ ഉടമ്പടിയിലെ ആദ്യത്യാഗത്തെക്കുറിച്ചുള്ള അനുസ്മരണമാണ്. വിശുദ്ധ കുർബാനയുടെ ആരാധനാക്രമ പ്രാർത്ഥനകളിൽ തിരുസഭ കൃത്യമായും വ്യക്തമായും ക്രിസ്തുവിന്റെ പീഡാനുഭവരഹസ്യങ്ങളെ അനുസ്മരിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയിൽ അൾത്താരയെ സമീപിക്കുമ്പോൾ കുരിശാകുന്ന അൾത്താരയിലേക്ക് ഓർമകൾ എത്തണം. കാരണം, കാൽവരിയിലെ കുരിശിലാണ് ആദ്യ അൾത്താര ദർശിക്കേണ്ടത്.
പ്പവും വീഞ്ഞും വാഴ്ത്തി ഉയർത്തി പ്രാർത്ഥിച്ച് വിശ്വാസികൾക്ക് വിശുദ്ധ കുർബാനയായി നൽകപ്പെടുന്നു. അൾത്താരയിലേക്ക് കൊണ്ടുവരുന്ന സമ്മാനങ്ങൾക്കും വസ്തുക്കൾക്കുമൊപ്പം നമ്മുടെ ജീവിതങ്ങളെ തന്നെ ആത്മീയ കാഴ്ചവസ്തുവായി സമർപ്പിക്കണം. അപ്പോൾ പിതാവായ ദൈവം കുരിശിൽ പുത്രനെ ഉയർത്തിയതുപോലെ നമ്മുടെ ജീവിതങ്ങളും പരിശുദ്ധാത്മാവിൽ നവീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു.
വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഉയർത്തിയതിനുശേഷം എല്ലാവരും ചേർന്ന് ഈ കാഴ്ചവസ്തുക്കൾ സ്വീകരിക്കണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ മഹത്തരമായ വിനിമയം സംഭവിക്കുന്നു. ദൈവത്തിന്റെ മഹത്വവും മനുഷ്യന്റെ നിസാരതയും തമ്മിലുള്ള കൈമാറ്റമാണ് സംഭവിക്കുന്നത്. പിതാവായ ദൈവത്തിന് ഹിതകരമായ വിധത്തിൽ ക്രിസ്തുവിൽ നമ്മുടെ ജീവിതങ്ങളും അവിടെ രൂപാന്തരപ്പെടുകയാണ്. നമ്മുടെ അനുദിന ജീവിതവും ബന്ധങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും അവിടെ അർപ്പിക്കപ്പെടുകയാണ്.
ജീവിതം കുർബാനയാവണം
ആത്മീയമായ അർത്ഥത്തിൽ ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിതം തന്നെയാണ്. അനുദിന ജീവിതത്തിൽ ഈ നന്ദിയും യാഗവും അനുരഞ്ജനവും സംഭവിക്കണം. അപ്പോൾ ജീവിതം ദൈവകൃപയുടെ ഒഴുക്കിന്റെ നേർക്കാഴ്ചയായി മാറുന്നു. ഈ തലത്തിലേക്ക് നമ്മൾ സാവധാനം എത്തിചേരുന്നു. പരിശുദ്ധാന്മാവിൽ ക്രിസ്തുവിന്റെ മൗതികശരീരത്തോട് നമ്മളെത്തന്നെ ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ ജീവിതം മുഴുവനായും പിതാവായ ദൈവത്തിനുള്ള മധ്യസ്ഥ പ്രാർത്ഥനയായി മാറുന്നു. ഓരോ വിശുദ്ധ കുർബാനയിലും വിശ്വാസത്തിന്റെ രഹസ്യങ്ങളിലേക്ക് നമ്മൾ പരിപൂർണമായി പ്രവേശിക്കുന്നു.
വിശുദ്ധ കുർബാനയിലെ സ്‌തോത്രയാഗ പ്രാർത്ഥനകളുടെ തനിമയും വൈശിഷ്ട്യവും നമ്മൾ മനസിലാക്കണം. അന്ത്യ അത്താഴവേളയിൽ ശ്ലീഹന്മാരോടൊപ്പം ഈശോ പിതാവായ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അപ്പമെടുത്ത് വാഴ്ത്തി. വീഞ്ഞ് എടുത്ത് ഉയർത്തുമ്പോഴും അതുതന്നെ ചെയ്തു. നമ്മളർപ്പിക്കുന്ന ഓരോ വിശുദ്ധ കുർബാനയിലും കൃതഞ്ജതയുടെ ഈ നിമിഷങ്ങൾ പുനർജീവിക്കുന്നു. ഓരോ രക്ഷാകര ബലിയിലും ഈ നന്ദിപ്രകാശനം തുടരുന്നു.
