സമർപ്പണത്തിന്റെ വഴിയേ സഞ്ചരിക്കുന്ന അല്മായ സ്ത്രീകൾ..

416

ഫിലാഡൽഫിയ: അഗതാ, ലൂസി, സിസീലിയാ, അലക്‌സാൺഡ്രിയയിലെ വിശുദ്ധ കാതറീൻ തുടങ്ങിയ വിശുദ്ധർ തിരഞ്ഞെടുത്ത പാതിയിലൂടെ യാണ് ജെന്നിഫർ ലിൻ സെറ്റിൽ ഇന്ന് സഞ്ചരിക്കുന്നത്. സമർപ്പിതരായ കന്യകകളുടെ കൂട്ടായ്മയിലേക്ക് ആർച്ച് ബിഷപ് ചാൾസ് ചാപുട്ടിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിലാണ് ജെന്നിഫറിനെ ഔദ്യോഗികമായി സ്വീകരിച്ചത്. ഈ കൂട്ടായ്മയിലേക്ക് കൂട്ടിചേർക്കപ്പെട്ടതോടെ ധാരാളം വിശുദ്ധരായ സ്ത്രീകൾ സഞ്ചരിച്ച പാതയിലേക്ക് ജെന്നിഫറും എത്തിയിരിക്കുകയാണ്.

സന്യാസജീവിതം സ്വീകരിക്കാതെ സമർപ്പിതാരായ കന്യകകളായി ജീവിതം നയിക്കുന്ന പാരമ്പര്യം ആദിമസഭയിൽ നിലനിന്നിരുന്നു. പിന്നീട് സഭയിൽ അന്യമായ ഈ ജീവിതക്രമം രണ്ടാം വത്തിക്കാൻ കൗൺസിലാണ് പുനഃസ്ഥാപിച്ചത്.
കത്തോലിക്ക വിശ്വാസിയായി ജനിച്ച ജെന്നിഫർ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ആത്മീയമായ അനുഭവത്തിലൂടെ കടന്നുപോയത്. തുടർന്ന് സഭയും ദൈവാലയവുമായി ബന്ധപ്പെട്ടായിരുന്നു ജെന്നിഫറിന്റെ ജീവിതം. സമർപ്പിതജീവിതവഴി തിരഞ്ഞെടുത്ത ധാരാളം നല്ല സന്യാസിനികളുമായി ജെന്നിഫറിന് സൗഹൃദമുണ്ടായിരുന്നെങ്കിലും ആ വഴി തിരഞ്ഞെടുക്കാൻ ജെന്നിഫറിന് തോന്നിയില്ല… അല്ല ദൈവം ജെന്നിഫറിനെ വിളിച്ചില്ല. എന്നെങ്കിലുമൊരിക്കൽ വിവാഹം കഴിക്കുമെന്ന് തന്നെയാണ് ജെന്നിഫർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സുഹൃത്തായ ഒരു വൈദികന്റെ പ്രഥമ ദിവ്യബലിയിൽ ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞപ്പോൾ ദൈവം ജെന്നിഫറിന്റെ ഹൃദയത്തോട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് വ്യക്തമായി സംസാരിച്ചു. ‘സമർപ്പിതയായ കന്യക’ എന്ന വാക്ക് കടന്ന് വന്നപ്പോൾ അതെന്താണെന്ന് മറ്റ് സാധാരണക്കാരെ പോലെ ജെന്നിഫറിനും അറിയില്ലായിരുന്നു.

പിന്നെ ഗൂഗിളിനോട് തന്നെ ‘ചോദിച്ചു’. അങ്ങനെ ഇന്റർനെറ്റിൽനിന്നാണ് നാഷണൽ അസോസിയേഷൻ ഫോർ കോൺസക്രേറ്റഡ് വിർജിൻസിനെക്കുറിച്ച് ജെന്നിഫർ അറിയുന്നത്. സന്യാസസഭാംഗങ്ങൾ സ്വീകരിക്കുന്ന വ്രതത്തിൽ നിന്ന് വ്യത്യസ്തമായി ഈ ജീവിതാന്തസ്സിൽ കന്യകാത്വം ദൈവത്തിന് വാഗ്ദാനം ചെയ്യുകയാണ് ചെയ്യുന്നത്. ഈ കാരിസത്തെക്കുറിച്ച് വായിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ആഴമായ ശാന്തതകൊണ്ട് ഹൃദയം നിറയുന്ന അനുഭവം ഉണ്ടായതായി ജെന്നിഫർ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയാണ് സന്യാസിനിയാവാതെ അൽമായ സമർപ്പിതയായി ജീവിക്കുന്ന ഈ കൂട്ടായ്മയിലേയ്ക്ക് ജെന്നിഫർ കടന്നുവരുന്നത്. ലോകത്തിലാകമാനമായി ഈ സമൂഹത്തിൽ 3000ത്തോളം അംഗങ്ങളുണ്ട്.