ല്ലാ കുദാശകളും ദൈവത്തെ കണ്ടുമുട്ടുവാനുള്ള മനുഷ്യന്റെ ആവശ്യവുമായി ചേർന്നുപോകുന്നവയാണ്. ഇവയിൽ വിശുദ്ധ കുർബാന പ്രത്യേകമായ വിധം സഹായിക്കുന്നു. കാരണം, വിശുദ്ധ കുർബാനയിൽ എല്ലാവരുടെയും ജീവിതത്തിന് ആവശ്യമുള്ളത് പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങളുടെ ഹൃദയങ്ങളെ ഉയർത്തൂ എന്നാണ് വിശുദ്ധ കുർബാന മധ്യേ പ്രാർത്ഥിക്കുന്നത്. അല്ലാതെ സെൽഫോണുകളെ ഉയർത്തൂ എന്നല്ല. ഈ ബസലിക്കയിൽ ഞാൻ ബലിയർപ്പിക്കുമ്പോൾ ഉയർത്തിപ്പിടിച്ച സെൽഫോണുകൾ കാണുന്നത് എന്നെ ദുഖിതനാക്കുന്നു. കാരണം, മൊബൈൽ ഫോട്ടോ എടുക്കാൻ വിശുദ്ധ കുർബാന കലാപരിപാടിയല്ല. ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ പിതാവായ ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം നൽകി ക്രിസ്തുവിൽ നന്ദിയോടെ അർപ്പിക്കുന്ന മഹത്തായ നിമിഷങ്ങളാണ് വിശുദ്ധ കുർബാന.
ത് കേവലം ആത്മീയവിരുന്ന് മാത്രമല്ല. ക്രിസ്തു നമ്മുടെ അടുത്തേക്ക് വരുന്നു, നമ്മളിലേക്ക് ഒന്നാവുന്നു. അത് കൗദാശികമായ കൂടിച്ചേരലാണ്. വിശുദ്ധ കുർബാന സ്വീകരണം ഒരു ആത്മീയ കൂട്ടായ്മ മാത്രമല്ല, ക്രിസ്തുവിനോടും ക്രിസ്തുവിന്റെ സഭയോടുമുള്ള കൗദാശിക ഐക്യവും കൂടിയാണ്. വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം മൗനമായി നിശബ്ദതയിൽ ചിലവഴിക്കുന്ന സമയം, സ്വീകരിച്ച ദിവ്യകാരുണ്യത്തോട് ഒന്നിച്ചുചേരുന്ന നിമിഷങ്ങളാണ്. തുടർന്ന് ഈ സ്വർഗീയവിരുന്നിൽ പങ്കുകാരാക്കിയതിന് കാർമികനോടൊപ്പം ദൈവത്തിന് നമ്മൾ നന്ദി പറയുന്നു..
മ്മൾ എന്തു സ്വീകരിക്കുന്നുവോ അതായിതീരുന്നു. കുർബാന സ്വീകരിക്കുന്നതിലൂടെ നമ്മളും കുർബാനയായി മാറുകയാണ് അഥവാ അതിനായി നമ്മളെതന്നെ അനുവദിക്കലാണ് സംഭവിക്കേണ്ടത്. സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരോടും ക്രിസ്തുവിൽ ഒന്നാവണം. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ, ഓരോ തവണയും വിശുദ്ധ കുർബാനയെ സമീപിക്കുന്നതുവഴി നമ്മൾ കുടുതലായി ക്രിസ്തുവിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. അപ്പോൾ ജീവിക്കുന്ന ദിവ്യകാരുണ്യമായി നമ്മൾ മാറുന്നു.
ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന
കുർബാനമധ്യേ ചൊല്ലുന്ന സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ഏറ്റവും വലിയ സവിശേഷത ക്രിസ്തുതന്നെയാണ് അത് പഠിപ്പിച്ചത് എന്നതാണ്. തന്മൂലം ഇത് മറ്റനേകം പ്രാർത്ഥനകൾക്കിടയിലുള്ള ഒരു പ്രാർത്ഥനയല്ല. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ദൈവത്തെ പിതാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. അതുകൊണ്ട് അത് ദൈവമക്കളുടെ പ്രാർത്ഥനയാണ്. ഈ പ്രാർത്ഥനയിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാൻ ഈശോ പഠിപ്പിക്കുന്നു.
വിശുദ്ധ കുർബാനയിൽ മാത്രമല്ല, സഭയുടെ ഔദ്യാഗിക പ്രാർത്ഥനകളിലും ഈ പ്രാർത്ഥന ഉപയോഗിക്കാറുണ്ട്. അതിലൂടെ ദിവസം മുഴുവൻ പുലർത്തേണ്ട ക്രൈസ്തവ സ്വഭാവം സഭ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ മനോഭാവവും മറ്റുള്ളവരോടുള്ള ബന്ധവും വിലയിരുത്താൻ ഈ പ്രാർത്ഥന സഹായിക്കുന്നു.
വിശ്വാസപ്രമാണം
വിശ്വാസപ്രമാണം എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും സാർവത്രിക പ്രാർത്ഥനയാണ്. ഒരു വിശ്വാസസമൂഹമെന്ന നിലയിൽ കേൾക്കപ്പെട്ട വചനത്തോടുള്ള കൂട്ടായ പ്രതികരണമാണ് വിശ്വാസപ്രമാണം.
വിശ്വാസം കുദാശകളിലേക്ക് നയിക്കുന്നു. വിശ്വാസപ്രമാണം കുദാശകളായ ജ്ഞാനസ്‌നാനവും വിശുദ്ധ കുർബാനയും തമ്മിൽ ബന്ധിപ്പിക്കുന്നു. അങ്ങനെ സഭയുടെ ആരാധനാക്രമത്തിൽ വചനവും വിശുദ്ധ കുർബാനയും തമ്മിൽ വിശ്വാസപ്രമാണത്തിലൂടെ ബന്ധിപ്പിക്കുന്നു.
ദൈവവചനത്തിന്റെ നിധി
ദൈവവചനശ്രവണം വിശുദ്ധ കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. ദൈവത്തെ ശ്രവിക്കുവാനും ദൈവം നമുക്കായി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഇനിയും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളാണ് നമ്മൾ വചനത്തിലൂടെ ശ്രവിക്കുന്നത്. അതുകൊണ്ട് അശ്രദ്ധമായി അവിടെയുമിവിടെയും നോക്കിയിരുന്നോ മറ്റെന്തെങ്കിലും സംസാരിച്ചുകൊണ്ടോ അലക്ഷ്യമായി ആ സമയം ചിലവഴിക്കരുത്.
ചന വായനക്കുശേഷം നിശബ്ദതയുടെ നിമിഷങ്ങളുണ്ടാവണം. ശ്രോതാക്കളുടെ ആത്മാവിൽ വചനം വിത്തുപാകുന്ന സമയമാണത്. വിശ്വാസം ജനിക്കുന്നത് വെറും ഭാവനാ സൃഷ്ടിയായിട്ടല്ല. കേൾവിയും വിശ്വാസവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പൗലോസ് അപ്പസ്‌തോലൻ ഓർമിപ്പിക്കുന്നതുപോലെ, വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഘോഷണത്തിൽനിന്നുമാണ്. അതിനാൽ വിശ്വാസികൾക്ക് നന്നായി വായിക്കപ്പെട്ടതും വിശദീകരിക്കപ്പെട്ടതുമായ വചനസന്ദേശത്തിന് അവകാശമുണ്ട്. അതുകൊണ്ട് അത് നൽകുന്നവർ വ്യക്തിപരമായി പ്രാർത്ഥിച്ച് തീഷ്ണമായ രീതിയിൽ തയാറെടുപ്പുകൾ നടത്തി ഹ്രസ്വവും പക്വവുമായ രീതിയിൽ വേണം സന്ദേശം നൽകേണ്ടത്.
പുതിയ വ്യക്തിയായി തിരിച്ചുപോകണം
വിശുദ്ധ കുർബാനക്കുശേഷം വന്നതുപോലെതന്നെയാണ് തിരിച്ചുപോവുന്നതെങ്കിൽ വിശുദ്ധ കുർബാന നമ്മുടെ ഉള്ളിൽ പ്രവേശിച്ചിട്ടില്ല. ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുക്കുന്നത് ആഴ്ചയിൽ ഒരിക്കൽ അനുഷ്ഠിക്കേണ്ട കടമയായി മാത്രം നടത്തുകയാണെങ്കിൽ പ്രയോജനമില്ല. വിശുദ്ധ കുർബാന അവസാനിക്കുന്ന നിമിഷം മുതൽ ക്രൈസ്തവസാക്ഷ്യം ആരംഭിക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കുരിശടയാളം വരച്ചുകൊണ്ടാണ് വിശുദ്ധ കുർബാന ആരംഭിക്കുന്നത്. അവസാനിക്കുന്നത് വൈദികനിലൂടെ കുരിശടയാളത്താൽ ദൈവജനത്തെ ആശിർവദിച്ചുകൊണ്ടാണ്. അതുപോലെതന്നെയാവണം ഓരോ ദിനവും ജീവിതവും തുടങ്ങേണ്ടത്.
രുവന് ക്രിസ്തുശിഷ്യനായിരിക്കാൻ മൂന്ന് സമീപനങ്ങൾ ആവശ്യമാണ്. അതിൽ ആദ്യത്തേത്, നന്ദി പറയുക എന്നതാണ്. നമ്മുടെ ജീവിതം മുഴുവൻ സ്‌നേഹത്തിന്റെ ദാനമാകാൻ പഠിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്, ഐക്യത്തിൽ സഭയിലും സമൂഹത്തിലും മാനവരാശി മുഴുവനും കൂട്ടായ്മയിലുള്ള ബന്ധം സുദൃഢമാക്കുക എന്നതാണ്. ഇതുതന്നെയാണ് ഓരോ വിശുദ്ധ കുർബാനയും നമ്മെ പഠിപ്പിക്കുന്നത്.
ഡോ. കൊച്ചുറാണി ജോസഫ്‌